സുപ്രീം കോടതി ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി: സുരക്ഷ ശക്തമാക്കി

Posted on: August 18, 2015 11:00 am | Last updated: August 19, 2015 at 3:44 pm
SHARE

supreme court
ന്യൂഡല്‍ഹി: സുപ്രീം കോടതി ബോംബ് വച്ചു തകര്‍ക്കുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം ഡല്‍ഹി പോലീസിനു ലഭിച്ചത്. ഭീഷണി ഉള്ളടക്കമുള്ള ഇ-മെയില്‍ ലഭിച്ച ഒരാള്‍ സന്ദേശം ഡല്‍ഹി പോലീസിനു കൈമാറുകയായിരുന്നു. എന്നാല്‍ ഇയാളുടെ പേരു വെളിപ്പെടുത്താന്‍ പോലീസ് തയാറായില്ല. ഇതേത്തുടര്‍ന്ന് ഒരു മാസത്തേക്ക് സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി പരിശീലനം തേടുന്ന അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും കോടതിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും.

യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കു ശേഷം ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് ഭീഷണി ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിക്കും ഭീഷണിയുണ്ടായിരിക്കുന്നത്. ഭീഷണിയെ തുടര്‍ന്ന് സുപ്രീം കോടതി പരിസരത്തെ സുരക്ഷ ശക്തമാക്കി. നിയമവിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ പ്രവേശിക്കുന്നത് ഒരു മാസത്തേക്കു വിലക്കുകയും ചെയ്തു. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെയും സുരക്ഷാ ഏജന്‍സികളെയും അറിയിച്ചിട്ടുണ്ട്.

ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കുള്ള അന്തിമ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. തിങ്കളാഴ്ച സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു സുപ്രീംകോടതിക്കു നേരെയുള്ള ഭീഷണിയേക്കുറിച്ച് വിശദീകരിച്ചിരുന്നു.