കോട്ടയത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച ആള്‍ പിടിയില്‍

Posted on: August 21, 2015 7:00 pm | Last updated: August 22, 2015 at 8:54 am
SHARE

railway track

കോട്ടയം: ചിങ്ങവനത്തിന് സമീപം അര്‍ധരാത്രിയില്‍ പാളത്തിലൂടെ ബൈക്ക് ഓടിച്ച് തിരുവനന്തപുരം- മംഗലാപുരം മലബാര്‍ എക്‌സ്പ്രസിനു മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് ഉള്‍പ്പെടെ മൂന്ന് തവണ ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൂവന്‍തുരുത്ത് കൊച്ചുപറമ്പില്‍ ദീപു കെ തങ്കപ്പനെ (35) എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10.45നാണ് ആദ്യ സംഭവമുണ്ടായത്. തിരുവനന്തപുരം – മംഗലാപുരം മലബാര്‍ എക്‌സ്പ്രസിന് നേര്‍ക്കായിരുന്നു ആദ്യ അട്ടിമറി ശ്രമം. ട്രാക്കില്‍ ഉപേക്ഷിച്ച ബൈക്ക് മൂന്നൂറ് മീറ്ററോളം ഇടിച്ചുതെറിപ്പിച്ച ശേഷമാണ് ട്രെയിന്‍ നിന്നത്. ഇടിയുടെ ആഘാതത്തില്‍ വലിയ ശബ്ദവും തീയും ഉണ്ടായി. അമൃത എക്‌സ്പ്രസിനു നേര്‍ക്കായിരുന്നു രണ്ടാമത്തെ അട്ടിമറി നീക്കം. പാളത്തില്‍ ഇരുമ്പു കമ്പിയും വീഡിയോ ക്യാമറ ഉള്‍പ്പെടെ ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് സാധനങ്ങളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിലൂടെ ട്രെയിന്‍ കയറിയപ്പോള്‍ തീയുണ്ടായതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇതിനു ശേഷം ചാന്നാനിക്കാട് ഭാഗത്ത് പാളത്തിന് മുകളില്‍ ഇലക്ട്രിക് ലൈനില്‍ കാടും പടലും പറിച്ചിട്ട നിലയിലും കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ 4.30ഓടെ ദിബ്രുഗഢ് എക്‌സ്പ്രസിനു നേര്‍ക്കും അട്ടിമറി ശ്രമം നടന്നു. ട്രാക്കില്‍ സര്‍വേ കല്ലുകളും മറ്റും കയറ്റിവെച്ചാണ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. ചിങ്ങവനത്ത് റെയില്‍വേയുടെ വൈദ്യുതി ലൈന്‍ തകരാറിലാക്കുന്നതിനും ശ്രമം നടന്നിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രാക്കില്‍ പരിശോധന നടത്തിയ ശേഷമാണ് ട്രെയിനുകള്‍ കടത്തിവിട്ടത്.
മൂലേടം റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപത്തു നിന്നാണ് ബൈക്ക് റെയില്‍വേ പാളത്തില്‍ കയറ്റിയതെന്നാണ് പോലീസ് കരുതുന്നത്. തുടര്‍ന്ന് ഒരു കിലോമീറ്ററോളം പാളത്തില്‍ കൂടി ഓടിച്ചശേഷം പൂവന്‍തുരുത്ത് റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപം വിജനമായ സ്ഥലത്ത് ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു.
ബൈക്കില്‍ ഇടിക്കാതിരിക്കാനായി ട്രെയിന്‍ ബ്രേക്ക് ചെയ്‌തെങ്കിലും മൂന്നൂറ് മീറ്റര്‍ അകലെ മുത്തന്‍മാലി വരെ ബൈക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ട്രെയിന്‍ ബൈക്കിലിടിച്ചുള്ള തീയും ശബ്ദവും കേട്ടാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ട്രെയിന്‍ നിര്‍ത്തി ലോകോ പൈലറ്റും ശബ്ദം കേട്ട് എത്തിയ നാട്ടുകാരും പാളത്തിനു സമീപം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് കോട്ടയം റെയില്‍വേ പോലീസും ചിങ്ങവനം പോലീസും സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തി.
ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് കണ്ടെത്താന്‍ കഴിയാത്തതാണ് അട്ടിമറിശ്രമം നടന്നിരിക്കാമെന്നതിലേക്ക് വിരല്‍ചൂണ്ടുന്നത്. പാളം ഉറപ്പിക്കുന്ന എട്ട് ക്ലാമ്പുകള്‍ ഇളകി മാറിയിട്ടുണ്ട്. വിജനമായ സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ പതിനഞ്ച് മിനിട്ട് നിര്‍ത്തിയിട്ട ശേഷം കോട്ടയത്തു നിന്ന് റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ കെ ജി ബാബു എത്തി പാളങ്ങള്‍ പരിശോധിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവം അന്വേഷിക്കാനെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്റെ കാര്‍ അടിച്ചു തകര്‍ത്തതും ദൂരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. ക ജി ബാബുവിന്റെ മാരുതി ആള്‍ട്ടോ കാറാണ് അടിച്ചു തകര്‍ത്തത്.
പൂവന്‍തുരുത്ത് പാലത്തിനു സമീപമുള്ള ഇടറോഡില്‍ കാര്‍ നിര്‍ത്തിയശേഷം പാളം പരിശോധിച്ച ശേഷം തിരിച്ചെത്തിയപ്പോഴാണ് കാര്‍ തല്ലിത്തകര്‍ത്തത് കാണുന്നത്. കാറിനുള്ളില്‍ നിന്ന് പൈപ്പിന്റെ ഒരു ഭാഗം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെകുറിച്ച് ചിങ്ങവനം പോലീസും റെയില്‍വേ പോലീസും അന്വേഷണം ആരംഭിച്ചു.