Connect with us

Gulf

സ്വദേശി സര്‍ഫര്‍ക്ക് രാജ്യാന്തര അംഗീകാരം

Published

|

Last Updated

സ്വദേശി സര്‍ഫറായ മുഹമ്മദ് റഹ്മ

സ്വദേശി സര്‍ഫറായ മുഹമ്മദ് റഹ്മ

ദുബൈ: സ്വദേശി സര്‍ഫറായ മുഹമ്മദ് റഹ്മ(28)ക്ക് രാജ്യാന്തര അംഗീകാരം. അടുത്ത മാസം സ്‌പെയിനില്‍ നടക്കുന്ന രാജ്യാന്തര മത്സരത്തിലേക്ക് മുഹമ്മദിന് ക്ഷണം ലഭിച്ചിരിക്കയാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പാന്റിന്‍ ക്ലാസിക് ഗലീഷ്യ പ്രോ മത്സരത്തിലേക്കാണ് യു എ ഇയെ പ്രതിനിധീകരിച്ച് മുഹമ്മദ് റഹ്മ മത്സരിക്കുക. ഈ യുവാവിന്റെ രണ്ടാമത്തെ രാജ്യാന്തര മത്സരമാണിത്. രാജ്യാന്തര നിലവാരത്തിലുള്ള താരങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ സാധിക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവു മനോഹരമായ നിമിഷമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഹമ്മദ് പ്രതികരിച്ചു. മത്സരം മഹത്തായ അനുഭവമായി മാറുമെന്നതില്‍ തര്‍ക്കമില്ല. പെറുവില്‍ നടന്ന രാജ്യാന്തര മത്സരത്തില്‍ പങ്കെടുത്ത 90 സര്‍ഫിംഗ് താരങ്ങള്‍ക്കിടയില്‍ നിന്ന് 22ാം സ്ഥാനത്തെത്താന്‍ സാധിച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. സ്‌പെയിനില്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് എത്താനാവുമെന്നാണ് കരുതുന്നത്.
സര്‍ഫിംഗ് പരിശീലനത്തിന് യു എ ഇയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നുണ്ട്. പലപ്പോഴും കടല്‍ തിരകളില്ലാതെ ശാന്തമായിരിക്കുന്നത് പരിശീലനത്തിന് തടസം സൃഷ്ടിക്കുന്ന അവസ്ഥയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്‍ ഐനിലെ കാട്ടു വാദികളില്‍ ചെന്നാണ് പരിശീലനം നടത്താറ്. പരിശീലനത്തില്‍ കുറവ് വരാതിരിക്കാന്‍ ജിംനേഷ്യത്തില്‍ പതിവായി പോകാറുണ്ടെന്നും ഇത്തിഹാദ് എയര്‍വെയ്‌സ് സെയില്‍സ് വിഭാഗം മാനേജറായ മുഹമ്മദ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്നവര്‍ക്ക് സര്‍ഫിംഗ് നടത്താന്‍ പ്രകൃതിദത്തമായ സാഹചര്യങ്ങളുണ്ട്. പലരെയും ഇത്തരം സാഹചര്യങ്ങളാണ് സര്‍ഫിംഗിലേക്ക് എത്തിക്കുന്നത്. ഇത്തരക്കാര്‍ മത്സരത്തിനായി ഒന്നോ, രണ്ടോ ദിവസം മുമ്പ് മാത്രമാണ് എത്തുക. തന്നെപോലുള്ളവര്‍ക്ക് നേരത്തെ സ്‌പെയിനില്‍ എത്തി പരിശീലനം ആരംഭിച്ചേ മതിയാവൂവെന്നും മുഹമ്മദ് വ്യക്തമാക്കി.