മലയാള സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തില്‍

Posted on: August 21, 2015 2:14 pm | Last updated: August 21, 2015 at 2:14 pm
SHARE

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകാലാശാലയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തില്‍.
ഭൂമിയുടെ വില നിശ്ചയിക്കുന്നതിനായി ഡിസ്ട്രിക്ക് ലെവല്‍ പര്‍ച്ചേസിംഗ് കമ്മിറ്റി(ഡി എല്‍ പി സി) യോഗം അടുത്ത മാസം ചേരും.
ജൈവ വൈവിധ്യ ബോര്‍ഡില്‍ നിന്നുള്ള അനുമതി പത്രം ലഭിച്ചതോടെയാണ് ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തില്‍ നടക്കുന്നത്. തിരൂര്‍ താലൂക്കില്‍ വെട്ടം വില്ലേജിലെ മാങ്ങാട്ടിരി പാലത്തിനോടു ചേര്‍ന്ന 17 ഏക്കര്‍ ഭൂമി സര്‍വകലാശാലക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി ആരംഭിച്ചത്. സര്‍ക്കാറില്‍ നിന്നും റവന്യു വകുപ്പില്‍ നിന്നുമുള്ള പ്രത്യേക അനുമതി നേരത്തെ കരസ്ഥമാക്കിയിരുന്നു.
എന്നാല്‍ ജൈവ വൈവിധ്യ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിനായി ആറ് മാസമായി കാത്തിരിക്കുകയായിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘം അടുത്തമാസം 11ന് സ്ഥലം സന്ദര്‍ശിക്കും. സബ് കലക്ടര്‍, വൈസ്ചാന്‍സിലര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരാണ് സൈറ്റ് ഇന്‍സ്‌പെക്ഷന്‍ സംഘത്തിലുണ്ടാകുക.
ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം അടുത്തമാസം ചേരുന്ന ഡി എല്‍ പി സി യോഗത്തിലായിരിക്കും വില നിശ്ചയിക്കല്‍ സംബന്ധിച്ച തീരുമാനമുണ്ടാകുക. കലക്ടര്‍ ചെയര്‍മാനായി സബ ്കലക്ടര്‍, കലക്ട്രേറ്റിലെ സാമ്പത്തിക വിഭാഗം ഓഫീസര്‍, ഭൂമി ഏറ്റെടുക്കുന്ന ഡിപ്പാര്‍ട്ട് മെന്റ് തലവന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് ഡി എല്‍ പി സി സമിതി.
അടുത്ത മാസം കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പരിസരത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് വില നിശ്ചയിക്കും. ശേഷം ഭൂ ഉടമകളുമായി ചര്‍ച്ച നടത്തി സമ്മതപത്രം ഒപ്പിട്ട് വാങ്ങും. ശിപാര്‍ശ ചെയ്യുന്ന വില സ്റ്റേറ്റ് ലെവല്‍ പര്‍ച്ചേസിംഗ് കമ്മിറ്റി അംഗീകരിച്ച് കഴിഞ്ഞാല്‍ ബന്ധപ്പെട്ട വകുപ്പ് തുക സജ്ജമാക്കി വെക്കണം.
ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഭൂ ഉടമകളില്‍ നിന്നും നേരത്തെ സമ്മത പത്രം വാങ്ങിയതിനാല്‍ വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഭൂമിയേറ്റെടുക്കല്‍ നടപടിയുടെ പേരില്‍ ജില്ലയില്‍ ഇരുനൂറോളം പദ്ധതികള്‍ നിലവില്‍ കെട്ടിക്കിടക്കുന്നുണ്ട്. അതേസമയം സാധാരണയുണ്ടാകുന്ന ഭൂമിയേറ്റെടുക്കല്‍ കാലതാമസം ഒഴിവാക്കാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ ‘ടി ഭാസ്‌കരന്‍ സിറാജിനോട് പറഞ്ഞു. വില നിശ്ചയിക്കല്‍ നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ ഫണ്ട് വകയിരുത്തുന്നതിനായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിന് ശിപാര്‍ശ ചെയ്യുമെന്ന് വൈസ് ചാന്‍സിലര്‍ കെ ജയകുമാര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനകം മലയാള സര്‍വകലാശാല സ്വന്തം ഭൂമിയിലേക്ക് മാറാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സര്‍വകലാശാലയുടെ തുടക്കത്തില്‍ ഭൂമിയേറ്റെടുക്കല്‍ നടപടി പ്രതിസന്ധി സൃഷ്ടിച്ചതോടെ വാക്കാട് തുഞ്ചന്‍ സ്മാരക ഗവ. കോളജ് ക്യാമ്പസിലെ അഞ്ചേക്കര്‍ ഭൂമിയില്‍ താത്കാലിക കെട്ടിടം പണിത് ക്ലാസ് നടത്തി വരികയായിരുന്നു.