Connect with us

International

തായ്‌ലന്‍ഡ് ഇന്റര്‍പോളിന്റെ സഹായം തേടി

Published

|

Last Updated

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ക്ഷേത്രത്തിന് സമീപമുണ്ടായ ബോംബാക്രമണത്തില്‍ വിദേശ തീവ്രവാദികളുടെ പങ്ക് ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യപ്രതിയെ പിടികൂടുന്നതിന് തായ്‌ലന്‍ഡ് ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിദേശരാജ്യങ്ങളുടെ സഹായം അന്വേഷണത്തില്‍ ആവശ്യപ്പെടേണ്ടതില്ലെന്നായിരുന്നു അധികൃതരുടെ നേരത്തെയുള്ള നിലപാട്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സഹായത്തിനായി അഭ്യര്‍ഥന അയച്ചിട്ടുണ്ടെന്ന് നാഷനല്‍ പോലീസ് ഡെപ്യൂട്ടി മേധാവി കിസാന മാധ്യമങ്ങളോട് വിശദീകരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടനയും മുന്നോട്ടുവന്നിട്ടില്ല. ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകവും പോലീസിന് തിരിച്ചറിയാനായിട്ടില്ല. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 11 പേര്‍ വിദേശികളായിരുന്നു. ചൈന, സിംഗപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട വിദേശീയര്‍. ടൂറിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ചൈനക്കാരെ ലക്ഷ്യമാക്കിയല്ല സ്‌ഫോടനം നടന്നതെന്ന് സൈനിക വക്താവ് വന്‍തായ് സുവാരി പറഞ്ഞു.

Latest