Connect with us

Kerala

ഗുരുവിന്റെ വിഗ്രഹം മതിയെന്ന നിലയിലേക്ക് എസ് എന്‍ ഡി പി തരംതാഴ്ന്നു: പിണറായി

Published

|

Last Updated

കോഴിക്കോട്: ഗുരുവിനെ വേണ്ട ഗുരുവിന്റെ വിഗ്രഹം മതിയെന്ന നിലയിലേക്ക് എസ് എന്‍ ഡി പി യോഗം എത്തിയിരിക്കുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. രാജ്യത്ത് ഒരു മതം മാത്രമേ പാടുള്ളൂ എന്ന് ശഠിക്കുന്നവരുടെ കാല്‍ക്കീഴില്‍ ശ്രീനാരായണീയരെ എത്തിക്കാനുള്ള ദൗത്യം നിറവേറ്റാന്‍ ശ്രമിക്കുന്നത് ഒരു തരത്തിലും ശ്രീനാരായണ ധര്‍മ പരിപാലനം അകില്ല. ഇപ്പോള്‍ നടക്കുന്ന ഇത്തരം നീക്കത്തിന് പിന്നില്‍ സ്വാര്‍ഥ താത്പര്യമുണ്ടെന്നും പിണറായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ എ സജീവന്‍ എഴുതിയ “ഗുരോ പൊറുക്കുക” പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു പിണറായി.
ഗുരുവിന്റെ സന്ദേശം മനസിലാക്കാത്ത അനുയായികള്‍ ഗുരുവിന് ക്ഷേത്രം ഉണ്ടാക്കാന്‍ നടക്കുകയാണ്. ഗുരു അവസാനം പ്രതിഷ്ഠിച്ചത് വിഗ്രഹമല്ല, കണ്ണാടിയാണ്. വിഗ്രഹ പ്രതിഷ്ഠക്കെതിരെ ശക്തമായ സന്ദേശം നല്‍കുകയാണ് ഗുരു ചെയ്തത്. ഗുരുവിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കാനല്ല, അദ്ദേഹത്തിന്റെ പടം വെച്ച് ആരാധിക്കാനാണ് സമുദായം താത്പര്യം കാട്ടുന്നത്. ഗുരു വിലക്കിയ കാര്യങ്ങള്‍ ഓരോന്നായി പുതിയ കാലത്തെ ശിഷ്യന്മാര്‍ നടപ്പാക്കുകയാണ്. ഗുരുവിനെ ഒരു മതത്തിന്റെ വക്താവായി ചിത്രീകരിക്കുന്നതിനേക്കാള്‍ വലിയ മതനിന്ദയില്ല. ഗുരുവിനെ വെറും ജാതി പ്രതീകമോ, അന്ധവിശ്വാസങ്ങള്‍ കൊണ്ട് പൊതിഞ്ഞ ആള്‍ദൈവമോ ആക്കുകയാണ്. ജാതി ചിന്തകൊണ്ട് മലീമസമായ കേരളത്തിലേക്കാണ് ഗുരു വെളിച്ചമായി വന്നത്. ഏതെങ്കിലും മതത്തിനോ, ജാതിക്കോ അവകാശപ്പെട്ടതല്ല ഗുരു. മുഴുവന്‍ മാനവരാശിക്കും അവകാശപ്പെട്ടതാണ്. നവോഥാന കാലഘട്ടത്തിന് ശരിയായ തുടര്‍ച്ച ഉണ്ടാക്കിയത് പുരോഗമന പ്രസ്ഥാനമാണ്. ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ മുന്‍നിര്‍ത്തി എസ് എന്‍ ഡി പി യോഗം ആത്മ പരിശോധനക്ക് തയ്യാറാകണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
വി ടി ബല്‍റാം എം എല്‍ എ അധ്യക്ഷനായി. എം പി അബ്ദുസമദ് സമദാനി എം എല്‍ എ പുസ്തകം ഏറ്റുവാങ്ങി. ഡോ.എം ആര്‍ രാഘവ വാര്യര്‍ പുസ്തകം പരിചയപ്പെടുത്തി. കണ്ണൂര്‍ ജില്ലാ ജഡ്ജി കെ ബൈജുനാഥ്, നടന്‍ ജോയ് മാത്യൂ, ഡോ. ഒ കെ ശ്രീനിവാസന്‍ പ്രസംഗിച്ചു. എ സജീവന്‍ സ്വാഗതവും ടി വേലായുധന്‍ നന്ദിയും പറഞ്ഞു.