അടുത്ത മാസം പെട്രോള്‍ വിലയില്‍ കുറവുണ്ടാകുമെന്ന് ഊര്‍ജ മന്ത്രി

Posted on: August 20, 2015 5:06 pm | Last updated: August 20, 2015 at 5:06 pm
SHARE

uae-fuel-price-augustഅബുദാബി: അടുത്ത മാസം രാജ്യത്തെ പെട്രോള്‍ വിലയില്‍ കുറവുണ്ടാവുമെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി. ആഗസ്റ്റിനെ അപേക്ഷിച്ചാണ് പെട്രോളിനും ഡീസലിനും സെപ്തംബര്‍ മാസത്തില്‍ കുറവുണ്ടാവുകയെന്ന് മന്ത്രി തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി. 28നാവും അടുത്ത മാസത്തെ പെട്രോള്‍ ഡീസല്‍ വിലകള്‍ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിക്കുക. കഴിഞ്ഞ മാസമാണ് പെട്രോള്‍ വില രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ മന്ത്രാലയം വില ഓരോ മാസവും പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാനും ഊര്‍ജ ഉപഭോഗം കുറക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രാലയ അധികാരികള്‍ വിശദീകരിച്ചിരുന്നു. വില പുതുക്കി നിശ്ചയിച്ചതോടെ രാജ്യത്തെ പെട്രോള്‍ വില ആഗസ്റ്റ് ഒന്നു മുതല്‍ ലിറ്ററിന് 2.14 ദിര്‍ഹമായി ഉയര്‍ന്നിരുന്നു. ജൂലൈ 31 വരെ ലിറ്ററിന് 1.72 ദിര്‍ഹമായിരുന്നു.
ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയാണ് ഓരോ മാസവും രാജ്യാന്തര കമ്പോളത്തിലെ വിലയുമായി താരതമ്യപ്പെടുത്തി രാജ്യത്തെ പെട്രോള്‍ വില പുതുക്കി നിശ്ചയിക്കുക. സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറിക്ക് പുറമേ അഡ്‌നോകിന്റെയും ഇനോകിന്റെയും സി ഇ ഒ മാരും ഉള്‍പെട്ടതാണ് വില നിര്‍ണയ കമ്മിറ്റി.
യു എ ഇ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുകയും യു എ ഇ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് ഉന്നം. സര്‍ക്കാര്‍ സബ്‌സിഡികളെ ആശ്രയിക്കാത്ത കരുത്തുറ്റ ഒരു സമ്പദ്‌വ്യവസ്ഥയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അല്‍ മസ്‌റൂഇ പെട്രോള്‍ വില വര്‍ധനയെക്കുറിച്ച് പ്രതികരിക്കവേ പറഞ്ഞിരുന്നു. രാജ്യാന്തര നിലയില്‍ യു എ ഇയുടെ മത്സരക്ഷമതയെ ശക്തിപ്പെടുത്താനും ഇന്ധന വിലയിലെ മാറ്റം ഉപകരിക്കും. സ്‌പെഷല്‍ ഗ്രേഡ് വിഭാഗത്തില്‍ പെടുന്ന ഒക്ടെയിന്‍ പെട്രോളിനാണ് ലിറ്ററിന് 2.14 ദിര്‍ഹവും സൂപ്പര്‍ ഗ്രേഡിന്(98 ഒക്ടെയിന്‍) 2.25 ദിര്‍ഹമാണ് ഈടാക്കുന്നത്. നേരത്തെ ഇത് 1.72 ദിര്‍ഹവും 1.83 ദിര്‍ഹമായിരുന്നു. വില പുതുക്കി നിശ്ചയിച്ചതോടെ ഡീസലിന് ലിറ്ററിന് 2.05 ദിര്‍ഹമായി കുറഞ്ഞിരുന്നു. നേരത്തെ 2.90 ദിര്‍ഹമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here