ഗ്രീസ് പ്രധാനമന്ത്രി രാജി വെച്ചു

Posted on: August 21, 2015 9:35 am | Last updated: August 21, 2015 at 9:35 am
SHARE

greece-alexis-tsipras-exlarge-169ആതന്‍സ്: സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് രാജിവെച്ചു. ഇന്നലെ രാത്രിയാണ് സിപ്രാസ് പ്രസിഡന്റ് പ്രോകോപിസ് പാവ്‌ലോപൗലോസിന് രാജിനല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രിസഭക്ക് തുടരാനാവില്ലെന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് സിപ്രാസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സെപ്തംബര്‍ 20നുതന്നെ പുതിയ പാര്‍ലിമെന്റ് നടന്നേക്കുമെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നാംഘട്ട സാമ്പത്തിക അച്ചടക്കനടപടികളില്‍ പാര്‍ലിമെന്റില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. സിപ്രാസിന്റെ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ സാമ്പത്തിക അച്ചടക്കനടപടിക്കെതിരെ രംഗത്തുവന്നതാണ് പെട്ടെന്നുള്ള രാജിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. ഏഴ് മാസം മുമ്പാണ് സിപ്രാസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ധനമന്ത്രി പദത്തില്‍ നിന്ന് യാനിസ് നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നു. വായ്പാ ദാതാക്കള്‍ മുന്നോട്ടു വെച്ച കടുത്ത നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി ഗ്രീസിലെ ജനങ്ങള്‍ വിധിയെഴുതിയതിന് ഉടനെയായിരുന്നു യാനിസിന്റെ രാജി. പുതിയ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതിന് തന്റെ രാജി എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് വിശ്വസിക്കുന്നുവെന്ന് യാനിസ് പറഞ്ഞിരുന്നു.