Connect with us

Editorial

ബാര്‍ കോഴക്കേസ് റിപ്പോര്‍ട്ടിലെ തിരിമറികള്‍

Published

|

Last Updated

വിജിലന്‍സ് നിയമോപദേഷ്ടാവ് റിപ്പോര്‍ട്ട് നല്‍കിയതോടെ ബാര്‍ കോഴക്കേസിന് ഏറെക്കുറെ പരിസമാപ്തിയായെന്ന യു ഡി എഫ് കണക്കുകൂട്ടല്‍ തെറ്റുന്നു. കേസില്‍ മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ ചെയ്യുന്നതായിരുന്നു കേസ് അന്വേഷിച്ച വിജിലന്‍സ് എസ് പി ആര്‍ സുകേശന്റെ വസ്തുതാ റിപ്പോര്‍ട്ടെന്ന കാര്യം ഇപ്പോള്‍ വെളിപ്പെട്ടിരിക്കയാണ്. പാലായിലെ തന്റെ വീട്ടില്‍ വെച്ച് 15 ലക്ഷവും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വെച്ച് 10 ലക്ഷവും ബാര്‍ ഉടമകളില്‍ നിന്ന് മാണി വാങ്ങിയതിന് തെളിവുകളുണ്ടെന്നാണ് സുകേശന്റെ കണ്ടെത്തല്‍. ബാറുടമകളെ കണ്ട കാര്യം മാണി നിഷേധിച്ചെങ്കിലും ബാറുടമകള്‍ അത് സ്ഥിരീകരിച്ചിട്ടുണ്ട്. 2014 മാര്‍ച്ചിലെ മന്ത്രിസഭാ യോഗത്തിന് മുമ്പായി ബാറുടമകള്‍ മാണിയുമായി മുന്ന് കൂടിക്കാഴ്ചകള്‍ നടത്തിയതായും ഇതിന്റെ ഫലമായി ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് മന്ത്രിസഭയെ മാണി തടഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശവും കോഴ ആരോപണത്തിന് ബലമേകുന്നു. ഇതെല്ലാം അവഗണിച്ചാണ് ക്രമവിരുദ്ധമായി വിജിലന്‍സ് ഡയരക്ടര്‍ വിന്‍സണ്‍ എം പോള്‍ മാണിയെ കുറ്റവിമുക്തനാക്കുന്ന അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി കേസിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് സുകേശന്റെ വസ്തുതാ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയത്.
ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ നിലപാട് തുടക്കം മുതലേ സംശയാസ്പദമായിരുന്നു. ബാര്‍ ഉടമ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയതിനുള്ള സ്ഥിരീകരണം, രാജ്കുമാര്‍ ഉണ്ണിയുടെ ഫോണ്‍ സംഭാഷണങ്ങള്‍, വാഹന ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധനാഫലം, ബാറുടമകള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണത്തിന്റെ രേഖകള്‍, നുണപരിശോധനക്ക് തയ്യാറാകണമെന്ന വിജിലന്‍സിന്റെ ആവശ്യത്തോടുള്ള ബാറുടമകളുടെ വിമുഖത തുടങ്ങി കോഴ ആരോപണത്തിന് ബലമേകുന്ന സാഹചര്യത്തെളിവുകള്‍ നിരവധിയാണ്. എന്നിട്ടും മാണിക്ക് പണം കൈമാറിയതിന് അമ്പിളിയല്ലാതെ ദൃക്‌സാക്ഷികളില്ലെന്നും അദ്ദേഹം പണം ആവശ്യപ്പെട്ടതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമുള്ള നിയമോപദേശത്തിന് പിന്നില്‍ ശക്തമായ സമ്മര്‍ദ്ദമായിരിക്കണം. പള്ളി വികാരിമാരുടെ സമ്മര്‍ദ്ദ ഫലമാണിതെന്നാണ്
ഒരു ചാനലിനോട് സുകേഷന്‍ നായര്‍ പറഞ്ഞത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ബാര്‍കോഴ ആയുധമാക്കാതിരിക്കാന്‍ മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് യു ഡി എഫിന് ആവശ്യമായതിനാല്‍ ഭരണ തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനും സാധ്യതയുണ്ട്. വിജിലന്‍സിന് ഒരു കേസില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ കുറ്റാരോപിതനെതിരെ നടപടിയെടുക്കുന്നതിന് യാതൊരു നിയമോപദേശത്തിന്റെയും ആവശ്യമില്ല. എന്നിട്ടും ഈ കേസില്‍ ഇത്തരമൊരു നടപടിക്ക് വിജിലന്‍സ് തുനിഞ്ഞത് മാണിയെ ഏതുവിധേനയും രക്ഷപ്പെടുത്താനാണെന്ന പരാതി ചില കോണ്‍ഗ്രസുകാര്‍ തന്നെ ഉന്നയിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. നേരത്തെ ബാര്‍ കോഴ കേസ് അന്വേഷിച്ചിരുന്ന ഡി വൈ എസ് പി സുരേഷ് കുമാറിനെ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി രണ്ട് വട്ടം കൊച്ചിയിലെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്ന റിപ്പോര്‍ട്ട് നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിജിലന്‍സ് ഡയരക്ടരുടെ അവസരവാദനയവും സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ പ്രഖ്യാപനത്തിലെ പൊള്ളത്തരവും തുറന്നുകാണിക്കുന്നതാണ് സുകേശന്‍ നായരുടെ വസ്തുതാ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. മനുഷ്യാവകാശ സമിതിയുടെ അഴിമതി നിര്‍മാര്‍ജ്ജന ദിനാചരണ ചടങ്ങില്‍ പ്രസംഗിക്കവെ, അന്വേഷണ ഏജന്‍സികളില്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു വിജിലന്‍സ് ഡയരക്ടര്‍ വിന്‍സന്‍ പോള്‍. അദ്ദേഹം തന്നെയാണല്ലോ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ചവറ്റു കൊട്ടയിലെറിഞ്ഞു രാഷ്ട്രീയക്കാരുടെ ഇംഗിതത്തിനൊത്തുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. അഴിമതിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയമില്ലെന്നും വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്നും അടിക്കടി പ്രഖ്യാപിക്കാറുണ്ട് ആഭ്യന്തര മന്ത്രി. മന്ത്രിസഭയിലെ ഒരംഗത്തിനുമേല്‍ ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹം ഈ പ്രഖ്യാപനം മനഃപൂര്‍വം വിസ്മരിച്ചു. കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉന്നതരുടെ ഇടപെടല്‍ ഒഴിവാക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്ത കാലത്തോളം വിജിലന്‍സ് പോലുള്ള സംവിധാനങ്ങള്‍ നിരര്‍ഥകമാണെന്ന് ബാര്‍ കോഴക്കേസും നമ്മെ ബോധ്യപ്പെടുത്തുന്നു.