Connect with us

Articles

വ്യാജനേത്? അസ്സലേത്?

Published

|

Last Updated

അങ്ങാടി മുതല്‍ അക്കാദമിക് തലം വരെ വ്യാജന്മാരെ കൊണ്ട് വീര്‍പ്പുമുട്ടുന്ന അവസ്ഥയാണിന്ന്. ഉത്പന്നങ്ങളിലെ വ്യാജന്മാര്‍ വിപണി കൈയടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും പ്രൊഫഷണല്‍ വ്യാജന്മാരുടെ സൈ്വര വിഹാരം തുടങ്ങിയിട്ട് കൂടുതല്‍ കാലമായിട്ടില്ല. ബീഹാറിലെ മൂന്നര ലക്ഷം അധ്യാപകരില്‍ 40,000 ത്തിലേറെ പേരും യോഗ്യതയില്ലാത്തവരാണെന്ന് കാണിച്ച് പൊതു താത്പര്യ ഹരജി പാറ്റ്‌ന ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ വ്യാജ ബിരുദം വഴി ജോലിയിലെത്തിയവര്‍ക്ക് സ്ഥാനമൊഴിയാന്‍ നാലു മാസത്തെ കാലാവധി അധികൃതര്‍ അനുവദി ക്കുകയുണ്ടായി. ഏകദേശം 3000 അധ്യാപകര്‍ നിയമ നടപടികള്‍ ഭയന്ന് ഉടന്‍ രാജിവെക്കുകയും ചെയ്തു.
വിദേശ ജോലിക്കു വേണ്ടി വ്യാജ രേഖകള്‍ ചമക്കുന്നവരും വിതരണം ചെയ്യുന്നവരും രാജ്യത്ത് വര്‍ധിച്ചു വരികയാണ്. വ്യാജ ബിരുദവുമായി തൊഴില്‍ നേടിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സഊദി ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ട്. വ്യാജന്മാരെ പിടികൂടാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ 30,000ത്തോളം പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതാണ് ഇത്തരമൊരു കര്‍ശന നിലപാടിന് നിദാനമായത്. 1000 മുതല്‍ 15,000 സഊദി റിയാല്‍ നല്‍കിയാല്‍ ഏതൊരാള്‍ക്കും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ലോകപ്രശസ്തമായ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കുന്ന റാക്കറ്റ് രാജ്യത്തിന്റെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിനു ലഭിച്ച വിവരമനുസരിച്ചാണ് ഊര്‍ജിതമായ അന്വേഷണം വ്യാപിപ്പിച്ചത്. വ്യാജ ഡിഗ്രിയുള്ള 30,000 എന്‍ജിനീയര്‍മാര്‍ രാജ്യത്തു ണ്ടെന്നാണ് സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ കണ്ടെത്തല്‍. അതില്‍ ഭൂരിഭാഗവും വിദേശികളുമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ തലവനായ ഒരു വിദേശിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ഇതിലൂടെയുള്ള സമ്പാദ്യം ഒന്നര കോടി റിയാലാണെന്ന് കണ്ടെത്തിയിരുന്നു.
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ സര്‍വകലാശാലകളില്‍ പോലും വ്യാജന്മാരുണ്ടെന്നതാണ് നഗ്ന യാഥാര്‍ഥ്യം. 1956ലെ യു ജി സി ആക്ട് പ്രകാരം സെന്‍ട്രല്‍/സ്റ്റേറ്റ്/ പ്രൊവിന്‍ഷ്യല്‍ ആക്ട് പ്രകാരം സ്ഥാപിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമേ യൂനിവേഴ്‌സിറ്റി എന്നുപയോഗിക്കല്‍ പാടുള്ളൂ. എന്നാല്‍ ഇവയല്ലാത്തവയും ഇന്ന് ആ പേര് ദുരുപയോഗം ചെയ്യുന്നുണ്ട്. യു ജി സി പുറത്ത് വിട്ട കണക്കു പ്രകാരം കേരളത്തിലെ തിരുവല്ല സെന്റ്് ജോണ്‍സ്
അടക്കം 21 സ്ഥാപനങ്ങള്‍ വ്യാജ ലിസ്റ്റിലുണ്ട്. എട്ട് വ്യാജന്മാര്‍ യു പിയിലും ആറ് എണ്ണം ഡല്‍ഹിയിലും മാത്രം. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാജ സര്‍വകലാശാലകളുണ്ട്. ജോധ്പൂര്‍ നാഷണല്‍ സര്‍വകലാശാല 2009ന് ശേഷം വിതരണം ചെയ്ത 38,000 ബിരുദങ്ങളില്‍ 25,003ഉം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി തെളിഞ്ഞിട്ടുമുണ്ട്.
കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനി പോലും വ്യാജ ബിരുദധാരിയാണെന്നത് തെളിയിക്കപ്പെട്ട യാഥാര്‍ഥ്യമാണ്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മൊത്തത്തില്‍ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത തന്നെ വ്യാജമാണെന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം ലജ്ജാവഹമാണ്. തീക്കട്ടയിലും ഉറുമ്പരിച്ചോ എന്ന് മൂക്കത്ത് വിരല്‍ വെച്ച് ആരും ചോദിച്ചു പോകുന്ന ദുരവസ്ഥ. ഡല്‍ഹിയിലെ നിയമ മന്ത്രി ജിതേന്ദ്ര സിംഗ് തോമറും വ്യാജ ബിരുദക്കേസില്‍ അറസ്റ്റിലായി. രാജ്യത്തെ അഭിഭാഷകരില്‍ മുപ്പത് ശതമാനവും വ്യാജന്മാരാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും വെളിപ്പെടുത്തുകയുണ്ടായി. ഐ എ എസ് അക്കാദമിയിലും വ്യാജ ഐ എ എസുകാരിയുണ്ടെന്ന വാര്‍ത്ത പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അഡ്മിനിസ്‌ട്രേറ്റീവ് അക്കാദമിയിലാണ് വ്യാജ ഐ എ എസുകാരി അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന മാഫിയാ സംഘങ്ങള്‍ തന്നെ സജീവമായി രംഗത്തുണ്ട്. കൊല്ലത്ത് പിടിയിലായ യാക്കോബ് മാര്‍ഗ്രിഗോറിയോസെന്ന ജെയിംസ് ജോര്‍ജില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലെ മുപ്പതോളം സര്‍വകലാശാലകളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് കണ്ടെത്തിയത്. ബിരുദം മുതല്‍ ഡോക്ടറേറ്റ് വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അതില്‍ പെടും. ആറ് മാസം കൊണ്ട് പി ജി, ഡിഗ്രി, പ്രൊഫഷണല്‍ ബിരുദങ്ങള്‍ എന്നിവ നല്‍കുമെന്ന് പത്രപ്പരസ്യം നല്‍കിയാണത്രേ ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. ഐ ടി സി, ഡിപ്ലോമ വ്യാജ സര്‍ട്ടി ഫിക്കറ്റുകള്‍ക്ക് 8000 രൂപയും ബിരുദ സര്‍ട്ടിഫിക്കറ്റിന് 50,000 രൂപയുമാണ് ഈടാക്കിയിരുന്നത്. ഛത്തീസ്ഗഢ് യൂണിവേഴ്‌സിറ്റി, ഡോ. സി വി രാമന്‍ യൂനിവേഴ്‌സിറ്റി, വിശ്വഭാരതി യൂനിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ റെയ്ഡില്‍ കണ്ടെടുത്തു. തൃശൂരിലെ ഒരു വീട്ടമ്മയും ഇതേ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് നടത്തിയ റെയ്ഡില്‍ 100ലധികം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് അവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. റായ്പൂരിലെ അണ്ണ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയുടേത് മുതല്‍ മൂവാറ്റുപുഴയിലെ ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വരെ പ്രതിയുടെ വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് എല്ലാ രേഖകള്‍ക്കും ഇന്ന് വ്യാജന്മാര്‍ സുലഭമാണ്. ലൈസന്‍സ് ലഭിക്കുന്നതിനുള്ള കടമ്പകള്‍ മറികടക്കാന്‍ വേണ്ടി വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മിച്ച് നല്‍കുന്ന മാഫിയകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യാതൊരു നിയമ കുരുക്കുകളുമില്ലാതെ ലഭിക്കുന്നത് കൊണ്ട് ആയിരങ്ങള്‍ മുടക്കിയും ലൈസന്‍സ് തരപ്പെടുത്താന്‍ പലരും തയ്യാറാണ്. വ്യാജ മണല്‍ പാസ് നിര്‍മിച്ച് സര്‍ക്കാറിനെയും ജനങ്ങളെയും ഒരുപോലെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടുന്നവര്‍, ബേങ്കുകളില്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് പണം തട്ടുന്നവര്‍, മോഷ്ടിച്ച വാഹനങ്ങള്‍ക്ക് വ്യാജ ആര്‍ സി ബുക്കുണ്ടാക്കി വില്‍പ്പന നടത്തുന്നവര്‍, വില്ലേജ് ഓഫീസുകളില്‍ നിന്ന് നികുതി രസീതുകള്‍ മോഷ്ടി ക്കുകയും അവയില്‍ വ്യാജ മേല്‍വിലാസവും വിവരണവും എഴുതിച്ചേര്‍ത്ത് പ്രതികള്‍ക്ക് ജാമ്യമെടുത്തു കൊടുക്കുകയും ചെയ്യുന്നവര്‍, പ്രഗത്ഭരായ എഴുത്തുകാരുടെയും പ്രശസ്തരായ പ്രസാധകരുടെയും പുസ്തകങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍, വ്യാജ ആധാരം ചമച്ച് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടുന്നവര്‍ എന്നിങ്ങനെ നീളുന്നു വ്യാജന്മാരുടെ പട്ടിക.
വ്യാജ എ ടി എം കാര്‍ഡ് നിര്‍മിച്ച് എ ടി എമ്മുകളില്‍ നിന്നു പണം മോഷ്ടിക്കുന്ന രാജ്യാന്തര ബന്ധമുള്ള സംഘത്തിലെ ഒരാളെ ചാലക്കുടിയില്‍ നിന്നും ഈയടുത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഷോപ്പിംഗ് നടത്തിയ നാല് ഇന്ത്യക്കാര്‍ ബഹ്‌റൈനിലും പോലീസിന്റെ വലയിലായിട്ടുണ്ട്. 28 ലക്ഷത്തോളം രൂപ വരുന്ന നാല്‍പ്പത്തഞ്ച് ഫോണുകള്‍ വാങ്ങാനുള്ള ശ്രമത്തിനിടയിലാണ് അവര്‍ പിടിയിലായത്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുകയും വ്യാജ ക്രെഡിറ്റ് കാര്‍ഡിന്റെ നമ്പര്‍ നല്‍കുകയും ചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. വ്യാജ ലേബര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതിന് ഇന്ത്യക്കാരന്‍ ഷാര്‍ജയില്‍ പോലീസ് പിടിയിലായി. ഒരാള്‍ക്ക് 50 ദിര്‍ഹം ചാര്‍ജ് ചെയ്തായിരുന്നു ലേബര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നത്. പ്രിന്റര്‍, കോപ്പി മെഷീന്‍ തുടങ്ങിയ യന്ത്ര സാമഗ്രികളുപയോഗിച്ച് ആളുകളുടെ ഫോട്ടോയും പേരും മാറ്റിയാണത്രേ വ്യാജ ലേബര്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയിരുന്നത്.
വിദേശത്ത് പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലും കേരളത്തിനു പുറത്തുള്ള മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന കേരളീയരുടെ ക്ഷേമവും അവര്‍ക്കു വേണ്ടുന്ന സഹായങ്ങളും ഉറപ്പു വരുത്തുക, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിനു പ്രേരിപ്പിക്കുക, വിദേശത്തു നിന്ന് തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന്റെ നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തലിനും വ്യാജ സീലുകള്‍ ഇപ്പോള്‍ വ്യാപകമാണ്. ഇതു മൂലം വിദേശ തൊഴില്‍ തേടുന്നവരൊന്നടങ്കം ആശങ്കയിലാണ്. അംഗീകൃത നോര്‍ക്ക റൂട്ട്‌സ് ഓഫീസുകളില്‍ നിന്നല്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍ ചെയ്തവര്‍ക്ക് വ്യാജ സീല്‍ ഉപയോഗിച്ചുള്ള സാക്ഷ്യപ്പെടുത്തലുകളാണ് ലഭിച്ചിരിക്കുന്നത്. എച്ച് ആര്‍ ഡി, എം ഇ എ, എംബസി തുടങ്ങിയ തുടര്‍ സാക്ഷ്യപ്പെടുത്തലുകള്‍ നടത്തുന്നതിന് ഇപ്പോള്‍ അവര്‍ തടസ്സം നേരിട്ടിരിക്കുകയാണ്.
ഓപറേഷന്‍ കൂടാതെ മൂലക്കുരു, അര്‍ശസ്, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ ഒരു മാസത്തിനുള്ളില്‍ സുഖപ്പെടുത്തുമെന്ന് പരസ്യം നല്‍കി ആളുകളെ കബളിപ്പിച്ചതിന് അടൂരില്‍ ഒരു വ്യാജ ഡോക്ടറെയും സഹായികളെയും പോലീസ് പിടികൂടിയത് ഈയടുത്താണ്. ഒരു ദിവസത്തെ ചികിത്സക്ക് 1000 രൂപ വീതം രോഗികളില്‍ നിന്ന് ഈടാക്കിയിരുന്ന “ഡോക്ടര്‍”ക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണു ണ്ടായിരുന്നത്. 18000 രൂപക്ക് ഗര്‍ഭഛിദ്രം നടത്തി വന്നതിനു പിടിയിലായ മറ്റൊരു വ്യാജ ലേഡീ ഡോക്ടറുടെ വിദ്യഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രം!
ഫിസിയോതെറാപ്പിയുടെ മറവിലും ഇന്ന് വ്യാജ കോഴ്‌സുകള്‍ സജീവമാണ്. യു ജി സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നാലര വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി (ബി പി ടി) ഡിഗ്രിയും ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ന്യൂറോളജി തുടങ്ങിയ പത്തോളം സൂപ്പര്‍ സ്‌പെഷ്യാലിറ്റികളിലുള്ള രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി (എം പി ടി) യുമുണ്ടെങ്കിലേ സ്വതന്ത്രമായി ഫിസിയോ തെറാപ്പിയില്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റൂവെന്നതാണ് നിയമം. എന്നാല്‍ പല സ്ഥാപനങ്ങളും ഒന്നോ രണ്ടോ വര്‍ഷത്തെ ഫിസിയോതെറാപ്പി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഒട്ടുമിക്ക രോഗങ്ങള്‍ക്കും വൈദ്യ ശാസ്ത്രം പ്രതിവിധി കണ്ടെത്തിയ ഇക്കാലത്ത് വിപണിയില്‍ സുലഭമായ വിലകൂടിയതും കുറഞ്ഞതുമായ മരുന്നുകളിലും വ്യാജന്മാരുടെ അതിപ്രസരമുണ്ടത്രേ. വണ്ണം കൂട്ടാനും കുറക്കാനും ഓര്‍മ ശക്തിയും ബുദ്ധിശക്തിയും വര്‍ധിക്കാനും തുടങ്ങി ആന്തരികവും ബാഹ്യവുമായ പല രോഗങ്ങള്‍ക്കും പ്രതിവിധിയായി വിപണിയിലുള്ള പല വ്യാജ മരുന്നുകളും പരസ്യങ്ങളുടെ മായാജാലത്തില്‍ വഞ്ചിതരായവരാണ് ഉപയോഗിക്കുന്നത്.
ചികിത്സാ ആവശ്യാര്‍ഥം സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി കൊണ്ടു വരുന്ന മീഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് വ്യാജ സ്പിരിറ്റിന്റെ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. അനധികൃതമായി സംഘടിപ്പിക്കുന്ന മീഥൈല്‍ ആല്‍ക്കഹോളിന്റെ വീര്യം കുറച്ചാണ് വില്‍പ്പന നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ അനുമതിയും ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗികാരവും ഉണ്ടെങ്കില്‍ മാത്രമേ ആശുപത്രികള്‍ക്ക് പോലും മീഥൈല്‍ ആല്‍ക്കഹോള്‍ ശേഖരിക്കാന്‍ പാടുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ രേഖകള്‍ സംഘടിപ്പിക്കാനുള്ള യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് പല സ്വകാര്യ ആശു പത്രികളിലും സ്പിരിറ്റ് എത്തുന്നത്. ബാറുകളും ബീവറേജുകളും തുടര്‍ച്ചയായി അവധിയിലാകുന്ന ദിവസങ്ങളിലാണ് വ്യാജ സ്പിരിറ്റ് ലോബിയുടെ കച്ചവടം കൊഴുക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിപ്ലവാത്മകമായ മുന്നേറ്റങ്ങള്‍ക്കനുസൃതമായി തട്ടിപ്പുകള്‍ക്കും പുതിയ രീതിയും ഭാവവും കൈവന്നിട്ടുണ്ട്. ഓണ്‍ലൈനില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയ ആറംഗ സംഘം ബംഗളൂരൂ പോലീസിന്റെ വലയിലായിരുന്നു. ഓണ്‍ ലൈന്‍ വ്യപാര പോര്‍ട്ടലുകളായ ഒ എല്‍ എക്‌സ്, ക്വിക്കര്‍ ഡോട്ട്‌കോം എന്നിവയില്‍ കുറഞ്ഞ വിലക്ക് 10 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയുള്ള ആഡംബര കാറുകളും മൊബൈല്‍ ഫോണുകളും വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയ ശേഷം സാധാരണക്കാരെ ഇരകളാക്കുന്ന തട്ടിപ്പ് രീതിയാണ് ഇവര്‍ സ്വീകരിച്ചു വന്നിരുന്നത്. ബംഗളൂരു വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന പുതിയ കാറുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണത്രേ ഇവര്‍ പണമുണ്ടാക്കിയിരുന്നത്.
റിസോര്‍ട്ട് വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം ചെയ്ത വര്‍ക്കല സ്വദേശിനിയുടെ ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. വെബ് സൈറ്റില്‍ പരസ്യം കണ്ട പ്രതി വ്യാജ പേര് പറഞ്ഞു വന്ന് റിസോര്‍ട്ട് കണ്ട് 15 കോടി രൂപക്ക് വിലയുറപ്പിക്കുകയായിരുന്നു. പണമായി 25 ബണ്ടില്‍ ഡോളറാണ് നല്‍കിയത്. പിന്നീട് സംശയം തോന്നിയ സ്ത്രീ ലോക്കര്‍ പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് 25 ബണ്ടിലുകളിലുമുണ്ടായിരുന്നത് വെള്ളക്കടലാസില്‍ അച്ചടിച്ച വ്യാജ ഡോളറുകളാണെന്ന് മനസ്സിലായത്. അസാറാം ബാപ്പുവിനെപ്പോലുള്ള സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളും വ്യാജ സിദ്ധന്‍മാരും ക്രൂരമായ തട്ടിപ്പ് തുടരുന്നുവെന്നത് വ്യാജവിളയാട്ടത്തിന്റെ മറ്റൊരു പതിപ്പാണ്.

 

---- facebook comment plugin here -----

Latest