Connect with us

Editorial

ഗാര്‍ഹിക ജോലിക്കാരും മനുഷ്യരാണ്

Published

|

Last Updated

ഏത് മേഖലയിലെതൊഴിലാളികള്‍ക്കുമുണ്ട് നിയമങ്ങളും ചട്ടങ്ങളും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ സംഘടനകളും. എന്നാല്‍ ഇതൊന്നുമില്ലാത്ത ഒരു വിഭാഗമാണ് ഗാര്‍ഹിക തൊഴിലാളികള്‍. അസംഘടിതരായ ഇവര്‍ മറ്റു മേഖലകളിലെ തൊഴിലാളികളേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നുണ്ടെങ്കിലും അതിനനൂസൃമായ വേതനമോ, ലീവോ കിട്ടാറില്ല. തൊഴില്‍ നിയമത്തിലെ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ ഗാര്‍ഹിക ജോലി വരുന്നില്ല. സമയ പരിധിയില്ലാതെ, വിശ്രമമന്യെ നിര്‍വഹിക്കുന്ന ജോലിയില്‍ സംഭവിക്കുന്ന നിസ്സാര പിഴവുകള്‍ക്കു പോലും വീട്ടുമസ്ഥരില്‍ കഠിന ശിക്ഷയും പീഡനവും അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. നിയമത്തിന്റെ കണ്ണില്‍ അംഗീകൃത തൊഴിലാളികളല്ലാത്തതിനാല്‍ ജോലിക്ക് നില്‍ക്കുന്ന വീട്ടുകാരുമായി തര്‍ക്കം ഉണ്ടായാല്‍ അത് പരിഹരിക്കാനായി കോടതികളെ സമീപിക്കാനും ഇവര്‍ക്ക് വകുപ്പില്ല.
രണ്ട് വര്‍ഷം മുമ്പ് ഉത്തര്‍ പ്രദേശിലെ “ജന്‍വാദി മഹിളാ സമിതി”യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന “ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് അസോസിയേഷന്‍” നടത്തിയ സര്‍വേ അവിടുത്തെ ഗാര്‍ഹിക തൊഴിലാളികളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുണ്ട്. അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്ന സ്ത്രീകള്‍ക്ക് 400-500 രൂപയും വീടിനകം തൂത്തുവാരി കഴുകി വൃത്തിയാക്കുന്നവര്‍ക്ക് 500-700 രൂപയും രണ്ടുനിലയുള്ള ഫ്‌ളാറ്റ് തൂത്തുവാരുകയും കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന വനിതകള്‍ക്ക് 800-1000 രൂപയുമാണത്രെ പ്രതിമാസ വേതനം. 98 ശതമാനംപേര്‍ക്കും വിശേഷ ദിവസങ്ങളിലടക്കം അവധി അനുവദിക്കുന്നില്ല. ഒരു ദിവസം ജോലിക്കുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്നത്തെ വേതനം ശമ്പളത്തില്‍നിന്ന് വെട്ടിക്കുറക്കും. തൊഴില്‍ ദാതാക്കളുടെ ഇവരോടുള്ള പെരുമാറ്റവും മനുഷ്യത്വരഹിതമാണ്. വീട്ടില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ മോഷണം പോയാല്‍ അന്വേഷണത്തിന് മുതിരാതെ കുറ്റം ഇവരില്‍ ആരോപിക്കുകയും അതിന്റെ പേരില്‍ ക്രൂരമായ മര്‍ദനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്നു. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള വീടുകളില്‍ മാത്രമേ മുസ്‌ലിം വനിതകളെ വീട്ടുജോലിക്കായി നിയോഗിക്കാറുള്ളു എന്നും സര്‍വെ വെളിപ്പെടുത്തുന്നു.
ഈ ദുരിതാവസ്ഥക്ക് അറുതി വരുത്താനും ഗാര്‍ഹിക ജോലിക്കാര്‍ക്കായി ഒരു തൊഴില്‍ നയം രൂപവത്കരിക്കാനും തീരുമാനിച്ചിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ പോളിസി ഫോര്‍ ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് എന്ന പേരില്‍ തയ്യാറാക്കിയ പ്രസ്തുത കരട് നിയമത്തില്‍ അവിദഗ്ധ തൊഴിലാളി, പാതി വിദഗ്ധ തൊഴിലാളി, വിദഗ്ധ തൊഴിലാളി, അതിവിദഗ്ധ തൊഴിലാളി എന്നിങ്ങനെ ഗാര്‍ഹിക ജോലിക്കാരെ മൂന്ന് വിഭാഗമായി തരംതിരിക്കുകയും ചുരുങ്ങിയ വേതനം 9,000 രൂപയായി നിജപ്പെടുത്തുകയും ചെയ്യുന്നു. വര്‍ഷത്തില്‍ 15 ദിവസം ശമ്പളത്തോടു കൂടിയ അവധി, വിദ്യാഭ്യാസം നേടാനുള്ള അവകാശം, സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, സംഘടിക്കാനും അവകാശങ്ങള്‍ക്കായി പോരാടുന്നതിന് സംഘടന രൂപവത്കരിക്കാനുള്ള അവകാശം, ജോലിസ്ഥലത്തെ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമങ്ങള്‍ തുടങ്ങിയ വ്യവസ്ഥകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
പല വിദേശ രാജ്യങ്ങളും ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. കുവൈത്തും ബഹ്‌റൈനും ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍വചിക്കുന്ന നിയമങ്ങള്‍ നടപ്പാക്കിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇതനനുസരിച്ചു 12 മണിക്കൂറാണ് പരമാവധി അവരുടെ ജോലിസമയം. ആഴ്ചയില്‍ ഒരു അവധി എടുക്കാം. വര്‍ഷത്തിലൊരിക്കല്‍ 30 ദിവസത്തെ വേതനത്തോടുകൂടിയ അവധിയും ലഭിക്കും. തൊഴില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തില്‍ ഇതു പരിഹരിക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെടാനുള്ള അവസരവുമുണ്ട്. നമ്മുടെ സര്‍ക്കാര്‍ ഇവര്‍ക്കെല്ലാം മുമ്പേ 2007ല്‍ ഇത്തരമൊരു നിയമത്തെക്കറിച്ചു ആലോചിച്ചതാണ്. അന്നത് പരിഗണിക്കപ്പെട്ടില്ല. 2013ലും 14ലും വീണ്ടും ഇതുസംന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. പുതിയ കരട് നിയമത്തിനും ആ ഗതി വരരുത്.
നിയമം ആവിഷ്‌കരിക്കുന്നതോടൊപ്പം ഗാര്‍ഹിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. രണ്ടാം തരം പൗരന്മാരായാണ് ഇവരെ പലരും കാണുന്നത്. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. കാലത്ത് തൊട്ട് വൈകുന്നേരം വരെ പണിയെടുക്കുന്ന ഇവര്‍ക്ക് വീട്ടിലെ ശൗച്യാലയം ഉപയോഗിക്കാന്‍ അനുമതിയില്ല. വീട്ടുകാര്‍ ഇരിക്കുന്ന കസേരകളോ ഫര്‍ണിച്ചറുകളോ ഉപയോഗിക്കാനും പാടില്ല. ഇവരും മനുഷ്യരാണെന്നും തങ്ങളുടെ ജീവിതത്തിന് അടുക്കും ചിട്ടയും വരുത്തുന്നതില്‍ ഇവരുടെ സേവനത്തിന് അനല്‍പമായ പങ്കുണ്ടെന്നുമുള്ള ബോധം തൊഴില്‍ദാതാക്കള്‍ക്കുണ്ടാകണം. പല വീടുകളിലും വീട്ടുടമസ്ഥര്‍ ചെയ്യുന്ന ജോലികളാണ്, അവരുടെ തിരക്കേറിയ ജീവിതത്തിലെ സമയക്കുറവ് കാരണം ഗാര്‍ഹിക തൊഴിലാളികളെ ഏല്‍പ്പിക്കുന്നതെന്നും അതൊരു രണ്ടാംകിട ജോലിയല്ലെന്നുമുള്ള കാര്യവും വീട്ടുകാര്‍ വിസ്മരിക്കരുത്.

Latest