വാറ്റ് നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്‌

Posted on: August 19, 2015 5:55 pm | Last updated: August 19, 2015 at 5:55 pm
SHARE

767207623ദുബൈ;രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടക്കുന്നതായി സാമ്പത്തിക കാര്യ മന്ത്രാലയം വെളിപ്പെടുത്തി. മറ്റ് ജി സി സി രാജ്യങ്ങള്‍ക്കൊപ്പമാവും യു എ ഇയും വാറ്റ് നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് യു എ ഇ മറ്റ് ജി സി സി രാജ്യങ്ങളുമായി നേരത്തെ കരാറില്‍ ഒപ്പിട്ടിരുന്നു. അന്തിമ കരാറില്‍ ഒപ്പുവെക്കുന്ന ചടങ്ങാണ് അവശേഷിക്കുന്നത്. എത്ര ശതമാനമാണ് മൂല്യ വര്‍ധിത നികുതിയായി ചുമത്തേണ്ടതെന്നും ഏതെല്ലാം ഉത്പന്നങ്ങളെയാണ് ഇതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടതെന്നതുമാണ് ഇനി തീരുമാനിക്കാനുള്ളത്. ഈ കാര്യത്തില്‍ അന്തിമ തീരുമാനമാവുന്നതോടെ രാജ്യം ജി സി സി രാജ്യങ്ങളുമായി അന്തിമ കരാറില്‍ ഒപ്പുവെക്കുമെന്നാണ് സാമ്പത്തിക മന്ത്രാലയം നല്‍കുന്ന സൂചന.
പുതിയ നികുതി ഏര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2015ന്റെ തുടക്കത്തിലാണ് ഇവ പൂര്‍ത്തീകരിച്ചത്. നിയമം നടപ്പാക്കി തുടങ്ങിയാല്‍ ഒന്നര വര്‍ഷത്തോളം സമയം അനുവദിക്കാനും നീക്കമുണ്ട്. വര്‍ഷത്തിന്റെ മൂന്നാം പാദത്തിലാവും ഇവ നടപ്പാക്കാന്‍ ആരംഭിക്കുകയെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതിനുള്ള കരട് പ്രാദേശിക സര്‍ക്കാരുകളും ഫെഡറല്‍ സര്‍ക്കാരും ചര്‍ച്ച ചെയതു കഴിഞ്ഞതായി സാമ്പത്തിക മന്ത്രാലയത്തിലെ അണ്ടര്‍-സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി ഈയിടെ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ കോര്‍പറേറ്റ് ടാക്‌സും വാറ്റും നടപ്പാക്കുന്നതിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിലയിരുത്തിക്കൊണ്ടിരിക്കയാണ്. എന്തായാലും വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നിയമം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്ര ശതമാനമാവും ഇതെന്ന് വ്യക്തമാക്കാന്‍ അല്‍ ഖൂരി തയ്യാറായില്ല. പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ കാതലായ മാറ്റമാവും പ്രകടമാവുക. ഇതിനുള്ള ബില്ലിന്റെ കരടിന് യു എ ഇ ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഐ എം എഫ് ഉള്‍പെടെയുള്ളവയുടെ പ്രേരണയും മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ട്.