നമോ ഇന്‍ ദുബൈ

Posted on: August 18, 2015 10:54 pm | Last updated: August 18, 2015 at 10:54 pm
SHARE

modiപ്രധാനമന്ത്രിക്കൊപ്പം കെ എം അബ്ബാസ്‌

ഡല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രിക്കൊപ്പം എത്തിയ, ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖികക്ക് അറിയേണ്ടിയിരുന്നത്, സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ മാനങ്ങളെക്കുറിച്ചായിരുന്നു. മേഖലയിലെ ചോരപ്പുഴ അവസാനിപ്പിക്കാന്‍ ഇന്ത്യ-യു എ ഇ ബന്ധത്തിനാകുമോ? ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിനെ എങ്ങിനെ വ്യാഖ്യാനിക്കുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകരോടും ഉന്നയിച്ചു. തലേദിവസം, ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാന്‍ ‘പര്‍ദ’ധരിച്ച് അവരെ കണ്ടതും നരേന്ദ്രമോദി മസ്ജിദില്‍ എത്തുന്നതാണ് വാര്‍ത്ത എന്ന് അവര്‍ തമാശ പറഞ്ഞതും ഓര്‍ത്തു.
മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന്, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യക്കും യു എ ഇക്കും കൈകോര്‍ത്തു പിടിക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. അതില്‍ കുറേക്കൂടി ആത്മാര്‍ഥത യു എ ഇക്കാണെന്ന് രാജ്യം തെളിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സംഘത്തില്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവന്‍ ഉള്‍പ്പെട്ടത് യാദൃച്ഛികമല്ല, ഭീകരതക്കെതിരെയുള്ള നീക്കത്തില്‍ കൊടുക്കല്‍ വാങ്ങലിനാണ്.
പരിസ്ഥിതി സൗഹൃദ ഊര്‍ജ ഗവേഷണ കേന്ദ്രമായ മസ്ദര്‍ സിറ്റി സന്ദര്‍ശനത്തോടെയാണ് ഇന്നലത്തെ പരിപാടികള്‍, ആരംഭിച്ചത്. ഈ സീറോ കാര്‍ബണ്‍ മേഖല ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഊര്‍ജ മേഖലയില്‍ അബുദാബി ഇന്ത്യയില്‍ വലിയ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുന്നത് ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ സംഘത്തിന് ഇത് ആവേശം പകര്‍ന്നു.
അബുദാബിയില്‍ നിരവധി സ്ഥലങ്ങളില്‍ പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കാരായ വാണിജ്യപ്രമുഖരുമായും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അധികൃതരുമായും ചര്‍ച്ച നടത്തി. ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ തന്നെയായിരുന്നു എല്ലായിടത്തും മോദിയുടെ തുരുപ്പു ചീട്ട്. ഊര്‍ജം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, എന്നീ മേഖലകളിലെല്ലാം നിക്ഷേപ സാധ്യതയുണ്ടെന്ന് ഏവരെയും ബോധ്യപ്പെടുത്തി. അതിന് ശേഷം ദുബൈയിലെത്തിയ പ്രധാനമന്ത്രി ദുബൈയിലുള്ള വാണിജ്യപ്രമുഖരുമായും പ്രത്യേകിച്ച് ഇന്ത്യക്കാരുമായി ഒബ്രോയ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. തലേ ദിവസം അബുദാബിയിലുണ്ടായ കൂടിക്കാഴ്ചകളുടെ ഫലങ്ങള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രി വാണിജ്യ പ്രമുഖരെ അറിയിച്ചു. ഡോ. രവി പിള്ള, ഡോ. ബി ആര്‍ ഷെട്ടി, സുധീര്‍കുമാര്‍ ഷെട്ടി, ഷംസീര്‍ വയലില്‍, ഷംലാല്‍ അഹമ്മദ്, ഡോ. പി എ ഇബ്‌റാഹീം ഹാജി തുടങ്ങിയ വാണിജ്യ പ്രമുഖരും സംഘടനാ പ്രതിനിധികളും ഉള്‍പെട്ടിരുന്നു. എല്ലാവരും തന്നെ പ്രധാനമന്ത്രിയുമായി സംസാരിക്കാനും ഫോട്ടോയെടുക്കാനും താല്‍പര്യം കാണിച്ചു. ദുബൈയില്‍ പൊതു സ്വീകരണത്തിന് തൊട്ടുമുമ്പായിരുന്നു ഒബ്രോയ് ഹോട്ടലിലെ പരിപാടി. മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പരിപാടി ആസൂത്രണം ചെയ്തതില്‍ വന്ന പാളിച്ച തലവേദനയായി. പൊതു സ്വീകരണത്തിന്റെ വേദിയായ ക്രിക്കറ്റ് സ്റ്റേഡിയം 5.30നു തന്നെ അടക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രധാന മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുള്ള വാര്‍ത്താസമ്മേളനം അഞ്ച് മണിക്കാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് സജ്ജീകരിച്ചിരുന്നത്. വാര്‍ത്താസമ്മേളനത്തിന്റെ സ്ഥലത്ത് നിന്ന് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തുമ്പോള്‍ വളരെ വൈകി.
പ്രധാനമന്ത്രിക്കൊപ്പം ബി ജെ പി പ്രസിഡന്റ് അമിത് ഷാ കൂടി വരേണ്ടതായിരുന്നുവെന്നും യു എ ഇയിലെ സാഹോദര്യം പഠിക്കേണ്ടതായിരുന്നുവെന്നും സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വരുമ്പോഴാണ് പ്രധാനമന്ത്രിയുടെ പൊതു സ്വീകരണം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ‘പ്രധാനമന്ത്രി’യെ സ്വീകരിക്കാന്‍ ജാതിമത രാഷ്ട്രീയ ഭേദമന്യെ എല്ലാ ഇന്ത്യക്കാരും തയ്യാറായി. എന്നാല്‍, സ്വീകരണത്തെ എങ്ങിനെ കാവി വല്‍കരിക്കാമെന്നാണ് ചുരുക്കം ചിലര്‍ ചിന്തിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റും വിതരണം ചെയ്ത ബാഡ്ജുപോലും കാവി നിറത്തിലായിരുന്നു.
ക്രിക്കറ്റ് സ്റ്റേഡിയം വാസ്തവത്തില്‍ ജന സാഘരമായി മാറിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സ്റ്റേഡിയത്തിലെത്തിയത്. ഏതാണ്ട് നാല് മണിക്ക് മുമ്പ് തന്നെ സ്റ്റേഡിയത്തിന് പരിസരത്ത് ആളുകള്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാനും കേള്‍ക്കാനും എന്നതിനപ്പുറം ഇന്ത്യക്കാരുടെ ഒരു ആഘോഷം പോലെയാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതു ചടങ്ങിനെ ആളുകള്‍ കണ്ടത്. കൊച്ചു കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടി. ചിലര്‍ ത്രിവര്‍ണ പതാകയേന്തിയാണ് വന്നതെങ്കില്‍ മറ്റു ചിലര്‍ കാവി നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്.
സ്റ്റേഡിയത്തിനകത്തേക്ക് കടന്നുകിട്ടാന്‍ ഏറെ നേരം വൈലത്ത് കാത്തുനില്‍ക്കേണ്ടിവന്നവര്‍ സ്റ്റേഡിയത്തിനകത്തും കനത്ത ചൂടാണ് അനുഭവിച്ചത്. സ്റ്റേഡിയം മുഴുവനും ശീതീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അതൊന്നും വിയര്‍പ്പൊഴുകുന്നതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല. പ്രധാന മന്ത്രി എത്തുന്നതിന് മുമ്പ് സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനുകളില്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നതിനെ പ്രദര്‍ശിപ്പിച്ചിരുന്നു. മര്‍ഹബ നമോ എന്ന ബാനര്‍ സ്റ്റേഡിയത്തിനകത്ത് പലയിടത്തും കാണാമായിരുന്നു. ത്രിവര്‍ണ പതാകക്ക് നടുവില്‍ നരേന്ദ്ര മോദിയുടെ ചിത്രവുമായി ചിലരെത്തി. മോദി എത്തിയതോടെ സ്റ്റേഡിയം ശബ്ദാരവം കൊണ്ട് പ്രകംബിതമായി.
ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാമന്ത്രിയുടെ പ്രസംഗം പലപ്പോഴും രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളതായി വാജ്‌പെയ് ആണവ പരീക്ഷണം ഇന്ത്യയില്‍ നടത്തിയത് കൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് അഭിമാന ബോധമുണ്ടായതെന്ന് പറയുകയുണ്ടായി. ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് ആഴ്ചയില്‍ 150 വിമാനങ്ങളുണ്ട്. എന്നാല്‍ 34 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു ഭരണാധികാരി ഇന്ത്യയില്‍ നിന്ന് എത്തുന്നത്. അതേ സമയം ഡല്‍ഹിയില്‍ നിന്ന് നേപ്പാളിലേക്ക് അര മണിക്കൂറിന്റെ യാത്രപോലുമില്ല. എന്നിട്ടും വര്‍ഷങ്ങളായി ഒരു പ്രധാനമന്ത്രിയും പോയില്ല, പ്രധാന മന്ത്രി പറഞ്ഞു. ഇവിടെയുള്ള കേരളീയരെയും യു എ ഇ ഭരണാധികാരികളെയും മുക്തകണ്ഡം പ്രശംസിക്കാനും പ്രധാനമന്ത്രി മറന്നില്ല. എന്നാല്‍ ഇതിനിടയില്‍ സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കാന്‍ പ്രധാന മന്ത്രി തയ്യാറായില്ല.
യു എ ഇയിലെ ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു പരിപാടിയായി ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലേത് മാറി എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ ഒരു പരിഛേദം തന്നെയാണ് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്.