യു എസില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നു; പ്രതിഷേധം വ്യാപകം

Posted on: August 21, 2015 6:00 am | Last updated: August 21, 2015 at 9:32 am
SHARE
അമേരിക്കയിലെ മിസ്സൂറിയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ച കറുത്തവര്‍ഗക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
അമേരിക്കയിലെ മിസ്സൂറിയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ച കറുത്തവര്‍ഗക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. മിസ്സൂറിയില്‍ വെളുത്തവര്‍ഗക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ കറുത്തവര്‍ഗക്കാരനായ കൗമാരക്കാരനെ വെടിവെച്ചു കൊന്നു. ഇതേ തുടര്‍ന്ന് അമേരിക്കയിലെങ്ങും പ്രതിഷേധം വ്യാപിക്കുകയാണ്. തങ്ങള്‍ക്ക് നേരെ തോക്ക് ചൂണ്ടിയപ്പോഴാണ് വെടിവെച്ചതെന്നാണ് പോലീസ് വിശദീകരണം. പ്രതിഷേധവുമായി നിരവധി സ്ഥലങ്ങളില്‍ നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങി. നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെന്റ് ലൂയിസ് നഗരത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ തങ്ങള്‍ക്ക് നേരെ കൗമാരക്കാരന്‍ തോക്ക് ചൂണ്ടിയെന്നും തുടര്‍ന്ന് ഓടിപ്പോകുമ്പോഴാണ് വെടിവെച്ചതെന്നും പോലീസ് മേധാവി സാം ദോസ്‌തോണ്‍ അവകാശപ്പെട്ടു. 18 കാരനായ മന്‍സൂര്‍ ബാല്‍ ബെ ആണ് കൊല്ലപ്പെട്ട കൗമാരക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് ആക്രമണം അഴിച്ചു വിടുന്ന സംഘങ്ങള്‍ക്ക് വേണ്ടിയായിരുന്നു റെയ്‌ഡെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കൊന്നുമേറ്റിട്ടില്ല.
കൗമാരക്കാരന്‍ പോലീസ് വെടിവെപ്പില്‍ മരിച്ചതോടെ പ്രകോപിതരായ ജനക്കൂട്ടം തെരുവിലിറങ്ങി റോഡ് ഗതാഗതം തടസ്സപ്പെടുത്തി. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിലര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതായി എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്തു. തെരുവിലിറങ്ങിയ ജനക്കൂട്ടം കടകളും കാറുകളും അഗ്നിക്കിരയാക്കി. ഒരു വീടും അഗ്നിക്കിരയാക്കപ്പെട്ടതായി പോലീസ് പറഞ്ഞു. കൗമാരക്കാരന്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതാണെന്നും സംഭവസ്ഥലത്ത് നിന്ന് കൊക്കെയ്ന്‍ കണ്ടെടുത്തതായും പോലീസ് പറയുന്നു. വെടിവെപ്പില്‍ പങ്കാളികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരും വെളുത്തവര്‍ഗക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. ഏഴ് വര്‍ഷത്തെ സേവന പരിചയമുള്ളവരാണ് ഇവര്‍.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഫര്‍ഗൂസണില്‍ മൈക്കല്‍ ബ്രൗണ്‍ എന്ന നിരായുധനായ കറുത്തവര്‍ഗക്കാരനെ വെടിവെച്ചുകൊന്നിരുന്നു. ഈ ദുരന്തത്തിന്റെ വാര്‍ഷികാചരണം ഒരാഴ്ച മുമ്പാണ് നടന്നത്. ഇതോടനുബന്ധിച്ചു കറുത്തവര്‍ഗക്കാര്‍ അമേരിക്കയിലുടനീളം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും കറുത്തവര്‍ഗക്കാര്‍ക്കെതിരെയും വെളുത്ത വര്‍ഗക്കാരായ അമേരിക്കന്‍ പോലീസുകാര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും കറുത്തവര്‍ഗക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here