Connect with us

Gulf

ഇന്ത്യയില്‍ യു എ ഇ നാലര ലക്ഷം കോടിയുടെ നിക്ഷേപം നടത്തും

Published

|

Last Updated

അബൂദബി: ഇന്ത്യയില്‍ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് യു എ ഇയുമായി ധാരണയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തീവ്രവാദത്തിനെതിരെ യോജിച്ചു പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളും ധാരണയായി. നരേന്ദ്ര മോദിയും അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് തീവ്രവാദത്തിനെതിരെ ശക്തമായ നീക്കം നടത്തുമെന്ന് പ്രഖ്യാപനമുള്ളത്.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. മസ്ദര്‍ സിറ്റിയില്‍ നടന്ന വാണിജ്യ പ്രമുഖരുടെ യോഗത്തിലാണ് പ്രധാനമന്ത്രി വ്യവസായികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. 125 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനത ഒരു വിപണി മാത്രമല്ലെന്നും വന്‍ ശക്തി സ്രോതസ്സാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യയില്‍ പണം മുടക്കാനായി മോദി യു എ ഇയിലെ വ്യവസായികളോട് ആഹ്വാനം ചെയ്തത്. ഒരു ലക്ഷം കോടി ഡോളര്‍ മുതല്‍ മുടക്കാനുള്ള സാധ്യതകളാണ് നിലവില്‍ ഇന്ത്യയിലുള്ളതെന്നും മോദി പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് മോദി ചൂണ്ടിക്കാട്ടി. വികസനത്തിന് ഇന്ത്യയില്‍ തുറന്ന അവസരങ്ങളാണുള്ളത്. ലോക ബേങ്കും ഐ എം എഫും ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യയെ കാണുന്നതെന്ന് മോദി പറഞ്ഞു.
ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 500 ലക്ഷം ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മിക്കുമെന്നും അദേഹം വ്യക്തമാക്കി.
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി മോദി കൂടിക്കാഴ്ച നടത്തി. വൈകീട്ട് 7.30ന് ഇന്ത്യന്‍ സമൂഹം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ച് അദ്ദേഹം ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. 50,000ല്‍ അധികം ആളുകളാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാന്‍ എത്തിയത്.