ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; 293/4

Posted on: August 19, 2015 6:00 am | Last updated: August 19, 2015 at 1:13 am
SHARE

DSC_7968കല്‍പ്പറ്റ: കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ എ ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തിട്ടുണ്ട്.
ഓംഫിലേ റമേലയുടെ സെഞ്ച്വറിയും റീസ ഹെന്‍ട്രിക്‌സിന്റെയും ടെംബ ബവുമയുടെയും അര്‍ധ ശതകങ്ങളുമാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപണര്‍മാരായ റീസ ഹെന്‍ട്രിക്‌സും സ്റ്റിയാന്‍ വാന്‍ സിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ അനായാസമായി നേരിട്ടു. ഇരുവരും ചേര്‍ന്ന് 60 റണ്‍സ് എടുത്തു. 19 ാം ഓവറിലെ ജയന്ത് യാദവിന്റെ അവസാന പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച സ്റ്റിയാന്‍ വാന്‍ സില്‍ (28) മിഡ് ഓണില്‍ ഇന്ത്യന്‍ നായകന്‍ അമ്പാട്ടി റായിഡുവിന് ക്യാച്ച് നല്‍കി പുറത്തായി.
ത്യുനസ് ഡെ ബ്രിയനാണ് വണ്‍ഡൗണായി ക്രീസിലെത്തിയത്. ഒരുവശത്ത് ഹെന്‍ഡ്രിക്‌സ് മികച്ച ഷോട്ടുകളുര്‍ത്ത് സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. 87 പന്തില്‍ ഏഴ് ബൗണ്ടറികളും രണ്ട ്‌സിക്‌സറുകളും സഹിതം അന്‍പത് റണ്‍സെടത്ത ഹെന്‍ട്രിക്‌സിനെ ഈശ്വര്‍ പാണ്ഡെ പുറത്താക്കി. ടീം സ്‌കോര്‍ 100 ല്‍ എത്തി നില്‍ക്കവേ വിക്കറ്റ് കീപ്പര്‍ അങ്കുഷ് ബൈന്‍സിന് ക്യാച്ച്. പിന്നീട് റമേലയും ഡെ ബ്രുയിനും സ്‌കോര്‍ ഉയര്‍ത്താന്‍ പരിശ്രമിച്ചു. സ്‌കോര്‍ 157 ല്‍ എത്തി നില്‍ക്കെ 47ാം ഓവറില്‍ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിജയ് ശങ്കറിന് ക്യാച്ച് നല്‍കി ഡെ ബ്രുയിന്‍ പുറത്തായി.38 റണ്‍സായിരുന്നു ബ്രുയിന്റെ സമ്പാദ്യം.
പിന്നാലെയെത്തിയ റമേലയും ബവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 200 കടത്തി. റമേലക്ക് മികച്ച പിന്തുണ നല്‍കി ബവുമയും മികച്ച രീതിയില്‍ ബാറ്റ് വീശി. ഒന്നാം ദിവസത്തെ അവസാന ഓവറിലെ രണ്ടാം പന്തില്‍ റമേലയെ വിക്കറ്റ് കീപ്പര്‍ അങ്കുഷിന്റെ കൈകളിലെത്തിച്ച് അക്ഷര്‍ പട്ടേല്‍ തന്റെ രണ്ടാം വിക്കറ്റ് നേടി, ഒപ്പം ഇന്ത്യക്ക് കളിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയും നല്‍കി. 197 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും 12 ബൗണ്ടറിയുമായി 112 റണ്ണെടുത്ത റമേല പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടോട്ടല്‍ 293 ലെത്തിയിരുന്നു. 136 റണ്ണിന്റെ കൂട്ടുകെട്ടാണ് ഇതിനിടക്ക് റമേലയും ബവുമയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ 117 പന്തില്‍ ഏഴ് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 55 റണ്ണെടുത്ത ബവുമയും നാല് പന്തില്‍ റണ്ണൊന്നുമെടുക്കാതെ ഡെയിന്‍ പീഡ്റ്റുമാണ് ക്രീസില്‍. കളി നേരില്‍ കാണാന്‍ ആയിരങ്ങളാണ് കൃഷ്ണഗിരി സ്‌റ്റേഡിയിലെത്തിയത്. മഴ മാറി നിന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസമായി.