ഓണാഘോഷത്തിനിടെ വാഹനമിടിച്ച് പരിക്കേറ്റ സിഇടി വിദ്യാര്‍ഥിനി മരിച്ചു

Posted on: August 21, 2015 8:59 am | Last updated: August 21, 2015 at 10:25 pm
SHARE

thasniതിരുവനന്തപുരം: സി ഇ ടി കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. സിവില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി തസ്‌നി ബഷീറാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ത്‌സ്‌നി ബുധനാഴ്ച മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വെന്റിലേറ്ററിലായിരുന്ന തസ്‌നി ഇന്നലെ രാത്രി 11.55 ഓടുകൂടിയാണ് മരിച്ചത്. 11 മണിയോടുകൂടി പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം നാട്ടിലേക്ക് കൊണ്ടുപോകും.ഖബറക്കം നാളെ നടക്കും. മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയാണ്.
സംഭവുമായി ബന്ധപ്പെട്ട് നാലാം വര്‍ഷ വിദ്യാര്‍ത്ഥി ബൈജു ഉള്‍പ്പെടെ 15 ഓളം പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. തസ്‌നി മരിച്ചതോടുകൂടി ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കും. അപകടമുണ്ടാക്കിയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച3.30 ഓടെയാണ് അപകടം ഉണ്ടായത്. ഓണാഘോഷത്തിനിടെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ വാഹനറാലി നടത്തുമ്പോഴാണ് അപകടം. വാഹനമോടിച്ച വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.വണ്ടിയോടിച്ച വിദ്യാര്‍ഥിയും കൂടെയുള്ളവരും മദ്യലഹരിയിലായിരുന്നവെന്നാണ് വിദ്യാര്‍ഥിനിയുടെ ബന്ധുക്കളുടെ ആരോപണം.