Connect with us

Kerala

സര്‍ക്കാറിന് തിരിച്ചടി; വാര്‍ഡ് വിഭജനം റദ്ദാക്കിയ ഉത്തരവിന് സ്‌റ്റേ ഇല്ല

Published

|

Last Updated

കൊച്ചി: പഞ്ചായത്ത് വിഭജനം സ്റ്റേ ചെയ്ത ഹോകോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഹൈകോടതി തള്ളി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ഇലക്ഷന്‍ കമ്മിഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ട് പോയാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്.

തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ കമ്മിഷന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണം. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നല്‍കിയ ഉത്തരവില്‍ പറയുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ നല്‍കേണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യം. ഈ ആവശ്യത്തിന് അനുകൂലമായാണ് ഇപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

കേസില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ് വന്നിരിക്കുന്നത്. ഇലക്ഷന്‍ കമ്മിഷന്റെ നിലപാടുകള്‍ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. 2010 ലെ വിഭജന പ്രകാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന കമ്മിഷന്റെ ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. സിംഗിള്‍ ബഞ്ച് വിധി സ്‌റ്റേ ചെയ്യാന്‍ പ്രഥമ ദൃഷ്ട്യാ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.
യു ഡി എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗ് പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.