ശുചിത്വ പുരസ്‌കാരം കോഴിക്കോടിനും കണ്ണൂരിനും

Posted on: August 18, 2015 2:13 pm | Last updated: August 18, 2015 at 2:13 pm
SHARE

കോഴിക്കോട്: 2015- ലെ ദേശീയ ഗെയിംസ് വേദികള്‍ സമ്പൂര്‍ണ ശുചിത്വ കളിസ്ഥലങ്ങളാക്കി മാറ്റാനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ പ്രോട്ടോകോള്‍ അവാര്‍ഡ് കോഴിക്കോടും കണ്ണൂരും പങ്കിട്ടു. ജില്ലാ ശുചിത്വമിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കോഴിക്കോടിന് പുരസ്‌കാരം ലഭിച്ചത്.
ജില്ലയിലെ ഗെയിംസ് മത്സരവേദികളായ കോര്‍പറേഷന്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ ജൈവ- അജൈവ മാലിന്യങ്ങള്‍ നീക്കുന്നതിനുവേണ്ടി നടപ്പാക്കിയ കരുതല്‍ നടപടികള്‍, ശേഖരിച്ച 50 ടണ്ണിലധികമുള്ള മാലിന്യങ്ങള്‍ അതത് ദിവസംതന്നെ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ചത്, നവീന രീതിയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവര്‍ഡ് കമ്മിറ്റി പരിഗണിച്ചത്.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ‘കാക്കക്കൂട്ടം’ എന്ന പേരില്‍ കോഴിക്കോട്ട് പ്രത്യേക ശുചിത്വസേന രൂപവത്കരിച്ചിരുന്നു. പ്രവേശന കവാടങ്ങളില്‍ സ്റ്റിക്കര്‍ സംവിധാനം, പ്ലാസ്റ്റിക് കവറുകള്‍ക്ക് പിഴ എന്നിവയാണ് ശുചിത്വമിഷന്‍ ആവിഷ്‌ക്കരിച്ചിരുന്നത്. കൈതപൊയില്‍ ലിസ കോളജ്, മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലെ എന്‍ എസ് എസ് പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.