കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് പദ്ധതി നടത്തിപ്പിനെ ബാധിക്കും -മുഖ്യമന്ത്രി

Posted on: August 22, 2015 4:19 am | Last updated: August 21, 2015 at 10:19 pm
SHARE

ചെറുവത്തൂര്‍: വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.
ചെറുവത്തൂര്‍ മടക്കര കാവുംചിറ മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സഹായത്തോടെയുള്ള എല്ലാ പദ്ധതികള്‍ക്കും നേരത്തെ 75 ശതമാനം കേന്ദ്ര ഫണ്ടും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചുവന്നിരുന്നത്. എന്നാല്‍ ഇന്ന് കേന്ദ്ര വിഹിതം 40 ശതമാനമായി കുറക്കുകയും ബാക്കി 60 ശതമാനം ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കണ്ടത്തേണ്ട രീതിയിലാണ് കേന്ദ്ര നയം. ഈ നയം സംസ്ഥാനത്തെ വികസന പദ്ധതികളെയൊക്കെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തീരദേശ മേഖല പ്രത്യേക പരിഗണന അര്‍ഹിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ആ പരിഗണന മാനിച്ച് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫിഷറീസ് മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് വേണ്ടി സ്ഥലം അനുവദിച്ച എം ടി സി റഫീഖ്, കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എം എല്‍ എമാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സന്‍ വി ഗൗരി, പഞ്ചായത്ത് പ്രസിഡന്റുമാരായ എ ജി സി ബഷീര്‍, സി കാര്‍ത്യായനി, എം ബാലകൃഷ്ണന്‍, പി ശ്യാമള, എ വി രമണി, ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍, ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരന്‍, സി പി എം ജില്ല സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെശ്രീകാന്ത്, ജില്ല ബേങ്ക് പ്രസിഡന്റ് പി സി രാമന്‍, തുറമുഖ വികസന കമ്മിറ്റി ഭാരവാഹികളായഎ എ.റഹിം ഹാജി, മുനമ്പത്ത് ഗോവിന്ദന്‍, ബോട്ട് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് മൂത്തല്‍ കണ്ണന്‍, ജില്ല ലീഗ് വൈസ് പ്രസിഡന്റ് എ എം ശംസുദ്ദീന്‍ ഹാജി, ലത്തീഫ് നീലഗിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍എ സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here