എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്: കലാപ്രതിഭകളെ സ്വീകരിക്കാന്‍ മര്‍കസ് ഒരുങ്ങി

Posted on: August 20, 2015 3:06 pm | Last updated: August 20, 2015 at 3:06 pm
SHARE

sahityotsav lolgo

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ ധാര്‍മിക കലാമേളയായ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് മത്സരിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ പ്രസ്ഥാനിക കുടുംബത്തിന്റെ വൈജ്ഞാനിക തലസ്ഥാനമായ കാരന്തൂര്‍ മര്‍കസ് ഒരുങ്ങി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുമായി 104 മത്സര ഇനങ്ങളില്‍ 1986 വിദ്യാര്‍ത്ഥികളാണ് ഈ മാസം 28,29 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിനെത്തുന്നത്. വിശാലമായ പന്തലുകളും സി സി ടിവികളുമടക്കം ശ്രോതാക്കള്‍ക്ക് വിപുലമായ സംവിധാനങ്ങളാണ് മര്‍കസില്‍ ഒരുങ്ങുന്നത്.
പ്രസ്ഥാനിക നായകന്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് ഇത്തവണ സംസ്ഥാന സാഹിത്യോത്സവ് അരങ്ങൊരുങ്ങുന്നത് എന്നത് കലാപ്രേമികളെ കൂടുതല്‍ ആവേശഭരിതരാക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, ദഫ്, അറബനമുട്ട്, സ്വീറാ പാരായണം തുടങ്ങിയ മാപ്പിള കലകളും ബുര്‍ദ, മൗലിദ് തുടങ്ങിയ അന്താരാഷ്ട്ര കാവ്യങ്ങളും വേദിയിലെത്തും. വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങള്‍, കവിതാപാരയണം, രചനാ മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സാഹിത്യോത്സവില്‍ അരങ്ങേറും. ഡിജിറ്റല്‍ ഡിസൈനിംഗ്, പവര്‍ പോയിന്റ് പ്രസന്റേഷന്‍, പ്ലോട്ട് തുടങ്ങിയ പരിപാടികള്‍ സാഹിത്യോത്സവിന്റെ ആധുനികതയെ അടയാളപ്പെടുത്തുമ്പോള്‍ ഖുര്‍ആന്‍ പാരയണ, ഹിഫഌ മത്സരങ്ങളും ബൈത്ത് മുസാബക്കയും പരിപാടിയുടെ പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്നു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഇത്തവണ സംസ്ഥാന സാഹിത്യോത്സവിന് ഉണ്ടായിരിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
പരിപാടിയുടെ മുന്നോടിയായി ഇന്നലെ വൈകീട്ട് 3ന് മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മര്‍കസ് സ്റ്റാഫ് കണ്‍വെന്‍ഷനില്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മത്സരാര്‍ത്ഥികളെ വരവേല്‍ക്കാന്‍ മര്‍കസും ജീവനക്കാരും ഒരുങ്ങിക്കഴിഞ്ഞു എന്നും വിപുലമായ തയ്യാറെടുപ്പുകളാണ് മര്‍കസില്‍ സജ്ജീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം വിഷയാവതരണം നടത്തി. കലാം മാവൂര്‍, സമദ് സഖാഫി മായനാട്, ഉബൈദ് സഖാഫി, അമീര്‍ ഹസന്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here