ജില്ലയില്‍ ഗുണമേന്മയുള്ള വൈദ്യുതിക്ക് 216.9 കോടിയുടെ പദ്ധതികള്‍

Posted on: August 21, 2015 2:14 pm | Last updated: August 21, 2015 at 2:14 pm
SHARE

മലപ്പുറം: ജില്ലയില്‍ ഗുണമേന്മയുള്ള വൈദ്യുതി തടസ്സമില്ലാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനായി വൈദ്യുതി വകുപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമായതിനാല്‍ ഉടന്‍ തസ്തികകള്‍ നികത്തുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ലാ വൈദ്യുതി കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇ അഹമ്മദ് എം.പിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് വകുപ്പില്‍ 40 ശതമാനത്തോളം ഒഴിവുകള്‍ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്.
വൈദ്യുതി വകുപ്പ് മുഖേനെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന(ഡി ഡി യു ജി ജെ വൈ), ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് സ്‌കീം (ഐ പി ഡി എസ്) എന്നിവയുടെ സമയബന്ധിതവും ഫലപ്രദവുമായ നടത്തിപ്പിനാണ് ജില്ലയിലെ മുതിര്‍ന്ന ലോകസഭാംഗം ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായി ജില്ലാ വൈദ്യുതി സമിതി രൂപവത്കരിച്ചത്.
ഗ്രാമീണ മേഖലയിലെ പ്രസരണ-വിതരണ രംഗം ശക്തിപ്പെടുത്തുന്നതിനും എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിനും മീറ്ററിങ് സമ്പ്രദായം കുറ്റമറ്റതാക്കുന്നതിനുമായി ഡി ഡി യു ജി ജെ വൈ യില്‍ ഉള്‍പ്പെടുത്തി നല്‍കിയ 161.488 കോടിയുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഐ പി ഡി എസ് സ്‌കീമിലുള്‍പ്പെടുത്തി 55.408 കോടിയുടെ പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്.
നഗരം മേഖലയിലെ വൈദ്യുതി വികസനം, ട്രാന്‍സ്‌ഫോമറുകള്‍, ഫീഡറുകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയില്‍ മഞ്ചേരി, മലപ്പുറം പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ നഗരസഭകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പദ്ധതി നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ നിരീക്ഷണ സമിതിയുടെ പരിഗണനയിലാണ്. നോഡല്‍ ഏജന്‍സിയായ ആര്‍ ഇ സി വഴിയാണ് പദ്ധതി സമര്‍പ്പിച്ചത്. ബി പി എല്‍ വിഭാഗത്തിലുള്‍പ്പെട്ട എല്ലാവര്‍ക്കും കണക്ഷന്‍ നല്‍കുന്നതിനാവശ്യമായ അനുബന്ധ പ്രവൃത്തികള്‍ ഡി ഡി യു ജി ജെ വൈയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജീവ് ഗാന്ധി വിദ്യുത് യോജന (ആര്‍ ജി വി വൈ) പ്രകാരം ഓഗസ്റ്റ് വരെ അപേക്ഷിച്ച എല്ലാവര്‍ക്കും കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും അനുവദിച്ച 32 കോടിയില്‍ 31.47 കോടിയും വിനിയോഗിച്ചതായും യോഗത്തില്‍ അറിയിച്ചു.
മഴക്കെടുതി മൂലമുണ്ടായ നാശ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സാമഗ്രികള്‍ ആവശ്യമായി വന്നെങ്കിലും നവംബറില്‍ കൂടുതല്‍ വൈദ്യുതി പോസ്റ്റുകള്‍ എത്തുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടും. മികച്ച സുരക്ഷാ സംവിധാനങ്ങളുടെ ഏരിയല്‍ ബണ്ടില്‍ഡ് കണ്ടക്റ്ററുകള്‍(എ ബി സി) വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാനും വകുപ്പ് നടപടിയാരംഭിച്ചിട്ടുണ്ട്. ആദിവാസി മേഖലയില്‍ ഭൂഗര്‍ഭ കേബിള്‍- നിലമ്പൂരില്‍ ആദിവാസി മേഖലകളില്‍ സാധാരണ വൈദ്യുതി കമ്പിയിടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഭൂഗര്‍ഭ കേബിളുകള്‍ ഉപയോഗിച്ച് വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അമ്പുമല, അളക്കല്‍, പുഞ്ചക്കൊല്ലി, മുണ്ടക്കടവ് കോളനികളിലാണ് പര്‍ട്ടിക്കുലേര്‍ലി വള്‍നറബ്ള്‍ ട്രൈബല്‍ ഗ്രൂപ്പ് (പി വി ടി ജി ) ഫണ്ട് വിനിയോഗിച്ച് ഭൂഗര്‍ഭ കേബിള്‍ സാധ്യമാക്കുക. ഇതിനായി ജില്ലാ കലക്ടര്‍ക്ക് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ പി ഉബൈദുല്ല എം എല്‍ എ, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി ടി എസ് അഖിലേഷ,് മന്ത്രി മഞ്ഞളാകുഴി അലിയുടെ പ്രതിനിധി കെ മുഹമ്മദ്, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ ഗണേശ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എ ജി ലിനി, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.