കോരന്‍ മാസ്റ്റര്‍ ഓര്‍മയായി

Posted on: August 18, 2015 5:30 am | Last updated: August 17, 2015 at 9:45 pm
SHARE

ചെറുവത്തൂര്‍: അധിനിവേശത്തിനെതിരെ പടപൊരുതിയ കയ്യൂര്‍ സമര സേനാനി കുട്ടമത്തെ കെ കോരന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.
ഇന്നലെ രാവിലെ എട്ടോടെ നീലേശ്വരം തേജസ്വിസി ആസ്പത്രിയില്‍ നിന്നും നാട്ടിലെത്തിച്ച മൃതദേഹം പൊന്‍മാലം യങ്‌മെന്‍സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ചു. നാടിന്റെ നാനാ തുറകളില്‍ നിന്നെത്തിയവര്‍, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിച്ചു.
രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ സാന്നിധ്യമായിരുന്ന ഇദ്ദേഹത്തിന്റെ ഭൗതികദേഹം അവസാനമായി കാണാന്‍ നുറുകണക്കിന് പ്രദേശവാസികള്‍ രാവിലെ തന്നെയെത്തിയിരുന്നു. പി കരുണാകരന്‍ എംപി, തഹസില്‍ദാര്‍ വൈ എം സി സുകുമാരന്‍, മുന്‍ എം എല്‍ എ. കെ പി കുഞ്ഞിക്കണ്ണന്‍, കരിമ്പില്‍ കൃഷ്ണന്‍, പി എ നായര്‍, എ കെ നാരായണന്‍, സി കൃഷ്ണന്‍ എംഎല്‍എ, പി രാഘവന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, എം വി കോമന്‍ നമ്പ്യാര്‍, കെ ബാലകൃഷ്ണന്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ഗൗരി, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ബാലകൃഷ്ണന്‍, സി കാര്‍ത്യായനി, എ വി രമണി, സി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം വീട്ടിലെത്തിലെത്തിക്കുകയും പിന്നീട് കുട്ടമത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു.
സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നാല് പേര്‍ കഴുമരമേറിയ വീര സമര ചരിത്രത്തിലെ അവസാനത്തെ കണ്ണിയായിരുന്നു അന്തരിച്ച കെ കോരന്‍ മാസ്റ്റര്‍.
സംസ്‌കാരത്തിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ സിപിഎം ചെറുവത്തൂര്‍ ഏരിയ സെക്രട്ടറി കെ പി വത്സലന്‍ അധ്യക്ഷനായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍, ജില്ല സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, എം രാജഗോപാലന്‍, പി ജനാര്‍ദനന്‍, വി പി പി മുസ്തഫ, പ്രകാശന്‍, പി എ നായര്‍, പി ദാമോദരന്‍, ഗംഗന്‍ അഴീക്കോട്, പി ടി കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. വി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.