വിജ്ഞാന വിഹായസ്സ്

Posted on: August 20, 2015 4:13 am | Last updated: August 20, 2015 at 12:14 am
SHARE
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സംക്രട്ടറി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാരും കാരന്തൂര്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും ചൊവ്വാഴ്ച രാത്രി രാത്രി ഡോ. ഉമര്‍ കാമിലുമായി നടത്തിയ കൂടിക്കാഴ്ച
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സംക്രട്ടറി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാരും കാരന്തൂര്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും ചൊവ്വാഴ്ച രാത്രി രാത്രി ഡോ. ഉമര്‍ കാമിലുമായി നടത്തിയ കൂടിക്കാഴ്ച

ആ നിമിഷങ്ങള്‍ അത് അവസാനത്തേതാകുമെന്ന് കരുതിയിരുന്നില്ല. പക്ഷെ, ആ വാക്കുകളില്‍ പല സൂചനകളുമുണ്ടായിരുന്നു. അത് തന്റെ അവസാനത്തെ ഉപദേശങ്ങളും സംഭാഷണവുമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. പക്ഷെ, അത് അങ്ങിനെ തന്നെ സംഭവിച്ചുവെന്ന് രാവിലെ വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ ബോധ്യമായി. ചൊവ്വാഴ്ച രാത്രി നൈലിന്റെ തലസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫ്രന്‍സിനിടയില്‍ കൈറോയിലെ ആശുപത്രിയില്‍ ചെന്ന് ഡോ. ഉമര്‍ അബ്ദുല്ലാ കാമിലിനെ ഞങ്ങള്‍ കാണുകയും കുറേ നേരം സംഭാഷണം നടത്തുകയും മന്ത്രിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
മക്കയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയായ ദല്ലാസിന്റെ ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായിരുന്ന ഡോ. ഉമര്‍ അബ്ദുല്ല കാമിലിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹജ്ജ് വേളയില്‍ മിനായില്‍ വെച്ചാണ് പരിചയപ്പെട്ടത്. മുക്കം കക്കാട് സ്വദേശിയും സുന്നി പ്രവര്‍ത്തകനുമായ ബഷീര്‍ ഹാജിയോടൊപ്പം 2002ല്‍ മിനായിലെത്തിയ അദ്ദേഹം ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഉടനെ ജിദ്ദയിലെത്താന്‍ നിര്‍ബന്ധിച്ചു. ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം വലിയ വിരുന്നാണൊരുക്കിയത്. വീട്ടിലെത്തിയപ്പോള്‍ ഭക്ഷണത്തെക്കാളും മറ്റു സ്വീകരണത്തേക്കാളും ഞങ്ങളെ ആകര്‍ഷിച്ചത് അവിടുത്തെ ബിദ്അത്ത് കാരോടുള്ള വിദ്വേഷവും പ്രവാചക സ്‌നേഹം നിറഞ്ഞ ചര്‍ച്ചയും കൂടെ സലഫിസത്തിനെതിരെയും മറ്റും അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളുടെ കെട്ടുകളുമായിരുന്നു.
യഥാര്‍ഥത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സുന്നി ഏകോപനവും സലഫിസത്തിനും മറ്റു തീവ്രവാദങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ഒരു തുടക്കവുമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് വ്യക്തമായി. തുടര്‍ന്ന് മര്‍കസിന്റെ സമ്മേളനത്തിന് മുഖ്യാതിഥിയായി എത്തിയ ഡോ. ഉമര്‍ കാമില്‍ മര്‍കസിനൊപ്പം ഇന്ത്യയിലുള്ള സുന്നി നേതാക്കള്‍ക്കൊപ്പം പടയോട്ടം ആരംഭിക്കുകയായിരുന്നു.
മര്‍കസിന്റെ വികസനത്തില്‍ മുഖ്യ പങ്കാളിയായി മാറിയ ഉമര്‍കാമില്‍ തന്റെ കാര്‍മികത്വത്തില്‍ മര്‍കസും അല്‍ അസ്ഹറുമായി സിലബസ് ഏകീകരണമുണ്ടാക്കുകയും അതനുസരിച്ച് മര്‍കസില്‍ മൂന്ന് കോളജുകള്‍ ആരംഭിക്കാന്‍ കെട്ടിടം നിര്‍മിക്കുകയും വിദേശികളും സ്വദേശികളുമായ മുദരിസുമാരെ നിയമിച്ച് കുല്ലിയ ലുഗല്‍ അറബിയ്യ , കുല്ലിയ്യ ശരീഅ, കുല്ലിയ്യ ഉസൂലുദ്ദീന്‍ തുടങ്ങിയ കോളജുകള്‍ ആരംഭിക്കുകയും വൈകാതെ ആ കോളജുകള്‍ക്ക് അല്‍ അസ്ഹര്‍ കോളജുകളുടെ തുല്യതാ പദവി വാങ്ങിക്കൊടുക്കുകുയം ചെയ്തു.
ഈ കോളജുകളുടെ കെട്ടിടം, ഹോസ്റ്റല്‍, അതിലേക്കുള്ള പഠപുസ്തകങ്ങള്‍, ഉസ്താദുമാരുടെ ശമ്പളം അടക്കം എല്ലാം അക്കാലത്ത് അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലായിരുന്നു. മര്‍കസിന്റെ അക്കാദമിക ഉപദേഷ്ടാവായി മാറിയ അദ്ദേഹം മാസങ്ങളോളം മര്‍കസില്‍ താമസിക്കുകയും വിദ്യാര്‍ഥികള്‍ക്കും ഉസ്താദുമാര്‍ക്കും പരിശീലനം നല്‍കുകയും ചെയ്തിരുന്നു.
മര്‍കസിന്റെ സ്ഥാപക കാലത്തുണ്ടായിരുന്ന സയ്യിദ് അബ്ദുല്ലാ കുലൈബ് അല്‍ഹാമിലിയെപ്പോലെ മര്‍കസിനെ അങ്ങേയറ്റം സ്‌നേഹിച്ച പണ്ഡിതനായിരുന്നു ഉമര്‍കാമില്‍. ദല്ലാ കമ്പനിയുടെ ചെയര്‍മാനായി സാമ്പത്തികരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ആ മേഖലയില്‍ നിന്നും മാറി ആത്മീയ ലോകത്തേക്കും സുന്നീ പ്രാസ്ഥാനിക സേവനരംഗത്തേക്കും കടന്നു വന്നപ്പോഴാണ് അദ്ദേഹത്തിന് മര്‍കസ് പുതിയ താവളമൊരുക്കിയത്. കേരളത്തിലുള്ള സുന്നീ നേതാക്കളുടെയും സമസ്തയുടെയും ആദര്‍ശ രംഗത്തുള്ള ശക്തമായ നിലപാട് അദ്ദേഹത്തെ ഹഠാതാകര്‍ഷിച്ചു. ബിദ്അത്തുകാരായ സലഫികള്‍ക്കും മറ്റുമെതിരെ പടയൊരുക്കി മുസ്‌ലിം സമുദായത്തെ യഥാര്‍ഥ തൗഹീദിലും വിശ്വാസാചാരങ്ങളിലും അടിയുറപ്പിച്ച് നിര്‍ത്താനാണ് മര്‍കസ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കിയത് കൊണ്ടാണ് മര്‍കസിന്റെ മുന്നേറ്റത്തില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചത്.
ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ ഉപദേഷ്ടാക്കളിലൊരാളായിരുന്ന ഉമര്‍ കാമില്‍ അല്‍അസ്ഹറിനെ സുന്നീ ആദര്‍ശത്തില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. മര്‍കസില്‍ നിന്ന് 50-ഓളം വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനം നല്‍കാന്‍ ഈജിപ്തില്‍ കൊണ്ട് പോവുകയും അവര്‍ക്കുള്ള താമസവും മറ്റു സൗകര്യങ്ങളും സ്വന്തം ചെലവില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം ആ വിദ്യാര്‍ഥികളെ പലപ്പോഴും ബുര്‍ദ, മൗലിദ് സദസ്സുകളിലും നഖ്ശബന്തിയ്യ റാത്തീബ് വേദികളിലും പങ്കെടുപ്പിക്കുമായിരുന്നു.
അല്‍ അസ്ഹര്‍ ചാന്‍സലര്‍ ഡോ. അഹ്മദ് ത്വയ്യിബ് , ഈജിപ്ത് ഗ്രാന്റ് മുഫ്തീ ഡോ. അലി ജൂമുഅയടക്കമുള്ളവരെ തല്‍സ്ഥാനങ്ങളില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ഉമര്‍കാമിലിന്റെ സ്വാധീനം നിര്‍ണായകമായിരുന്നു. കാരണം അവര്‍ സുന്നീ വിശ്വാസ ധാരയായ അശ്അരീ പാതയില്‍ അടിയുറച്ചുവരാണ് എന്ന് ഉമര്‍കാമിലിനറിയാമായിരുന്നു.
ഈജിപ്തില്‍ അല്‍ അസ്ഹറിന്റെ പൂര്‍വ വിദ്യാര്‍ഥികളുടെ അന്താരാഷ്ട്ര ഉച്ചകോടി എന്ന പരിപാടി സംഘടിപ്പിച്ചതും അതിന്റെ ഭാഗമായി ഈജിപ്തിലും മലേഷ്യയിലും നടന്ന സമ്മേളനത്തിലേക്ക് മര്‍കസ് പ്രതിനിധികളെയും എന്നെയും ക്ഷണിച്ചതും ഉമര്‍കാമില്‍ മുഖേനയായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്റര്‍നാഷനല്‍ മീലാദ് കോണ്‍ഫറന്‍സ് എന്ന പേരില്‍ മൗലീദ് സമ്മേളനം നടത്താന്‍ മുന്നിട്ടിറങ്ങിയത് അദ്ദേഹത്തിന്റെ ധൈര്യമായിരുന്നു.
കേരളത്തില്‍ മൂന്ന് തവണയും ഒരു തവണ ഗുജറാത്തിലും സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൗലീദ് സംഘങ്ങളെയും ഹുബ്ബൂര്‍ റസൂല്‍ പ്രഭാഷകന്‍മാരെയും അദ്ദേഹം തന്നെ കൊണ്ടു വന്നപ്പോള്‍ ഇന്ത്യന്‍ ജനതക്കത് ആ സദസ്സുകള്‍ ആവേശമായി മാറുകയായിരുന്നു. സഊദിയിലെ ഒരു മത പണ്ഡിതന്‍ ഇത്രയും വലിയ മൗലീദ് സമ്മേളനം സ്വന്തം കാര്‍മികത്വത്തില്‍ നടത്തുകയെന്നത് കേരളത്തിലെ സുന്നികള്‍ക്ക് തന്നെ വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു.
ഇന്ത്യയിലെ മൊത്തം സുന്നി സ്ഥാപനങ്ങളുടെ കൂട്ടായ്മയായി റാബിത്വത്തുല്‍ ജാമിആത്ത് എന്ന ബോര്‍ഡ് രപവത്കരിക്കുകയും അവിടേക്കെല്ലാം തന്റെ പ്രതിനിധിയായി ശൈഖ് അബ്ദുറഹിമാന്‍ ബൈത്തിയെ പറഞ്ഞയക്കുകുയം ചെയ്യുക വഴി വിജ്ഞാന പ്രചാരണരംഗത്തും ആദര്‍ശസംരക്ഷണ മേഖലയിലും അവിടുത്തെ ശുഷ്‌കാന്തി ഏവര്‍ക്കും അറിയാമായിരുന്നു.
അറബിവ്യാകരണം, തര്‍ക്കശാസ്ത്രം, മന്‍തീഖ്, ഫല്‍സഫ, അഖീദ തുടങ്ങി നിരവധി വിഷയങ്ങളില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ നവീനവാദികള്‍ക്കെതിരെയുള്ള പടവാളുകളാണ്. തവസ്സൂല്‍, ഉസ്തിഗാസ, നബിദിനാഘോഷം, ബറാഅത്ത് രാവിന്റെ പ്രാധാന്യം , ബിദ്അത്ത്, സുന്നത്ത്, തൗഹീദ് , തബര്‍റുക്ക് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം രചിച്ച ലഘുകൃതികള്‍ ഏത് സാധാരണക്കാര്‍ക്കും തിരിയുന്ന ലളിതമായ ഭാഷയില്‍ ”കലിമത്തുല്‍ ഹദിഅ” (ശാന്തവചനം) എന്ന പേരില്‍ ഒരു പരമ്പരയാണ് സുന്നീ സലഫീ തര്‍ക്ക വിഷയങ്ങളില്‍ അദ്ദേഹം എഴുതിയിട്ടുള്ളത്. അതിന്റെ പല കോപ്പികളും മര്‍കസില്‍ നിന്ന് അദ്ദേഹം തന്നെ പുന: പ്രസിദ്ധീകരിക്കുകയുണ്ടായി . ചിലതൊക്കെ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
പ്രവാചക സ്‌നേഹിയും ഗ്രന്ഥകാരനും സഊദി മുന്‍മന്ത്രിയുമായിരുന്ന ഡോ. മുഹമ്മദ് അബ്ദു യമാനി പരേതന്റെ സഹോദരി ഭര്‍ത്താവാണ്. ഡോ. മുഹമ്മദ് മാലികി, സയ്യിദ് അബ്ബാസ് മാലികി, ശൈഖ്അബ്ദുല്ലാ ഫദ്അഖ്, ശൈഖ് ഉമര്‍ജീലാനി തുടങ്ങി സഊദിയിലെ സുന്നീ പണ്ഡിതന്മാര്‍ക്കൊപ്പം സുന്നി വിരുദ്ധര്‍ക്കെതിരെ പടയോട്ടും നയിക്കുന്നതിലും പ്രവാചക സ്‌നേഹവും സുന്നീ ആചാരങ്ങളും സ്ഥാപിക്കുന്നതിലും മുന്നണിപ്പോരാളിയായിരുന്നു ഉമര്‍കാമില്‍.
നഖ്ശബന്തിയ്യ താരീഖത്തിന്റെ ശൈഖ് കൂടിയായ അദ്ദേഹത്തിന്റെ വീട്ടില്‍ എല്ലാ മാസവും നഖ്ശബന്തിയ്യ റാത്തീബ് നടക്കുകയും നൂറുകണക്കിന് സഊദികള്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. റബീഉല്‍ അവ്വലില്‍ മൗലിദാഘോഷം സമുചിതമായി നടത്തുന്ന അദ്ദേഹം സഊദിയിലുണ്ടെങ്കില്‍ 11ന് രാത്രി മദീനയിലെത്തും. 12ന് രാവിലെ അവിടെ ഔഖാഫിന്റെ കെട്ടിടത്തില്‍ സുബ്ഹിക്ക് മുമ്പ് മൗലീദ് ആരംഭിക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ മൗലീദും സദസ്സില്‍ വിതരണം ചെയ്യുന്ന ഭക്ഷണവും എല്ലാം ഉമര്‍കാമിലിന്റെ നേതൃത്വത്തിലാണ് നടക്കാറുള്ളത്. ഒരിക്കല്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ഞങ്ങളൊടൊന്നിച്ച് കൈറോയിലായിരുന്നു. അന്ന് കൈറോ മസ്ജിദ് ഹുസൈനിലുള്ള ശഅ്‌റ് മുബാറക്കടക്കമുള്ള ആസാറുന്നബിക്ക് മുന്നില്‍ വെച്ച് നടത്തിയ മൗലീദ് പരിപാടിയില്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള പണ്ഡിതര്‍ പങ്കെടുത്തിരുന്നു.
ലോകത്ത് സുന്നീ പണ്ഡിതന്മാരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാനുള്ള വലിയ ആഗ്രഹം മഹാനവര്‍കള്‍ക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍കസില്‍ അദ്ദേഹം ഇന്റര്‍നാഷനല്‍ ദഅ്‌വാ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചത്. കറാച്ചി യൂനിവേഴ്‌സിറ്റിയില്‍ നിന്നും അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച് ഡി നേടിയ അദ്ദേഹം ലണ്ടനിലെ വെയില്‍സ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച് ഡിക്ക് പഠനം നടത്തുകയായിരുന്നു.
തന്റെ കൃതികളെ പോലെ സഊദിയിലെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ അദ്ദേഹം നടത്തിയ ചര്‍ച്ചകളും പ്രബന്ധങ്ങളും സുന്നി ഇതര വിശ്വാസികള്‍ക്കും വിഘടന വാദികള്‍ക്കുമുള്ള വലിയ പ്രഹരമായിരുന്നു.
മര്‍കസിനെ സ്‌നേഹിച്ച് മര്‍കസിലേക്ക് വരാന്‍ കാത്തിരിക്കുന്വോഴാണ് മിനിഞ്ഞാന്ന് ഞങ്ങള്‍ കൈറോയില്‍ വെച്ച് അവസാനമായി കണ്ടു മുട്ടിയത്. അല്ലാഹു അവിടുത്തെ പരലോക ജീവിതം വെളിച്ചമാകട്ടെ!