Connect with us

Eranakulam

പ്രവാസിയെ കബളിപ്പിച്ച കേസില്‍ പരാതി മുക്കിയ സി ഐക്കെതിരെ നടപടിക്ക് ശിപാര്‍ശ

Published

|

Last Updated

കൊച്ചി: കുവൈറ്റില്‍ ജോലി ചെയ്തിരുന്നയാളെ കബളിപ്പിച്ച് 85 ലക്ഷത്തോളം രൂപയുടെ ഫര്‍ണീച്ചര്‍ കവര്‍ന്ന കേസില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന കൊച്ചി സിറ്റി പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ഹെഡ്‌കോണ്‍സ്റ്റബിളിനുമെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ലോകായുക്ത നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ശിപാര്‍ശ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റീസ് കെ കെ ദിനേശന്‍ എന്നിവരാണ് കേസില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായത്. കുവൈറ്റിലായിരുന്ന സോമന്‍ ടി കൃഷ്ണന്‍ എന്നയാളുടെ പരാതിയാണ് ലോകായുക്ത പരിഗണിച്ചത്.
ഫര്‍ണീച്ചര്‍ ബിസിനസ് തുടങ്ങിയാല്‍ മൂന്നിരട്ടി ലാഭം നേടാനാകുമെന്ന് പ്രലോഭിപ്പിച്ച് സോമനെ കലൂരില്‍ വി ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനം നടത്തുന്ന ടോമി, ടിച്ചു ടോമി എന്നിവര്‍ ചേര്‍ന്ന് കബളിപ്പിച്ചുവെന്നാണ് കേസ്. കുവൈറ്റില്‍ നിന്ന് ഫര്‍ണീച്ചറുകള്‍ ഇറക്കുമതി ചെയ്താല്‍ ഇവിടെ വിറ്റ് മൂന്നിരട്ടി ലാഭം നേടാനാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതനുസരിച്ച് കുവൈറ്റില്‍ താനും ഭാര്യയും വര്‍ഷങ്ങളോളം ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമായ 85 ലക്ഷത്തോളം രൂപ മുടക്കി സോമന്‍ 11 കണ്ടെയ്‌നര്‍ ഫര്‍ണീച്ചര്‍ അയച്ചു. ഈ ഫര്‍ണീച്ചറുകള്‍ ഇവിടെ ഏറ്റുവാങ്ങിയ ടോമിയും ടിച്ചു ടോമിയും ഫര്‍ണീച്ചറുകള്‍ വിറ്റ് പണമെടുക്കുകയും സ്വന്തമായി ഉപയോഗിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ സോമന്‍ പരാതി നല്‍കിയെങ്കിലും സി ഐയും ഒരു ഹെഡ് കോണ്‍സ്റ്റബിളും ചേര്‍ന്ന് പരാതി അട്ടിമറിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. ഇതിനെതിരെ സോമന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി.
ആഭ്യന്തര മന്ത്രി സിറ്റി പോലീസ് കമ്മീഷനറോട് ഉടന്‍ തന്നെ ഈ കേസന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. കമ്മീഷനര്‍ കേസന്വേഷിക്കാന്‍ ആരോപണ വിധേയനായ സി ഐയെ തന്നെ നിയോഗിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സോമന്‍ ലോകായുക്തയെ സമീപിച്ചത്.
ഇന്റലിജന്‍സ് ഐ ജി. പി വിജയനോട് കേസന്വേഷിക്കാന്‍ ലോകായുക്ത ആവശ്യപ്പെട്ടു. ഐ ജിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പരാതികള്‍ സത്യമാണെന്ന് ബോധ്യമായി. കേസ് ആദ്യമന്വേഷിച്ച സിഐക്കും ഹെഡ് കോണ്‍സ്റ്റബിളിനുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കേസ് ക്രൈം ബ്രാഞ്ചിന് വിടണമെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ലോകായുക്ത സിറ്റിംഗില്‍ വാദിക്കു വേണ്ടി അഡ്വ. എ രാജസിംഹന്‍ ഹാജരായി.

---- facebook comment plugin here -----

Latest