ജില്ലയിലെ പത്ത് പഞ്ചായത്തുകള്‍ പിടിച്ചെടുക്കാന്‍ ബി ജെ പി തന്ത്രം

Posted on: August 18, 2015 4:45 am | Last updated: August 17, 2015 at 9:47 pm
SHARE

കാസര്‍കോട്: തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി പി എം ശക്തികേന്ദ്രങ്ങളില്‍ പ്രചാരണം ശക്തമാക്കാന്‍ ബി ജെ പി പദ്ധതി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 10 പഞ്ചായത്തും മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനും പിടി ച്ചെടുക്കുകയെന്നതാണ് ഇതിന് പിറകിലെ ലക്ഷ്യം. ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പടാന്‍ ബി ജെ പി നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബി.ജെ.പിക്ക് വേരോട്ടമുള്ള 10 പഞ്ചായത്തുകള്‍ പിടിക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ അഞ്ച് നിയമസഭാ സീറ്റുകള്‍ പിടിക്കാനുള്ള അമിത്ഷായുടെ പദ്ധതിയില്‍ കാസര്‍കോടും ഉള്‍പ്പെടുന്നുണ്ട്.കാസര്‍കോട് നഗരസഭ അടക്കമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ബി ജെ പി ക്ക് പ്രധാന എതിരാളി വരുന്നത് മുസ്‌ലിംലീഗാണ്. ഈ മാസം 31 ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കാസര്‍കോട്ട് നിന്നും ജാഥ ആരംഭിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി സെപ്തംബര്‍ 14,15,16 തിയ്യതികളില്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് നയിക്കുന്ന സൈക്കിള്‍ യാത്രയും നടക്കും. ഇതാദ്യമായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ബി ജെ പി ഇത്രയും വിപുലമായ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഈഴവര്‍ക്ക് ഭൂരുപക്ഷമുള്ള മേഖലയില്‍ എസ് എന്‍ ഡി പിക്കും തത്പരനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി വാര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമവും ബി ജെ പിയുടെ ഭാഗത്ത് നിന്നുണ്ടാകും. സംഘപരിവാര്‍ കുടുംബത്തിലെ ആര്‍ എസ് എസ്, ബി എം എസ്, എ ബി വി പി, ബാലഗോകുലം, വി എച്ച് പി, സേവഭാരതി തുടങ്ങിയ സംഘടനകള്‍ക്ക് അഭികാമ്യമായ രൂപത്തിലുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് ബിജെ പി നടത്തുന്നത്. സി പി എം കോട്ടകളെ ഇളക്കി മറിക്കുന്ന പ്രചാരണമായിരിക്കും ഇക്കുറിയുണ്ടാവുകയെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. എന്നാല്‍ ബിജെ പിയുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താനും പാര്‍ട്ടിവോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും സി പി എമ്മും ശക്തമായ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു. കുടുംബസംഗമങ്ങള്‍ അടക്കം സംഘടിപ്പിച്ച് ഇടതുമുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങളുമായാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. സി പി എം ഉരുക്കുകോട്ടകളില്‍ നിന്ന് വോട്ടുകള്‍ ചോര്‍ത്താനുള്ള ബി ജെ പി നീക്കം നടക്കാന്‍ പോകുന്നില്ലെന്നും അവര്‍ക്ക് നിരാശപ്പെടേണ്ടിവരുമെന്നും സി പി എമ്മിന്റെ ഒരു പ്രമുഖ നേതാവ് ഇതേക്കുറിച്ച് പ്രതികരിച്ചു.