Connect with us

Gulf

ഡ്യൂട്ടി ഫ്രീ പരിധി ഉയര്‍ത്തിയതില്‍ പ്രവാസികള്‍ക്ക് ആഹ്ലാദം

Published

|

Last Updated

ദുബൈ: ഡ്യൂട്ടി അടക്കാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത് പ്രവാസികളില്‍ ആഹ്ലാ ദത്തിന് ഇടയാക്കി. ഇനി മുതല്‍ 45,000 രൂപ വരെ വിലയുള്ള വസ്തുക്കള്‍ പ്രവാസി ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജര്‍, ഇന്ത്യയിലേക്ക് എത്തുന്ന വിദേശികള്‍ എന്നിവര്‍ക്ക് കൊണ്ടുപോകാനാവും. വിദേശികളില്‍ ചൈന, നേപ്പാള്‍, ബൂട്ടാന്‍, മ്യാന്‍മാര്‍ എന്നീ രാജ്യക്കാര്‍ക്ക് ആനുകൂല്യം ലഭ്യമാവില്ല. ഇതുവരെയും കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പരിധി 35,000 ദിര്‍ഹമായിരുന്നു. ഇതോടെ 10,000 രൂപ (28.57 ശതമാനം) യുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടൊപ്പം വിദേശങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് കൈവശം വെക്കാവുന്ന ഇന്ത്യന്‍ രൂപയുടെ പരിധി 10,000ല്‍ നിന്ന് 25,000 ആയും ഉയര്‍ത്തിയിട്ടുണ്ട്. അതായത് 150 ശതമാനത്തിന്റെ വര്‍ധന.
കസ്റ്റംസ് ബാഗേജ് ഡിക്ലറേഷനില്‍ ഭേദഗതി വരുത്തിയാണ് സാമ്പത്തിക മന്ത്രാലയം പരിധി ഉയര്‍ത്തിയിരിക്കുന്നത്. ഇതൊടൊപ്പം ഏത് തരത്തിലുള്ള എല്‍ സി ഡി, എല്‍ ഇ ഡി, പ്ലാസ്മ ടി വി സെറ്റുകള്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ രേഖപ്പെടുത്തി കൊണ്ടുപോകാവുന്നതാണ്. ഇതിനായി ഫോറത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തദ്ദേശീയരായ ടെവിവിഷന്‍ കമ്പനികളെ സന്തോഷിപ്പിക്കാനായിരുന്നു ഇത്തരം ടെലിവിഷന്‍ സെറ്റുകള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പെടുത്തിയത്. മിക്ക പ്രവാസികളും ഇതിനെതിരെ രംഗത്ത് വന്നു. പലരും ഇത്തരം ടെലിവിഷന്‍ സെറ്റുമായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരും പ്രവാസി യാത്രക്കാരുമായി നിരന്തരമായ വാക്കു തര്‍ക്കത്തിനും ഇടയാക്കിയിരുന്നു. ടെലിവിഷന്‍ സെറ്റുകള്‍ക്ക് വലിപ്പത്തിനനുസരിച്ച് വിലയുടെ 35 ശതമാനം വരെ ഡ്യൂട്ടി ചുമത്തിയിരുന്നു. പുതിയ നയത്തോടെ ഇത് പഴങ്കഥയാവും.
രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. അതേസമയം 2012ല്‍ മാത്രം 10 ലക്ഷം ടെലിവിഷന്‍ സെറ്റുകളാണ് ദുബൈ, ബാംങ്കോക്ക്, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ നഗരങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനത്താവളങ്ങള്‍ വഴി എത്തിയത്. സിഗരറ്റ് രാജ്യത്തേക്ക് എത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പ് 50 സിഗരറ്റുകള്‍ കൊണ്ടുവരാമായിരുന്നെങ്കില്‍ ഇനി മുതല്‍ 25 സിഗരറ്റുകളെ കൊണ്ടുവരാന്‍ സാധിക്കൂ. സ്വര്‍ണം ഉള്‍പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന്റെ പരിധിയില്‍ മാറ്റമില്ല. പുരുഷന്മാര്‍ക്ക് 2,800 ദിര്‍ഹ (50,000 രൂപ)ത്തിന്റെയും സ്ത്രീകള്‍ക്ക് 5,600 ദിര്‍ഹ (ഒരു ലക്ഷം)ത്തിന്റെയും കൊണ്ടുവരാവുന്നതാണ്. ചുരുങ്ങിയത് ആറു മാസം താമസിച്ച് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഡ്യൂട്ടിയടച്ച് ഒരു കിലോ സ്വര്‍ണം കൊണ്ടുവരുന്നതിലും മാറ്റം വരുത്തിയിട്ടില്ല. 2012 ഏപ്രില്‍ 17 വരെ കൊണ്ടുവരാവുന്ന സ്വര്‍ണ പരിധി 10 കിലോഗ്രാമായിരുന്നു. 2012 ഏപ്രില്‍ 18നായിരുന്നു പരിധി ഒരു കിലോഗ്രാമായി കുറച്ചത്.

Latest