Connect with us

Gulf

നിക്ഷേപങ്ങള്‍ ഏതൊക്കെ മേഖലകളില്‍

Published

|

Last Updated

അബുദാബിയില്‍ നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിലെ “മധുവിധു” കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക് എന്ത് ഗുണമുണ്ടാകും എന്ന്, യാഥാര്‍ഥ്യബോധത്തോടെയുള്ള, വിശകലനത്തിന് സമയമായി. 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം യു എ ഇയില്‍ നിന്ന് ഇന്ത്യയിലെത്തുമെന്നാണ് പ്രഖ്യാപനം. അത് ഏതൊക്കെ മേഖലകളില്‍ എങ്ങിനെയൊക്കെ എന്നത് പ്രസക്തം.
ഊര്‍ജം, പശ്ചാത്തല സൗകര്യം, സ്മാര്‍ട് സിറ്റികള്‍, റെയില്‍വേ എന്നിങ്ങനെ നിരവധി സാധ്യതകള്‍ ഇന്ത്യയിലുണ്ട്. പരിസ്ഥിതി സൗഹൃദ നഗരമായി വളരുന്ന അബുദാബി മസ്ദര്‍ സിറ്റി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലുതായി ആകര്‍ഷിച്ചിട്ടുണ്ട്. അത്തരത്തിലുള്ള നഗരങ്ങള്‍ ഇന്ത്യയില്‍ വരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതിന് വന്‍ മുതല്‍ മുടക്ക് ആവശ്യമുണ്ട്. അതും യു എ ഇയില്‍ നിന്ന് ലഭ്യമാക്കാം എന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമായി പ്രാഥമിക ചര്‍ച്ച നടന്നു. 80,000 കോടി ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് കമ്പനിയെ നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദ്യദിവസം അത്താഴ വിരുന്നൊരുക്കിയത് ശൈഖ് ഹമദാണ്. പുനരുല്‍പാദക ഊര്‍ജം, തുറമുഖ വികസനം, ഭവന നിര്‍മാണം എന്നീ മേഖലകളില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തണമെന്ന് നരേന്ദ്രമോദി അഭ്യര്‍ഥിച്ചു. ശൈഖ് ഹമദ് തത്ത്വത്തില്‍ ഇത് അംഗീകരിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളു.
ഇന്ത്യയിലെ ബ്യൂറോക്രസിയെ മറികടക്കാന്‍ പ്രധാനമന്ത്രിക്ക് പ്രാപ്തിയുണ്ടെന്നതാണ് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. കാണാചരടില്ലാത്ത, സുതാര്യമായ നിക്ഷേപമായിരിക്കും യു എ ഇയില്‍ നിന്നുള്ളതെന്ന് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ബോധ്യമുണ്ട് താനും. എന്നാല്‍, കാര്യത്തോടടുക്കുമ്പോള്‍ എല്ലാം കുഴഞ്ഞുമറിയും. പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാന്‍ തന്നെ കാലങ്ങളെടുക്കും. ഇത്തരം മെല്ലെപ്പോക്കിനെ ഇല്ലായ്മ ചെയ്യാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞാല്‍ രക്ഷപ്പെട്ടു.
ഇന്ത്യയില്‍ റോഡ്, തുറമുഖം, വിമാനത്താവളം വികസനങ്ങളും പ്രധാനമാണ്. കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണം നടത്തിയത് ദുബൈ പോര്‍ട്ട് വേള്‍ഡ്. എന്നാല്‍ പ്രോത്സാഹന ജനകമായ അനുഭവമല്ല, അവര്‍ക്കുണ്ടായത്. പലതരം തര്‍ക്കങ്ങള്‍ ഉടലെടുത്തു. അത്തരം അനുഭവം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കുമെന്നാണ് യു എ ഇയുടെ പ്രതീക്ഷ. ദുബൈ ടീകോമിന്റെ പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റി ഇനിയും ഉദ്ഘാടനം ചെയ്തിട്ടില്ല. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ ഉദ്ഘാടനത്തിന് കേരള ഭരണകൂടം പ്രതീക്ഷിക്കുന്നു. കേന്ദ്ര ഭരണകൂടം കൂടി ശ്രമം നടത്തിയാല്‍ ശൈഖ് മുഹമ്മദിന്റെ സാന്നിധ്യം അവിടെയുണ്ടാകും. ശൈഖ് മുഹമ്മദിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നിട്ടില്ലാത്തത് പ്രതീക്ഷ പകരുന്നു.
ഇന്ത്യയില്‍ സ്മാര്‍ട് സിറ്റികളില്‍ യു എ ഇയുടെ നിക്ഷേപം വലുതായി ഉണ്ടാകുമെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയില്‍ നിരവധി സ്മാര്‍ട്‌സിറ്റികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ധാരാളം തൊഴിലവസരങ്ങള്‍ക്ക് ഇത് സാധ്യത തുറക്കും. യു എ ഇയില്‍ നിന്ന് സ്മാര്‍ട് സിറ്റികള്‍ക്കും നിക്ഷേപം ആഗ്രഹിക്കുന്നു.