ബീഹാറിനെ മോദി ലേലം വിളിക്കുകയാണോ എന്ന് നിതീഷ്‌കുമാര്‍

Posted on: August 19, 2015 6:00 am | Last updated: August 19, 2015 at 1:29 am
SHARE

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിനെ ലേലം വിളിക്കുകയാണോയെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്നെ പ്രധാനമന്ത്രി യാചകനെന്നും ധിക്കാരിയെന്നും വിളിക്കുന്നു. എങ്ങനെ ഒരാള്‍ക്ക് ഇത് രണ്ടുമാകാന്‍ കഴിയുമെന്ന് നിതീഷ് ചോദിച്ചു. ബീഹാറിന്റെ വികസനത്തിനായി യാചിക്കുന്നതില്‍ തനിക്ക് മടിയില്ല.
രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനായി വാദിക്കുന്ന പ്രധാനമന്ത്രി മറ്റെന്തിനോ വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ബീഹാറിലെ ആരോഗ്യ, ഗതാഗത, വിദ്യാഭ്യാസ മേഖല പുരോഗതി കൈവരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പണം വാഗ്ദാനം ചെയ്യുകയല്ലാതെ വിട്ടുതരുന്നില്ല. പ്രത്യേക പദവി ലഭിച്ച സംസ്ഥാനങ്ങളെല്ലാം ബിമാരുവാണോ എന്നും നിതീഷ് ചോദിച്ചു.
കാര്‍ഷിക മേഖലക്ക് 40,000 കോടി ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രം നല്‍കിയത് വെറും 3,000 കോടി രൂപയാണ്. മറ്റ് പദ്ധതികളുടെയും അവസ്ഥ ഇതുതന്നെയാണ്. ലേലം പൂര്‍ത്തിയായിരിക്കുന്നു. എന്നാല്‍, നമുക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. എന്നെങ്കിലും ഇത് കിട്ടുമോ എന്നുമറിയില്ല- നിതീഷ് പരിഹസിച്ചു.