Connect with us

Malappuram

എസ് വൈ എസ് സംസ്ഥാന നേതൃസംഗമം സമാപിച്ചു

Published

|

Last Updated

മലപ്പുറം: മതസൗഹാര്‍ദ്ദത്തിനും പരസ്പര സ്‌നേഹത്തിനും മാതൃകയായ കേരളം വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കപ്പെടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് എസ് വൈ എസ് നേതൃത്വം അഭിപ്രായപ്പെട്ടു. കക്ഷി-രാഷ്ട്രീയഭേദങ്ങള്‍ക്കപ്പുറം മലയാളി കാത്തു സൂക്ഷിക്കുന്ന പാരസ്പര്യത്തിന്റെയും നന്മയുടെയും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ മുഴുവനാളുകളും ഒന്നിച്ചു മുന്നോട്ട് വരണമെന്നും എസ് വൈ എസ് സംസ്ഥാന നേതൃസംഗമം അഭ്യര്‍ത്ഥിച്ചു.
തെരഞ്ഞെടുപ്പുകള്‍ വരുന്നതും ഭരണകൂടങ്ങള്‍ മാറുന്നതും സാധാരണമാണ്. അതുപക്ഷേ കാലങ്ങളായി നാം കാത്തു സൂക്ഷിക്കുന്ന മത സഹിഷ്ണുതക്കും സൗഹൃദത്തിനും വിള്ളല്‍ വീഴ്ത്താന്‍ കാരണമാകരുത്. മനുഷ്യ മനസുകളില്‍ പരസ്പര വെറുപ്പിന്റെ സംസ്‌കാരം സൃഷ്ടിക്കുന്നത് ആപല്‍കരമാണ്. നൈമിഷിക കക്ഷി-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി നടത്തുന്ന പ്രസ്താവനകളും പ്രസംഗങ്ങളും മതേതര സമൂഹത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ഈ സത്യം തിരിച്ചറിയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. നേതൃസംഗമം ആവശ്യപ്പെട്ടു.
അടുത്ത മൂന്ന് വര്‍ഷ കാലയളവിലേക്കുള്ള മെമ്പര്‍ഷിപ്പ്, പുന:സംഘടനാ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച നേതൃ സംഗമത്തില്‍ (പണിപ്പുര) സംസ്ഥാന-ജില്ലാ-സോണ്‍ നേതാക്കള്‍ പങ്കെടുത്തു.
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, എ മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തി. പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ തങ്ങള്‍, കൂറ്റമ്പാറ അബ്ദുല്‍ റഹിമാന്‍ ദാരിമി, സി പി സൈതലവി മാസ്റ്റര്‍, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, പി.എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുല്‍ റഹിമാന്‍ ഫൈസി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.
സംഘടനാ സ്‌കൂളിന്റെ കീഴിലുള്ള രണ്ടാം ഘട്ട പരിശീലന പരിപാടി “പഠിപ്പുര” 125 കേന്ദ്രങ്ങളില്‍ ഈ മാസം 16-31 കാലയളവില്‍ നടക്കും.അടുത്തമാസം ഒന്നു മുതല്‍ 20വരെ 6000 പ്രാദേശിക കേന്ദ്രങ്ങളില്‍ “പഠനമുറി”കള്‍ സംഘടിപ്പിക്കും. അടുത്തമാസം 21 മുതല്‍ ഒക്‌ടോബര്‍ 31 കാലയളവില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളും നവംബര്‍മുതല്‍ 2016 ജനുവരി കാലയളവില്‍ പുനഃ സംഘടനാ പ്രവര്‍ത്തനങ്ങളും നടക്കും.