മദ്യ ഉപയോഗം കുറക്കുക ലക്ഷ്യമെങ്കില്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതെന്തിന്?-കോടതി

Posted on: August 20, 2015 10:26 am | Last updated: August 20, 2015 at 11:05 pm
SHARE

supreme courtന്യൂഡല്‍ഹി: അര്‍ധമനസ്സോടെയാണോ സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തിന് രൂപം നല്‍കിയതെന്ന് സുപ്രീം കോടതി. മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ചില നടപടികള്‍ കണ്ടാല്‍ പകുതി മനസ്സോടെയാണ് ഇത് നടപ്പാക്കിയതെന്ന് തോന്നുമെന്നും മദ്യ ഉപയോഗം കുറക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ എന്തിനാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതെന്നും കോടതി ചോദിച്ചു. ബിയര്‍ പാര്‍ലറുകളും മദ്യത്തിന്റെ ഭാഗമല്ലേ എന്നും കോടതി ചോദിച്ചു. ബിയര്‍ വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ ബാര്‍ ഉടമകള്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ക്കുന്നവര്‍ ബിയര്‍ പാര്‍ലറുകളെ എതിര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.
ബാര്‍ ലൈസന്‍സ് നിഷേധിച്ചത് ചോദ്യം ചെയ്ത് ഹോട്ടലുടമകള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ബിയര്‍, വൈന്‍ ലൈസന്‍സുകള്‍ അനുവദിച്ച സര്‍ക്കാറിന്റെ നടപടി മദ്യനയത്തിന്റെ അന്തസത്തക്കു നിരക്കുന്നതാണോയെന്ന് കോടതി ആരാഞ്ഞത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് അനുവദിച്ചതെന്നായിരുന്നു കേരളത്തിനു വേണ്ടി ഹാജരായ കപില്‍ സിബലിന്റെ മറുപടി. സര്‍ക്കാറിന്റെ മദ്യനയം തെറ്റാണെങ്കില്‍, ബിയര്‍, വൈന്‍ ലൈസന്‍സുകള്‍ അനുവദിച്ചതും തെറ്റല്ലേയെന്ന് കോടതി ബാറുടമകളോട് ആരാഞ്ഞു. മദ്യനയം ടൂറിസത്തെ ബാധിക്കുമെന്ന ബാറുടമകളുടെ വാദം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.
ബിയറും വൈനും ലഭിക്കുമെന്നിരിക്കെ, വീര്യം കൂടിയ മദ്യം ലഭിക്കാത്തതുകൊണ്ടുമാത്രം വിനോദസഞ്ചാരികള്‍ ഹോട്ടലുകളില്‍ മുറിയെടുക്കാതിരിക്കില്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ അത് വളരെ ചുരുങ്ങിയ ശതമാനം മാത്രമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടുന്നതിലെ പരിമിതിയും കോടതി സൂചിപ്പിച്ചു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വര്‍ റാവു ബാറുടമകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ ഹാജരായി. കേസില്‍ ഇന്നും വാദം തുടരും.
അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ആത്മാര്‍ഥമല്ലെന്ന് ബാര്‍ ഉടമകള്‍ കോടതിയെ ബോധിപ്പിച്ചു. മദ്യ ഉപയോഗം കുറക്കുകയല്ല സര്‍ക്കാറിന്റെ ഉദ്ദേശ്യം. പകരം സര്‍ക്കാറിന്റെ വരുമാനം വര്‍ധിര്‍പ്പിക്കുകയെന്നാണ് സര്‍ക്കാര്‍ മദ്യ നയത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാറിന്റെ മദ്യനയം ടൂറിസം മേഖലയെ ബാധിക്കുമെന്ന ഹോട്ടലുകാരുടെ വാദത്തേയും കോടതി തള്ളി. വിനോദ സഞ്ചാരത്തിനായി എത്തുന്നവര്‍ മദ്യം വിളമ്പുമോ എന്ന് നോക്കിയല്ല ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നതെന്നും കോടതി പറഞ്ഞു.