വിമുക്തഭടന്മാരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി

Posted on: August 19, 2015 5:23 am | Last updated: August 19, 2015 at 1:24 am
SHARE

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം തുടരുന്ന വിരമിച്ച സൈനികരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് സമര പ്രതിനിധികുളുമായി ചര്‍ച്ച നടത്തിയത്. 65 ദുവസമായി റിലേ നിരാഹാരം തുടരുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയും മൂന്നാമതൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടി മരണം വരെ നിരാഹാരം തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ ഇടപെടുന്നത്.
നൃപേന്ദ്ര മിശ്രയുമായി ചര്‍ച്ച നടത്തിയെന്നും ഉടന്‍ സാധാരണനില കൈവരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ഇന്ത്യന്‍ എക്‌സ് സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് പ്രസിഡന്റ് ലഫ്റ്റനന്റ് ജനറല്‍(റിട്ട.) ബല്‍ബീര്‍ സിംഗ് പറഞ്ഞു. ‘എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ ചോദിച്ചു. മരണം വരെ നിരാഹാരം പിന്‍വലിക്കണമെന്നായിരുന്നു മിശ്രയുടെ മറുപടി. കൃത്യമായ ഉറപ്പ് ലഭിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ മറുപടി നല്‍കി’യെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായി ഒരു ഘട്ടം ചര്‍ച്ച നടന്നതാണ്. അദ്ദേഹം പത്ത് ദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണിത്. ഈ സാഹചര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ സമരം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കിയെന്നും സിംഗ് പറഞ്ഞു.
മേജര്‍ ജനറല്‍ (റിട്ട.) സത്ബീര്‍ സിംഗ്, ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) ബല്‍ബീര്‍ എന്നിവരാണ് മിശ്രയെ കണ്ടത്. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ രൂപം വാഗ്ദാനം ചെയ്ത പോലെ തന്നെയാകണമെന്നാണ് ഊന്നിപ്പറഞ്ഞത്. പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമാണെങ്കിലും അതില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന നിലപാടിലാണ് സര്‍ക്കാറെന്നാണ് അറിയുന്നത്.
ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി മോദി ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, തത്വത്തില്‍ അംഗീകരിച്ചുവെന്ന പതിവ് പല്ലവിയില്‍ ഒതുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പത്ത് മുന്‍ സൈനിക മേധാവികള്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു. കരസേനാ മുന്‍ മേധാവികളായ വി എന്‍ ശര്‍മ, ശങ്കര്‍ റോയ് ചൗധരി, എസ് പത്മനാഭന്‍, എന്‍ സി വിജ്, ജെ ജെ സിംഗ്, ദീപക് കപൂര്‍, വിക്രം സിംഗ് തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ചത്. നാവിക സേനാ മുന്‍ മേധാവി അഡ്മിറല്‍ മാധവേന്ദ്ര സിംഗ്, വ്യോമ സേനാ മുന്‍ മേധാവികളായ എന്‍ സി സുരി, എസ് പി ത്യാഗി എന്നിവരും ഒപ്പുവെച്ചിരുന്നു.
20 വര്‍ഷത്തിലേറെയായി ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണെന്നും ഇതുവരെ ഒരു സര്‍ക്കാറിനും സാധ്യമായിട്ടില്ലെന്നും താനും അതില്‍ വിജയിച്ചിട്ടില്ലെന്നും ഒന്നര മണിക്കൂര്‍ നീണ്ട ചെങ്കോട്ട പ്രസംഗത്തിനിടെ മോദി കുറ്റസമ്മതം നടത്തിയിരുന്നു.
2014നെ അടിസ്ഥാനമാക്കി പദ്ധതി നടപ്പാക്കണമെന്നാണ് വിമുക്തഭടന്മാരുടെ ഇപ്പോഴത്തെ ആവശ്യം. 2011 അടിസ്ഥാനമാക്കി പെന്‍ഷന്‍ അനുവദിക്കുകയെന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 20,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.