Connect with us

National

ഒന്നേകാല്‍ ലക്ഷം കോടിയുടെ വികസന പ്രഖ്യാപനവുമായി മോദി ബീഹാറില്‍

Published

|

Last Updated

ആരാ (ബിഹാര്‍): ബി ജെ പിയെ അധികാരത്തിലെത്തിച്ചാല്‍ വികസനത്തിന്റെ അത്യുന്നതിയില്‍ ബിഹാറിനെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാന വികസനത്തിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനവും മോദി നടത്തി.
ആരാക്ക് സമീപം രാംന മൈതാനത്ത് നടന്ന പൊതു ചടങ്ങില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട 11 പദ്ധതികള്‍ക്ക് തറക്കല്ലിട്ട ശേഷം നടത്തിയ പ്രസംഗത്തിലാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയതിനെ വെല്ലുന്ന പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തിയത്. 1.25 ലക്ഷം കോടിക്ക് പുറമേ, സംസ്ഥാനത്ത് നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 40,000 കോടിയുടെ സാമ്പത്തിക സഹായവും മോദി പ്രഖ്യാപിച്ചു. ചടങ്ങില്‍ 83 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുസാഫര്‍പൂര്‍- സോണ്‍ബാര്‍സ രണ്ടുവരി ദേശീയ പാത അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് താന്‍ 50,000 കോടി രൂപമാത്രമാണ് ബീഹാറിന് വാഗ്ദാനം ചെയ്തതെന്ന് ഓര്‍മിപ്പിച്ച മോദി, താന്‍ പ്രധാനമന്ത്രിയായപ്പോഴാണ് അതുകൊണ്ട് സംസ്ഥാനത്ത് ഒന്നുമാകില്ലെന്ന് മനസ്സിലാക്കിയതെന്നും പറഞ്ഞു. കഴിഞ്ഞ തവണ താന്‍ ബീഹാറിലെത്തിയപ്പോള്‍ പ്രഖ്യാപനങ്ങളൊന്നും നടത്താതിരുന്നത് പാര്‍ലിമെന്റ് സമ്മേളനം നടക്കുന്നതിനാലാണ്. ഇപ്പോള്‍ ആ പ്രഖ്യാപനം നടത്താന്‍ സമയമായിരിക്കുന്നു. ഒന്നാം സ്വാതന്ത്ര്യ സമര നേതാവ് കുന്‍വര്‍ സിംഗിന്റെയും ജയപ്രകാശ് നാരായണന്റെയും മണ്ണില്‍ നിന്നുകൊണ്ട് താന്‍ 1.25 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സഹായം ഉപയോഗപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച 10,000 കോടിയില്‍ 9000 കോടി മാത്രമാണ് ബിഹാര്‍ ചെലവഴിച്ചത്. 1000 കോടി രൂപ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നു. പിന്നീടുവന്ന യു പി എ സര്‍ക്കാര്‍ മുമ്പ് ഉപയോഗിക്കാതിരുന്ന 1000 കോടി രൂപ ഉള്‍പ്പെടെ 12,000 കോടി രൂപയുടെ സഹായം മാത്രം അനുവദിച്ച് ബീഹാറിനെ അപമാനിച്ചു.
ബിഹാര്‍ ഒരു ബിമാരു (രോഗിയായ) സംസ്ഥാനമാണെ പരിഹാസത്തിനെതിരെ രംഗത്തുവന്നതിനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മോദി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ബിഹാര്‍ കേന്ദ്ര സഹായം ആവശ്യപ്പെടുന്നത്? രോഗിയല്ലെങ്കില്‍ ഡോക്ടറെ കാണുമോയെന്നും വയര്‍ നിറഞ്ഞവന് ആഹാരം ആവശ്യമുണ്ടോ എന്നും ചോദിച്ചായിരുന്നു മോദിയുടെ പരിഹാസം.