Connect with us

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നുമാസത്തിനകം നടത്താമെന്ന് സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നുമാസത്തിനകം നടത്താമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ 86 ദിവസത്തിനകം നടത്താമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസം വേണ്ടിവരുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം സര്‍ക്കാര്‍ തള്ളി. പഞ്ചായത്തുകള്‍ വിഭജിച്ചത് റദ്ദാക്കിയ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ 51 ദിവസം മതിയെന്നും ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഭജനം നടത്താന്‍ ആറു മാസം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റെന്നും സര്‍ക്കാര്‍ വാദിച്ചു. 2010 ല്‍ 278 വാര്‍ഡുകള്‍ വിഭജിച്ചത് 69 ദിവസം കൊണ്ടാണ്. ഇത്തവണ വിഭജിക്കുന്നത് 204 പഞ്ചായത്തുകള്‍ മാത്രമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പഞ്ചായത്ത് വാര്‍ഡ് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരുകയാണ്. ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.