തീരദേശ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട്ട് നടപ്പിലാക്കിയത് 5.56 കോടിയുടെ ആറ് പദ്ധതികള്‍

Posted on: August 22, 2015 4:20 am | Last updated: August 21, 2015 at 10:20 pm
SHARE

കാസര്‍കോട്: മത്സ്യഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ജില്ലയില്‍ നടപ്പാക്കിയ 5.56 കോടി രൂപയുടെ ആറ് പദ്ധതികള്‍ സംസ്ഥാന ഫിഷറീസ് തുറമുഖ എക്‌സൈസ് വകുപ്പു മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട്ട് ആധുനിക മത്സ്യമാര്‍ക്കറ്റ്, കാഞ്ഞങ്ങാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പുതിയ കെട്ടിടം, ഷിറിയ-മംഗല്‍പ്പാടി റോഡ്, കോയിപ്പാടിയിലേയും ഉപ്പളയിലേയും മുസ്സോടിയിലേയും നെറ്റ് മെന്‍ഡിംഗ് യാര്‍ഡ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ജില്ലയില്‍ തീരേദേശ വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കുന്ന 36.16 കോടി രൂപയുടെ പദ്ധതികളില്‍ 12.15 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. 22.45 കോടി രൂപയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തുടനീളമുള്ള മത്സ്യഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടര കോടി രൂപ ചെലവില്‍ നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റിലെ ചില്ലറ വില്‍പന ബ്ലോക്കില്‍ മത്സ്യം ശുചിയായി വില്‍പ്പന നടത്താന്‍ സംവിധാനമുള്ള130 വിപണന സ്റ്റാളുകള്‍, ശീതീകരണ മുറി, ഫ്‌ളേക്ക് ഐസ് യൂണിറ്റ്, മലിനജല സംസ്‌കരണ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൂടാതെ, അഞ്ച് മൊത്ത വ്യാപാര സ്റ്റാളുകളോടു കൂടിയ ലേല ബ്ലോക്കും മാര്‍ക്കറ്റിലുണ്ട്. ദേശീയ മത്സ്യവികസന ബോര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന 78 കോടിരൂപയുടെ ആധുനിക മത്സ്യമാര്‍ക്കറ്റ് ശൃംഖലയില്‍ ഉള്‍പ്പെടുത്തിയാണ് കാസര്‍ഗോഡ് മാര്‍ക്കറ്റ് നിര്‍മിച്ചത്.
തീരദേശ ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ രൂപം നല്‍കിയ 54.72 കോടി രൂപയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാഞ്ഞങ്ങാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 1.39 കോടി രൂപ ചെലവിട്ട് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചത്. പുതിയ ഇരുനില ബ്ലോക്കില്‍ ക്ലാസ്മുറികളും സയന്‍സ് ലാബും ഓഫീസ്മുറികളും ഉള്‍പ്പെടുന്നു. കോയിപ്പാടിയിലേയും ഉപ്പളയിലേയും മുസ്സോടിലേയും നെറ്റ് മെന്‍ഡിംഗ് യാര്‍ഡുകള്‍ക്ക് 17.5 ലക്ഷം രൂപ വീതമാണ് ചെലവായത്. കുമ്പളയിലും ഷിറിയയിലും തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ലൈബ്രറി കം സബ് സെന്റര്‍, അങ്കണ്‍വാടി എന്നിവയുടെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. എംഎല്‍എമാരായ പി ബി അബ്ദുറസാഖ്, എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.