അനധികൃത ഫോണ്‍ കോള്‍ സംവിധാനം: നാലു പേര്‍ പിടിയില്‍

Posted on: August 20, 2015 5:00 pm | Last updated: August 20, 2015 at 5:09 pm
SHARE

റാസല്‍ ഖൈമ: വിദേശ രാജ്യങ്ങളിലേക്ക് അനധികൃത ഫോണ്‍ കോള്‍ സേവനം നല്‍കിയതുമായി ബന്ധപ്പെട്ട് നാലു പേരെ റാസല്‍ ഖൈമ പോലീസ് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് രാജ്യത്ത് നിലവിലുള്ളതിലും കുറഞ്ഞ നിരക്കില്‍ സംഘം ടെലിഫോണ്‍ സേവനം ലഭ്യമാക്കിയതായി പോലീസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ വീട് റെയ്ഡ് ചെയ്ത് പിടികൂടിയത്.
വാടക വീട്ടില്‍ കൂട്ടമായി ഏഷ്യക്കാര്‍ വന്നു പോകുന്നതായി വിവരം നല്‍കിയ ആള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വീട്ടില്‍ റാസല്‍ ഖൈമ പോലീസ് നിരീക്ഷണം ശക്തമാക്കിയതും ഒടുവില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയതും. വിവരം ലഭിച്ച ഉടന്‍ പോലീസ് ഉപഭോക്താവെന്ന വ്യാജേന വീട്ടില്‍ ചെല്ലുകയും അവിടുത്തെ പ്രവര്‍ത്തന രീതി മനസിലാക്കുകയും ചെയ്തിരുന്നതായി റാസല്‍ ഖൈമ പോലീസ് സംഘടിത കുറ്റകൃത്യ വിഭാഗം ചെയര്‍മാന്‍ മേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഖാസിമി വെളിപ്പെടുത്തി.