പുതിയതെന്ന വ്യാജേന വില്‍ക്കാന്‍ ശ്രമിച്ച 7,000 മൊബൈലുകള്‍ പിടികൂടി

Posted on: August 19, 2015 6:40 pm | Last updated: August 19, 2015 at 6:40 pm
SHARE

MOBILEദുബൈ: പുതിയതെന്ന വ്യാജേന വില്‍ക്കാന്‍ ശ്രമിച്ച 7,000 മൊബൈലുകള്‍ സാമ്പത്തിക വികസന വകുപ്പ് (ഡി ഇ ഡി) പിടികൂടി. 70 ലക്ഷം ദിര്‍ഹം വിലവരുന്ന മൊബൈലുകളാണ് ഇത്തരത്തില്‍ വില്‍പന നടത്താന്‍ ശ്രമിച്ചത്.
നഗരത്തിലെ വെയര്‍ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഡി ഇ ഡി ഉദ്യോഗസ്ഥര്‍ മൊബൈല്‍ പിടിച്ചെടുത്തത്. ഉപയോഗിച്ച മൊബൈലുകള്‍ ശേഖരിച്ച് ആവശ്യമായ പോളീഷിംഗും മറ്റും നടത്തി പാക്ക് ചെയ്ത് പുതിയതെന്ന വ്യാജേന വില്‍ക്കാനായിരുന്നു ശ്രമം. യു എ ഇ നിയമ പ്രകാരം ഇത് വ്യാപാരത്തിലെ വഞ്ചനയുടെ പരിധിയില്‍ വരുന്നതാണെന്ന് ഡി ഇ ഡി ഭൗതിക സ്വത്തവകാശ വിഭാഗം ഡയറക്ടര്‍ ഇബ്രാഹീം ബഹ്‌സാദ് വ്യക്തമാക്കി. നൈഫ്, സത്‌വ തുടങ്ങിയ മേഖലകളിലെ 18 കടകളിലേക്കായിരുന്നു വെയര്‍ഹൗസില്‍ നിന്നു മൊബൈല്‍ വില്‍പനക്കായി എത്തിച്ചത്.
ഇവരില്‍ പലരും കോപ്പി റൈറ്റ് ആക്ടും ഭൗതിക സ്വത്തവകാശ നിയമവും ലംഘിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ട്. ചില കടകള്‍ രാത്രി വൈകിയും തുറന്നു പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് അസ്വാഭാവികത തോന്നിയതും റെയിഡിന് ഉത്തരവിട്ടതും. മൊബൈലുകള്‍ പിടികൂടിയ കടകളിലേക്ക് വെയര്‍ഹൗസുകളില്‍ നിന്ന് രാത്രി വൈകിയും കൂടിയ തോതില്‍ മൊബൈല്‍ എത്തിക്കുന്നതാണ് സംശയത്തിന് ഇടയാക്കിയതെന്നും ഇബ്രാഹീം വിശദീകരിച്ചു.