Connect with us

Gulf

മദ്ഹയില്‍ കുറഞ്ഞ നിരക്കില്‍ പെട്രോള്‍ നിറക്കാന്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ

Published

|

Last Updated

ഖോര്‍ഫക്കാന്‍: ഖോര്‍ഫക്കാനും ദിബ്ബക്കുമിടയില്‍ ഒമാന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്ഹ അല്‍ മഹാ പെട്രേള്‍ പമ്പില്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം നിറക്കാന്‍ വന്‍ തിരക്ക്. സ്വദേശികളും വിദേശികളും കിലോ മീറ്ററോളം ദൂരത്തില്‍ മണിക്കൂറുകള്‍ കാത്ത് നിന്നാണ് കുറഞ്ഞ വിലയില്‍ ഇന്ധനം നിറക്കുന്നത്. യു എ ഇയില്‍ പെട്രോളിന് വില കൂടുന്നതിന് മുമ്പും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കുന്നതിനാല്‍ ഒമാന്‍ പമ്പില്‍ വാഹനങ്ങളുടെ തിരക്കായിരുന്നുവെങ്കിലും ഇപ്പോള്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.
യു എ ഇയില്‍ പെട്രോളിന് വില വര്‍ധിക്കുകയും ഒമാന്‍ പമ്പില്‍ വില്‍പന കൂടുകയും ചെയ്തതോടെ ഈ പമ്പില്‍ തൊഴിലാളികള്‍ക്ക് വിശ്രമമില്ലാത്ത തിരക്കാണ്.
മുമ്പ് ഇവിടെ രണ്ട് തരം പെട്രോളുകളായിരുന്നു വില്‍പന നടത്തിയിരുന്നത്. ഓര്‍ഡിനറിയും സൂപ്പറും. എന്നാല്‍ തിരക്ക് വര്‍ധിച്ചതോടെ സൂപ്പര്‍ മാത്രമാണ് വില്‍ക്കുന്നത്. പമ്പിലെ ടാങ്കുകള്‍ കാലിയാകുന്നതോടെ 3 മണിക്കൂറിടവിട്ട് ഒമാനിലെ സോനറില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ ഇവിടെ പെട്രോളെത്തുന്നു.
എമിറേറ്റിലെ പമ്പുകളില്‍ നിന്നും ഇന്ധനം ഫുള്‍ ടാങ്ക് അടിക്കുന്നതിനേക്കാള്‍ എണ്‍പതിലധികം ദിര്‍ഹമിന്റെ ആദായം ലഭിക്കുന്നതിനാല്‍ പെട്രോളിനായി മണിക്കൂറുകള്‍ വരിയായി കാത്ത് നില്‍ക്കാന്‍ തയ്യാറാണെന്ന് വാഹന ഉടമകള്‍ പറയുന്നു. വില വര്‍ധനവിന് മുമ്പ് ഈ പമ്പില്‍ ടാക്‌സികള്‍ക്ക് പെട്രോളടിക്കാന്‍ ഒരു ലൈന്‍ അനുവദിച്ചിരുന്നുവെങ്കിലും തിരക്കേറിയതോടെ അത് നിര്‍ത്തലാക്കി. തിരക്ക് കൂടിയതിനെ തുടര്‍ന്ന് പമ്പിലേക്കുള്ള റോഡില്‍ ഗതാഗത തടസം അനുഭവപ്പെടുകയും ചെയ്തതോടെ മണിക്കൂറുകളോളം നീളുന്ന ക്യൂ ഒരു വരി മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്.