Connect with us

Gulf

നവംബര്‍ 30 രക്തസാക്ഷി ദിനമായി ആചരിക്കും

Published

|

Last Updated

അബുദാബി: രാജ്യത്തിനായി ജീവന്‍ ബലിയര്‍പിച്ചവരോടുള്ള ആദരസൂചകമായി ഈ വര്‍ഷം മുതല്‍ നവംബര്‍ 30 രക്തസാക്ഷിത്വ ദിനമായി ആചരിക്കും. പട്ടാളത്തിലും മാനുഷികമായ സേവനങ്ങളിലും സിവില്‍ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി രാജ്യത്തിനായി ജീവന്‍ ബലിയര്‍പിക്കുന്നവരെ ഓര്‍ക്കാനാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. വിദേശത്തും സ്വദേശത്തും രാജ്യത്തിനായി ജീവന്‍ത്യജിക്കുന്നവര്‍ രക്തസാക്ഷികളുടെ നിര്‍വചനത്തില്‍ ഉള്‍പെടും. രക്തസാക്ഷി ദിനമായ നവംബര്‍ 30 രാജ്യത്ത് പൊതു അവധി ദിനമായിരിക്കുമെന്നും ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രക്തസാക്ഷി ദിനത്തില്‍ നിരവധി പരിപാടികളാവും സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വദേശികളും താമസക്കാരും പരിപാടികളില്‍ പങ്കാളികളാവും. രാഷ്ട്രത്തിനായി ജീവന്‍ ബലിയര്‍പിച്ചവരെ ഓര്‍ക്കുന്നതിനൊപ്പം അതിന്റെ മഹത്വം ജനങ്ങളില്‍ എത്തിക്കാന്‍ പര്യാപ്തമാവുന്ന പരിപാടികളാവും രക്തസാക്ഷിത്വ ദിനത്തില്‍ നടത്തുക.
യമനില്‍ ഹൂത്തി വിമതര്‍ക്കെതിരായി സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പിന്റെ ഭാഗമായി ഏഴു സ്വദേശി പട്ടാള ഓഫീസര്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരില്‍ മൂന്നു പേര്‍ ഒറ്റ ദിവസമാണ് മരിച്ചത്. ഹാസിം ഉബൈദ് അല്‍ അലി, സെയ്ഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസി, അബ്ദുല്‍അസീസ് സര്‍ഹാന്‍ സാലിഹ് അല്‍ കഅബി, ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ ഷേഹി, ഫഹീം സഈദ് അഹ്മദ് അല്‍ ഹബ്‌സി, ജുമ ജൗഹര്‍ ജുമ അല്‍ ഹമ്മാദി, അബ്ദുല്‍ റഹ്മാന്‍ ഇബ്രാഹിം ഈസ അല്‍ ബലൂഷി എന്നിവരാണ് രാജ്യത്തിനായി ജീവന്‍ ബലിയര്‍പിച്ചത്. മരിച്ച സൈനികരുടെ മൃതദേങ്ങള്‍ പ്രത്യേക വിമാനത്തില്‍ അബുദാബിയിലെ അല്‍ ബത്തീന്‍ സൈനിക വിമാനത്താവളത്തില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉയര്‍ന്ന സൈനിക ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക ചടങ്ങുകളോടെ മൃതദേഹം ഏറ്റുവാങ്ങിയത്.

Latest