Connect with us

Editorial

അറബിക് കലാശാലക്കെതിരെ ഉദ്യോഗസ്ഥ മേധാവികളും

Published

|

Last Updated

കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നത് മുതല്‍ അതിന് തടയിടാനുള്ള ആസൂത്രിത നീക്കങ്ങള്‍ നാനാ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നതാണ്. ഭരണ മുന്നണിയിലെ തന്നെ ചിലര്‍ ഇതിനെതിരെ പാര പണിതു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് അവരുടെ നീക്കങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഏറ്റവുമൊടുവില്‍ ചീഫ് സെക്രട്ടറി ജിജി തോംസണും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമും ഇവരുടെ പിന്നില്‍ അണിചേര്‍ന്നിരിക്കുന്നു. സംഘ് പരിവാറിന്റെ ഭാഷയില്‍ വര്‍ഗീയ മാനം നല്‍കിയാണ് ഈ പദ്ധതിയെ അവര്‍ എതിര്‍ക്കുന്നതെന്നതാണ് വിചിത്രം. “കലാപ കലുഷിതമായ അന്തരീക്ഷത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനേ അറബിക് സര്‍വകലാശാല ഉപകരിക്കൂ. ഭരണ ഘടനയുടെ പട്ടികയിലുള്ള 22 ഭാഷകളില്‍ അറബിയില്ല. വിദേശ ഭാഷാ പഠനത്തിന് സര്‍വകലാശാല സ്ഥാപിക്കണമെങ്കില്‍ കേന്ദ്ര വിദേശ കാര്യ, മാനവ വിഭവ ശേഷി മന്ത്രാലയങ്ങളുടെ അനുമതി വാങ്ങേണ്ടതുണ്ട്. ഇന്റലിജന്‍സ് കേന്ദ്രങ്ങളുടെ നിരന്തര അന്വേഷണത്തിനും അറബിക് സര്‍വകലാശാല ഇടയാക്കു” മെന്നൊക്കെയാണ് ഈ ഉദ്യോഗസ്ഥ മേധാവികള്‍ ഇതു സംബന്ധിച്ച ഫയലില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്.
അറബി ഭാഷയുടെ ആഗോള പ്രാധാന്യവും കേരളവുമായുള്ള അതിന്റെ സുദൃഢ ബന്ധവും സംസ്ഥാനത്തിന്റെ സമ്പദ് ഘടനയില്‍ അറബി രാജ്യങ്ങളുടെ പങ്കും അറിയാത്തവരാണോ ഈ ഉദ്യോഗസ്ഥ മേധാവികള്‍? ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളില്‍ മുന്‍നിരയിലാണ് അറബി. ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയ ഭാഷയാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പഠിക്കുന്ന വിദേശ ഭാഷയുമിതാണ്. അറബികളുമായുള്ള നിരന്തര വാണിജ്യ സമ്പര്‍ക്ക ഫലമായി ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പുതന്നെ അറബി ഭാഷ ഇന്തയില്‍ വിശിഷ്യാ കേരളത്തിലെത്തിയിരുന്നു. വ്യാപാരങ്ങള്‍ക്കൊപ്പം പരസ്പരം കൈമാറിയ സംസ്‌കാരങ്ങളിലൂടെയാണ് കേരളം ആദ്യഘട്ടത്തില്‍ അറബി ഭാഷയെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. മലയാള ഭാഷയിലും കേരളീയ സംസ്‌കാരങ്ങളിലും എമ്പാടും കാണാം ഈ ബന്ധത്തിന്റെ അടയാളപ്പെടുത്തലുകള്‍. നിരവധി രചനകള്‍ കൈരളിക്ക് സമ്മാനിക്കുക വഴി മലയാളികളെ സാക്ഷരരാക്കുന്നതിലും അക്ഷരഭ്യാസത്തിന്റെ ഉന്നതിയിലേക്കുയര്‍ത്തുന്നതിലും അറബി ഭാഷയുടെ പങ്ക് അദ്വിതീയമാണ്. തുഞ്ചത്ത് എഴുത്തച്ഛന്റെ മലയാള ഭാഷാ സംഭാവനകള്‍ക്ക് എത്രയോ മുമ്പേ കേരളക്കരയില്‍ അറബി ഭാഷയുടെ സ്വാധീനവും സാന്നിധ്യവും കാണാനാകുന്നതാണ്. കേരളത്തിന്റെ വികസനക്കുതിപ്പില്‍ അറേബ്യന്‍ തൊഴില്‍ മേഖലകളിലെ മലയാളി സാന്നിധ്യവും സ്മരിക്കപ്പെടേണ്ടതുണ്ട്. മതഭേദമന്യേ ലക്ഷക്കണക്കിന് കേരളീയരാണ് അറബ് രാഷ്ട്രങ്ങളില്‍ തൊഴിലെടുത്ത് ജീവക്കുന്നത്. ഇവരില്‍ ബഹുഭൂരിഭാഗവും അറബി സംസാര ഭാഷ സ്വായത്തമാക്കിയവരുമാണ്. എന്നിട്ടും അറബിയെ കേവലം മുസ്‌ലിംകളുടെ ഭാഷയായി കാണുന്ന ഉദ്യോഗസ്ഥ മേധാവികളുടെ ഉള്ളിലിരുപ്പ് എന്താണാവോ?
മുസ്‌ലിം സമൂദായത്തിന്റെയോ, ലീഗിന്റെയോ അജന്‍ഡ എന്ന നിലയിലാണ് അറബിക് സര്‍വകലാശാലക്ക് വേണ്ടിയുള്ള ആവശ്യത്തെ ഉദ്യോഗസ്ഥ ലോബിയും ചില സമുദായങ്ങളും നോക്കിക്കാണുന്നത്. അറബിക് സര്‍വകലാശാല അനുവദിക്കുകയാണെങ്കില്‍ ക്രിസ്ത്യന്‍ സര്‍വകലാശാലയും സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നതിന്റെ സാഹചര്യം ഇതായിരിക്കണം. എന്നാല്‍ അറബിയുടെ നടേപറഞ്ഞ പൈതൃകവും അറബ് തൊഴില്‍ മേഖലകളിലെ സാധ്യതകളുമെല്ലാം പരിഗണിച്ചാണ് സംസ്ഥാനത്ത് അറബിക് സര്‍വകലാശാലക്ക് വേണ്ടിയുള്ള ആവശ്യമുയര്‍ന്നത്. ചില മുന്‍ധാരണകളാണ് ഇതില്‍ സാമുദായിക താത്പര്യം ആരോപിക്കുന്നതിന് പിന്നില്‍. സംസ്ഥാനത്ത് ഒരു അറബിക് സര്‍വകലാശാല ആരംഭിക്കണമെന്ന് ആദ്യമായി ശിപാര്‍ശ ചെയ്തത് ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ രൂപവത്കൃതമായ പാലൊളി കമ്മിറ്റിയാണ്. ടി പി ശ്രീനിവാസന്‍ ചെയര്‍മാനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലാണ് എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇതു സംബന്ധിച്ച ശിപാര്‍ശ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുന്നത്.
കേരളത്തില്‍ അറബി ഭാഷയുടെ വളര്‍ച്ചയും വ്യാപനവും കേവലം ഒരു സമുദായത്തിന്റെ അജന്‍ഡയല്ല. പൊതുസമൂഹത്തിന്റെ, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ച ആഗ്രഹിക്കുന്നവരുടെ, സാംസ്‌കാരിക ബന്ധങ്ങളിലെ ഊഷ്മളത ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭരണ മേധാവികളുടെയുമെല്ലാം താത്പര്യമാണ്. അറബിക് സര്‍വകലാശാലക്ക് തുരങ്കം വെക്കാനൊരുമ്പെടുന്ന സാമുദായിക ശക്തികളെയും ധനവകുപ്പിലെ വര്‍ഗീയ ലോബിയെയും പൊതുസമൂഹം തിരിച്ചറിയണം. സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മതഭേദമന്യേ കൂട്ടായ ശ്രമവും സമ്മര്‍ദ്ദവും അനിവാര്യമാണ്.

Latest