Connect with us

Gulf

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം ദുബൈ

Published

|

Last Updated

ദുബൈ: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മെട്രോ നഗരം ദുബൈ. വാഷിംഗ്ടണ്‍ ആസ്ഥാനമായ ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ നടത്തിയ സര്‍വെയിലാണ് ഈ വെളിപ്പെടുത്തല്‍. വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ യു എ ഇക്ക് അഞ്ചാം സ്ഥാനമുണ്ട്.
അടിസ്ഥാന സൗകര്യം, വികസനം, വാണിജ്യം, വരുമാനം തുടങ്ങിയവ കണക്കിലെടുത്താണ് പഠനം നടത്തിയത്. ദുബൈ പോലെ മറ്റൊരു നഗരം ഇത്ര വേഗത്തില്‍ പുരോഗതി പ്രാപിച്ചിട്ടില്ലെന്ന് ഗ്ലോബല്‍ മെട്രോ രേഖപ്പെടുത്തി. ആളോഹരി വരുമാനത്തില്‍ 4.5 ശതമാനം വര്‍ധനവുണ്ട്. അതേ സമയം യു എ ഇയുടെ വളര്‍ച്ച 1.6 ശതമാനമാണ്. ആളോഹരി വരുമാന വര്‍ധനവില്‍ ഹിഫി നഗരമാണ് ദുബൈക്ക് തൊട്ടുപിന്നാലെയുള്ളത്. മൂന്നാം സ്ഥാനം ബൂഹാന്‍, നാലാം സ്ഥാനം വാംഗ്പൂര്‍ എന്നിവക്കാണ്. അതാത് രാജ്യത്തിന്റെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തിയാണ് വേഗം കണക്കാക്കിയിരിക്കുന്നത്. രാജ്യവും മെട്രോ നഗരവും തമ്മില്‍ ദുബൈക്ക് 2.9 ശതമാനത്തിന്റെയും ഹിഫി നഗരത്തിന് 2.8 ശതമാനവുമാണ് വ്യത്യാസം.
യു എ ഇയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ദുബൈ. ഗതാഗതം, വിനോദസഞ്ചാരം, വാണിജ്യം, പ്രൊഫഷണല്‍ സര്‍വീസ് എന്നിവയില്‍ ലോകത്തിന്റെ തന്നെ കേന്ദ്രമായി മാറിയിട്ടുണ്ട്. സമ്പദ്ഘടനയിലെ വൈവിധ്യവത്കരണം ഇവിടെ ശ്രദ്ധേയമാണ്. വൈദ്യുതി അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതയും ഏറെയാണ്. ലോകത്ത് ഏറ്റവും വലിയ മെട്രോ പൊളിറ്റന്‍ സമ്പദ്ഘടനയായി മക്കാവോ തിരഞ്ഞെടുക്കപ്പെട്ടു.തുര്‍ക്കിയിലെ ഇസ്മിറാണ് രണ്ടാം സ്ഥാനത്ത്. ദുബൈക്ക് അഞ്ചാം സ്ഥാനമാണ്. എന്നാല്‍ ഇതിനകം തന്നെ വളര്‍ച്ച ബാധിച്ച സമ്പദ്‌വ്യവസ്ഥയുള്ള മറ്റു നഗരങ്ങളില്‍ മക്കാവോ, ദുബൈ എന്നീ നഗരങ്ങള്‍ മാത്രമേ ഉള്‍പെട്ടിട്ടുള്ളു. തുര്‍ക്കിയിലെ വിസ്മിര്‍, ഇസ്താംബൂള്‍, ബര്‍സ എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ടെങ്കിലും വളര്‍ച്ച പ്രാപിച്ചുവരുന്നതേയുള്ളു.
ലോകത്തിലെ മുന്നൂറ് നഗരങ്ങളെയാണ് പഠന വിധേയമാക്കിയത്. ചൈനയിലെ മക്കാവോ ലോകത്തില്‍ ഏറ്റവും പ്രകടനം കാഴ്ച വെച്ച നഗരമാണ്. ജനസംഖ്യ ഇവിടെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും തൊഴില്‍ സാധ്യതക്കും ആളോഹരി വരുമാനത്തിനും കുറവില്ല. ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ നഗരങ്ങളാണ് ഏറ്റവും വേഗത്തില്‍ വളരുന്നത്.
അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ നഗരങ്ങളും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. സുസ്ഥിരി വികസന മേഖലയിലും നഗരങ്ങള്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തുന്നുണ്ടെന്ന് ഗ്ലോബല്‍ മെട്രോ മോണിറ്റര്‍ ചൂണ്ടിക്കാട്ടി.