പറഞ്ഞയച്ചവരെ കൊല്ലാന്‍ ആഗ്രഹമെന്ന് പിടിയിലായ പാക് തീവ്രവാദി

Posted on: August 18, 2015 2:12 am | Last updated: August 18, 2015 at 12:13 am
SHARE

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ കൊല്ലുന്നതില്‍ ഹരമാണെന്ന് പിടിയിലാകുമ്പോള്‍ പറഞ്ഞ ഉസ്മാന്‍ ഖാന്‍ ഇപ്പോള്‍ പറയുന്നത്, തന്നെ കാശ്മീരിലേക്ക് അയച്ച ലശ്കറെ ത്വയ്യിബ നേതാക്കളെ കൊല്ലാന്‍ പാക്കിസ്ഥാനില്‍ പോകാന്‍ അനുവദിക്കണം എന്നാണ്. എന്‍ ഐ എ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഉസ്മാന്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ഉധംപൂരില്‍ ബി എസ് എഫ് വാഹനത്തിന് നേരെ ആക്രമണം നടത്താന്‍ നിയോഗിക്കപ്പെടുമ്പോള്‍ തനിക്ക് വെളുത്ത ഒരു ഗുളിക ലശ്കര്‍ നേതാക്കള്‍ തന്നിരുന്നെന്നും ഉസ്മാന്‍ ഖാന്‍ വെളിപ്പെടുത്തി. ഇത് യുവാവിന്റെ മനസ്സ് മരവിപ്പിക്കുന്നതിനുള്ള ഏതെങ്കിലും മയക്കുമരുന്നാകാമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്.
അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച തനിക്ക് ലശ്കര്‍ ഉപദേശകനായ മൗലവി ബഷീര്‍ കണ്ടെത്തുന്നത് വരെ ജീവിതത്തില്‍ യാതൊരു ലക്ഷ്യവുമുണ്ടായിരുന്നില്ലെന്നാണ് ഉസ്മാന്‍ പറഞ്ഞത്. കാശ്മീരില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശീലന ഘട്ടത്തില്‍ ഇയാള്‍ക്ക് കാട്ടിക്കൊടുത്തിരുന്നു. അതിന് ശേഷം മൂന്ന് ഘട്ട പരിശീലനമാണ് ഉസ്മാന് നല്‍കിയത്. ശാരീരിക ക്ഷമതാ പരിശീലനം, ആയുധപരിശീലനം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് ചാവേര്‍ ആക്രമണം നടത്താനുള്ള പരിശീലനം ഉസ്മാന്‍ ഖാന് ലശ്കറെ ത്വയ്യിബ ക്യാമ്പില്‍ നിന്ന് ലഭിച്ചത്. പിന്നീട് ജൂണ്‍ രണ്ടിന് ഇയാളടങ്ങുന്ന സംഘത്തെ ആക്രമണം നടത്താന്‍ ഇന്ത്യയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഫൈസലാബാദിലെ മധ്യവര്‍ത്തി കുടുംബത്തിലാണ് ഉസ്മാന്‍ ഖാന്‍ ജനിച്ചത്. മൂത്ത സഹോദരനും സഹോദരീ ഭര്‍ത്താവും കോളജ് ലക്ചററര്‍മാരാണ്. അതുകൊണ്ടുതന്നെ അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഉസ്മാന് കുടുംബത്തിന്റെ പിന്തുണ വേണ്ടുവോളമുണ്ടായിരുന്നില്ല. ഉസ്മാന്‍ ഖാന്‍ ലശ്കറെ ത്വയ്യിബ ക്യാമ്പില്‍ എത്തിപ്പെട്ടതേക്കുറിച്ച് പോലും ആ കുടുംബം അന്വേഷിച്ചില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, ഗൂഗിള്‍ എര്‍ത്ത് മാപ്പില്‍ നിന്ന് തന്റെ വീട് നില്‍ക്കുന്ന സ്ഥലം, മുമ്പ് ജോലി ചെയ്ത ഫാക്ടറി, ലശ്കറെ ത്വയ്യിബ ഓഫീസ് എന്നിവ ഉസ്മാന്‍ ഖാന്‍ തിരിച്ചറിഞ്ഞു. പാക്കിസ്ഥാനില്‍ ജിഹാദ് ക്യാമ്പുകള്‍ സജീവമാണെന്ന് ഉസ്മാന്‍ പറഞ്ഞു. താന്‍ പരിശീലനത്തിനെത്തുമ്പോള്‍ 180ഓളം ആണ്‍കുട്ടികള്‍ ക്യാമ്പിലുണ്ടായിരുന്നു. രണ്ടാം ഘട്ട പരിശീലനം പൂര്‍ത്തിയാകുമ്പോഴേക്ക് ഇത് 40മുതല്‍ 50വരെയായി കുറഞ്ഞുവെന്നും ഉസ്മാന്‍ പറഞ്ഞു. കാശ്മീര്‍ താഴ്‌വരയില്‍ ആക്രമണം നടത്താന്‍ പറഞ്ഞുവിടുമ്പോള്‍ 50,000 രൂപ നല്‍കിയിരുന്നുവെങ്കിലും എല്ലാം വഴികാട്ടിയായി വന്ന അബു ഖാസിമാണ് കൈവശം വെച്ചത്. 2000 രൂപമാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഉസ്മാന്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.
അതേസമയം, ഉസ്മാന്‍ ഖാനെ ചോദ്യം ചെയ്യുക വഴി കാശ്മീര്‍ താഴ്‌വരയില്‍ ലശ്കറെ ത്വയ്യിബക്ക് സഹായം ചെയ്യുന്ന മൂന്ന് ഡസനിലധികം ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞതായി അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.