Connect with us

Kerala

രാഷ്ട്ര സേവനത്തിന് കൈകോര്‍ക്കുക: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: രാഷ്ട്ര സേവനത്തിനും പുരോഗതിക്കും വേണ്ടി എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വൈദേശിക ശക്തികളില്‍ നിന്ന് സ്വാതന്ത്രം വാങ്ങിയതിന്റെ സ്മരണ പുതുക്കുന്ന ഈ സുദിനത്തില്‍ മതത്തിന്റെയോ ജാതിയുടെയോ അതിര്‍ വരമ്പുകള്‍ ഇല്ലാതെ കൈകോര്‍ത്ത് മുന്നേറാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാധിക്കണം. കാരന്തൂര്‍ മര്‍കസ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യസ്‌നേഹത്തിന്റെ ഭാഗമായാണ് കാശ്മീരില്‍ നിന്ന് വിദ്യാര്‍ഥികളെ മര്‍കസില്‍ കൊണ്ടു വന്നതെന്നും സ്‌നേഹവും സൗഹാര്‍ദ്ദവും രാഷ്ട്ര പുരോഗതിക്ക് ഊര്‍ജ്ജമാകണമെന്നും കാന്തപുരം പറഞ്ഞു.
കാശ്മീര്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പാട്രിയോട്ടിസം മാഗസിന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി അബൂബക്കറിന് നല്‍കി പ്രകാശനം ചെയ്തു.
സയ്യിദ് ജഅ്ഫര്‍ കോയ കുമ്പോല്‍, സി മുഹമ്മദ് ഫൈസി, നിയാസ് മാസ്റ്റര്‍ ചോല, അമീര്‍ ഹസ്സന്‍, ഉനൈസ് മുഹമ്മദ്, യാസര്‍ അറഫാത്ത് നൂറാനി, റശീദ് പുന്നശ്ശേരി പങ്കെടുത്തു. വിവിധ മര്‍കസ് സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും സംബന്ധിച്ചു. കാശ്മീര്‍ വിദ്യാര്‍ഥികളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രോഗ്രാമും മധുര വിതരണവും നടന്നു.

Latest