വിഴിഞ്ഞം: അദാനിക്ക് വേണ്ടി ചരടുവലിച്ച് വിവാദ ദല്ലാള്‍ നന്ദകുമാര്‍

Posted on: August 18, 2015 12:27 am | Last updated: August 18, 2015 at 12:27 am
SHARE

3536556555_TG-Nandakumar,-middlemanകൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ അണിയറയില്‍ ചരടുവലിച്ച ടി ജി നന്ദകുമാര്‍ എന്ന വിവാദ വ്യവഹാര ദല്ലാളിന്റെ പങ്ക് മറനീക്കി പുറത്തുവരുന്നു. പദ്ധതിക്കെതിരായ എതിര്‍പ്പുകള്‍ നിര്‍വീര്യമാകുന്നതിന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്ക് എല്ലാ സഹായവും നല്‍കിയത് എറണാകുളത്തു നിന്നുള്ള വ്യവഹാര ഉപദേശകനായ നന്ദകുമാറായിരുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ ഗൗതം അദാനിയോടൊപ്പം ടി ജി നന്ദകുമാര്‍ എത്തിയപ്പോള്‍ മാത്രമാണ് പദ്ധതിയില്‍ ഇദ്ദേഹത്തിനുള്ള പങ്ക് ചര്‍ച്ചയായത്.
സുപ്രീം കോടതി വിധികള്‍ പോലും വിലക്കുവാങ്ങാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നയാളാണ് നന്ദകുമാര്‍. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിന്ന് അനുകൂല വിധികള്‍ സമ്പാദിക്കാന്‍ നന്ദകുമാറിന്റെ സഹായം തേടിയിട്ടുള്ളവരില്‍ വി എസ് അച്യുതാനന്ദന്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ ഉണ്ടെന്നാണ് ആരോപണം. ഇടതും വലതും മുന്നണികളിലുള്ളവര്‍ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയിലാണ് നന്ദകുമാര്‍ പില്‍ക്കാലത്ത് വാര്‍ത്തകളിലും സി പി എമ്മിലെ ആഭ്യന്തര ചര്‍ച്ചകളിലും ഇടംപിടിച്ചത്. ലാവ്‌ലിന്‍ കേസിലും ഇടമലയാര്‍ കേസിലുമൊക്കെ കോടതി വിധികളില്‍ ഇയാളുടെ സ്വാധീനം ആരോപിക്കപ്പെട്ടു.
റിലയന്‍സ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി ജി നന്ദകുമാര്‍ കോര്‍പറേറ്റ് ദല്ലാള്‍ എന്ന് അറിയപ്പെട്ടു. റിലയന്‍സിന് വേണ്ടി ഇയാള്‍ നടത്തിയ ഇടപെടലുകള്‍ അന്നത്തെ സ്ുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി. വി എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. നന്ദകുമാറുമായുള്ള ബന്ധത്തിന്റെ പേരില്‍ വി എസ് പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് നേരിട്ടിരുന്ന സമയത്ത് പോലും മാധ്യമങ്ങളുടെ കണ്‍മുന്നിലൂടെ പരസ്യമായി അദ്ദേഹത്തെ ചെന്നുകണ്ട് അടച്ചിട്ട മുറിയില്‍ നന്ദകുമാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇയാളുടെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പം ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരില്‍ കത്തെഴുതിയ കേസില്‍ ക്രൈംബ്രാഞ്ചും സി ബി ഐയുമൊക്കെ അന്വേഷണം നടത്തിയെങ്കിലും നന്ദകുമാറിനെ ആര്‍ക്കും ഇതുവരെ തൊടാനായിട്ടില്ല.
വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടയിലാണ് നന്ദകുമാര്‍ റിലയന്‍സിനോട് വിടപറഞ്ഞ് ഗൗതം അദാനിയോടൊപ്പം ചേരുന്നത്. അദാനി ഗ്രൂപ്പിനെ വ്യവഹാരങ്ങളിലും ബിസിനസ് പ്രതിസന്ധികളിലും സഹായിക്കുക എന്ന നയതന്ത്ര ദൗത്യമാണ് നന്ദകുമാറിന് നിറവേറ്റാനുണ്ടായിരുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അദാനി ഗ്രൂപ്പിന്റെ സുവര്‍ണകാലം തുടങ്ങിയപ്പോള്‍ നന്ദകുമാറും അതിന്റെ ഗുണഭോക്താവായി മാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ നിര്‍ണായക പങ്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ അദാനിയും വി എസ് അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതും നന്ദകുമാറായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനത്തിനെത്തിയ ഗൗതം അദാനിയെയും മകന്‍ കിരണ്‍ അദാനിയെയും വി എസിന്റെ വസതിയില്‍ എത്തിച്ചതും നന്ദകുമാറിന്റെ ബുദ്ധിപരമായ നീക്കമായിരുന്നു. ഒരു ദേശീയ നേതാവിന് നല്‍കുന്ന ആദരവാണ് രണ്ട് അദാനിമാരും വി എസിന് നല്‍കിയത് എന്നത് ശ്രദ്ധേയമായി. സി പി എമ്മിലെ ഔദ്യോഗിക പക്ഷമാകട്ടെ, പരസ്യമായി അദാനി ഗ്രൂപ്പിനെ തള്ളിപ്പറയുന്നില്ലെങ്കിലും രഹസ്യമായി പദ്ധതി അവതാളത്തിലാക്കാനുള്ള നീക്കത്തിലാണെന്നാണ് അണിയറ വര്‍ത്തമാനം.