Connect with us

Idukki

വേദനകള്‍ മറന്ന് ശഫീഖ് അക്ഷരമുറ്റത്ത്

Published

|

Last Updated

തൊടുപുഴ: പോറ്റമ്മ രാഗിണി ചലിപ്പിച്ച വീല്‍ചെയറില്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ ശഫീഖിന്റെ മുഖം മുമ്പത്തേക്കാളും പ്രസന്നമായിരുന്നു. പുതിയ കൂട്ടുകാര്‍ അവനെ സ്‌കൂളിലേക്ക് സ്വീകരിച്ചു. ഒരു കലാലയം ഒന്നടങ്കം വിശിഷ്ടാതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി നിന്നു. വേദനയുടെ ഇന്നലെകള്‍ അവന്‍ മറന്ന നിമിഷങ്ങള്‍. അല്‍അസ്ഹര്‍ പബ്ലിക് സ്‌കൂളിലാണ് ചിങ്ങപ്പിറവി നാളില്‍ ശഫീഖ് സ്‌കൂള്‍ അരങ്ങേറ്റം നടത്തിയത്.
കുമളിയില്‍ രണ്ടാനമ്മയുടേയും പിതാവിന്റെയും ക്രൂരമര്‍ദനത്തിനിരയായി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശഫീഖിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുളളതിനാലാണ് സ്‌കൂളില്‍ ചേര്‍ത്തത്. പുത്തന്‍ യൂനിഫോമണിഞ്ഞെത്തിയ ശഫീഖിനെ എട്ടാം ക്ലാസ് വിദ്യാര്‍ഥി റിയാസ് ഹൈദര്‍ അലിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ബാന്റിന്റെ അകമ്പടിയോടെയാണ് വരവേറ്റത്. വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റ് അംഗങ്ങളും വരവേല്‍പ്പ് നല്‍കി. ബലൂണുകളും ത്രിവര്‍ണ പതാകയും കൈയിലേന്തി എല്‍ കെജി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ വരി നിന്നു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ എം മൂസ, സ്‌കൂള്‍ ഡയറക്ടര്‍ ആസിയ മിജാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആഷ ടി ആര്‍ എന്നിവര്‍ ചേര്‍ന്ന് ശഫീഖിനെ ക്ലാസ് മുറിയില്‍ എത്തിച്ചു. പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് അധ്യാപകരാണ് ശഫീഖിന്റെ പഠനത്തിന് നേതൃത്വം നല്‍കുന്നത്.
യു കെ ജി ക്ലാസ്സ് മുറിയില്‍ നിന്നാണ് പഠനം ആരംഭിക്കുന്നത്. 25 കുട്ടികളുളള ക്ലാസ്സ് മുറിയില്‍ ശഫീഖ് കഴിയുന്ന അല്‍അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ അമ്മത്താരാട്ട് മുറിയിലുളള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാധാരണ കുട്ടികള്‍ക്കുളള ബുദ്ധി വളര്‍ച്ച ശഫീക്കിന് കുറവാണെങ്കിലും മറ്റു കുട്ടികളുമായി ഒരുമിച്ചിരുന്ന് പഠിക്കുന്നതിലൂടെ നല്ല പുരോഗതി ഉണ്ടായേക്കാമെന്ന് വെല്ലൂര്‍ സി എം സി ആശുപത്രിയില്‍ ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. ജോര്‍ജ് തരിയന്‍ പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ശഫീഖിനെ സ്‌കൂളില്‍ അയക്കുന്നത്.

Latest