ചെറു സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതര്‍

Posted on: August 20, 2015 12:23 am | Last updated: August 20, 2015 at 12:23 am
SHARE

womenന്യൂഡല്‍ഹി: ചെറിയ സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നത് എന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വലിയ സംസ്ഥാനങ്ങളുമായ താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാടും ബീഹാറുമാണ് സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ മുന്നിലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തീവ്രവാദ ആക്രമണങ്ങള്‍ സര്‍വസാധാരണമായ നാഗാലാന്‍ഡിന്റെ കാര്യമെടുത്താല്‍, അവിടെ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2014ല്‍ 67 സംഭവങ്ങളാണ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ കുറ്റകൃത്യങ്ങളുടെ തോത് വെറും ആറ് ശതമാനം മാത്രമാണ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലാകട്ടെ ആറ് കേസുകള്‍ മാത്രമാണ് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ളു. കുറ്റകൃത്യങ്ങളുടെ തോത് പത്ത് ശതമാനമേ വരൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.
ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള പുതുച്ചേരിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തോത് 10.6 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 77 കേസുകള്‍.
491 കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ദാദ്ര നഗര്‍ ഹവേലിയില്‍ 21 കേസുകളും ദമാന്‍ ദ്യൂവില്‍ 15 കേസുകളുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. ഇരു സംസ്ഥാനങ്ങളിലെയും കുറ്റകൃത്യങ്ങളുടെ തോത് യഥാക്രമം 11.1ഉം 14.6ഉം ശതമാനം വരും.
വലിയ സംസ്ഥാനമായ തമിഴ്‌നാട് പത്ത് സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ആറാമതാണ്. 6325 കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ട് ഈ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വനിതാ മുഖ്യമന്ത്രി ഭരണം നടത്തുന്ന ഈ സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ തോത് 18.4 വരും.
പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള മണിപ്പൂരില്‍ 2014ല്‍ സ്ത്രീകള്‍ക്കെതിരായ 337 അതിക്രമ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യങ്ങളുടെ തോത് കണക്കാക്കിയാല്‍ ഇത് 26.7 ശതമാനം വരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പട്ടികയില്‍ മേഘാലയ, ഉത്തരാഖണ്ഡ് എന്നിവയാണ് തൊട്ടുപിന്നാലെ വരുന്ന സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ വനിതകള്‍ക്കെതിരെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യഥാക്രമം, 388, 1395 കേസുകളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.
എന്നാല്‍, കഴിഞ്ഞ വര്‍ഷം മാത്രം 15,000ലധികം സ്ത്രീവിരുദ്ധ അതിക്രമങ്ങള്‍ നടന്ന ബീഹാര്‍ ഈ പട്ടികയില്‍ പത്താം സ്ഥാനത്ത് ഉള്‍പ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ കുറ്റകൃത്യങ്ങളുടെ തോത് വളരെ കുറവായതിനാലാണ് ഇത് സംഭവിച്ചത്. 31.3 ശതമാനമാണ് ബീഹാറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തോത്.

LEAVE A REPLY

Please enter your comment!
Please enter your name here