Connect with us

Gulf

മോദി വന്നപ്പോള്‍

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന രാജ്യങ്ങളിലെല്ലാം ഐതിഹാസിക ചരിത്രം സൃഷ്ടിക്കുന്നതുപോലെ യു എ ഇയും അങ്ങനെയൊരു ചരിത്രപഠനത്തിന്റെ ഭാഗമാവുകയാണിപ്പോള്‍. അമേരിക്കയിലെ യുവാക്കള്‍ പ്രത്യേകിച്ച് ഇന്ത്യന്‍ യുവത്വം മോദിക്ക് ആവേശകരമായ സ്വീകരണം നല്‍കിയത് പോലെയോ അതിനപ്പുറമോ മിഴിവാര്‍ന്ന രീതിയിലാണ് യു എ ഇയില്‍ ആഥിത്യമരുളുന്നത്.
26 ലക്ഷം ഇന്ത്യക്കാര്‍ കഴിയുന്ന യു എ ഇയില്‍ അത്യുജ്വലമായ ഒരു സ്വീകരണ പരിപാടി മോദിക്ക് ഒരുക്കുമ്പോള്‍ അതിന് പിന്നിലെ അതീവ ശ്രദ്ധക്ക് ചില കാരണങ്ങളുണ്ട്. ഒന്ന്: 81ന് ശേഷം ഒരു പ്രധാനമന്ത്രിയും യു എ ഇയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. മന്‍മോഹന്‍ സിംഗിന് ഒന്ന് വന്നുപോകാമായിരുന്നു. എല്ലാവരും ആഗ്രഹിച്ചിരുന്നതുമാണ്. വി പി സിംങോ രാജീവ് ഗാന്ധിയോ വാജ്‌പേയിയോ ഗൗഡയോ റാവുവോ ഒന്നും തന്നെ യു എ ഇ എന്ന രാജ്യത്തിന്റെ സന്ദര്‍ശക പ്രാധാന്യം മനസ്സിലാക്കിയിരുന്നില്ല. അഥവാ ഈ വിഷയത്തില്‍ അജ്ഞത നടിച്ചിരുന്നു. രണ്ട്: വ്യക്തിപരമായി നരേന്ദ്ര മോദിയുടെ പ്രസംഗ ശൈലി. ഒപ്പം ഇന്ത്യാ പ്രകീര്‍ത്തന മന്ത്രധ്വനികളും. നമ്മുടെ രാജ്യത്തിന്റെ മുഴുവന്‍ ശക്തിയും വാക്കുകളില്‍ ആവാഹിച്ച് അതി ശക്തമായ രീതിയില്‍ ആവിഷ്‌കരിച്ച് ഇന്ത്യക്കാരുടെയും അയല്‍ക്കാരുടെയും അന്യരുടെയുമൊക്കെ അമ്പരപ്പിനും കൈയടിക്കും കാരണമാകാന്‍ മോദിക്കുള്ള കഴിവ് അപാരമാണ്. യു എ ഇയിലെ പ്രസംഗത്തിലും അത്തരമൊരു മനംകവരല്‍ കൗശലം ഉണ്ടാകുമെന്നും ലോകം പ്രതീക്ഷിക്കുകയാണ്. മൂന്ന്: ബി ജെ പിക്കാരനായ ഒരു പ്രധാനമന്ത്രി അറബ് നാട്ടില്‍ എത്തുന്നു എന്നുള്ളത്. വന്ന ഉടന്‍ തന്നെ ശൈഖ് സായിദ് മസ്ജിദില്‍ സന്ദര്‍ശനത്തിന് പോയതും ഈ ശ്രദ്ധക്ക് ആക്കംകൂട്ടി. അഞ്ച്: ഒരു രാജ്യത്തിന്റെ വികസന താല്‍പര്യങ്ങള്‍ ഓരോ നിമിഷവും ഒരു പ്രധാനമന്ത്രി പങ്കുവെക്കുന്നു എന്നുള്ളത്. ആ അര്‍ഥത്തില്‍ നരേന്ദ്ര മോദി സദാ വിജയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്. ആറ്: 1,400 കോടി ഡോളറിലധികം പ്രതിവര്‍ഷം യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ക്യാഷ് റെമിറ്റന്‍സ് ഉണ്ടെന്ന കാര്യം അറിയാവുന്ന പ്രധാനമന്ത്രി എന്ന നിലക്ക്. ഏഴ്: അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി എന്ന നിലക്ക് യു എ ഇയുമായുള്ള സൗഹൃദത്തിന്റെ ആഴം കൂട്ടേണ്ടത് മനസ്സിലാക്കിയ ആളെന്ന നിലക്ക് ഇങ്ങനെയൊക്കെ യു എ ഇയെ മനസ്സിലാക്കിയ അപൂര്‍വ പ്രധാനമന്ത്രിമാരില്‍ ഒരാളായി നരേന്ദ്ര മോദി മാറുകയാണ്.
ഏതൊക്കെ അര്‍ഥത്തില്‍ ആരൊക്കെ വ്യാഖ്യാനിച്ചാലും യു എ ഇയില്‍ കഴിയുന്ന ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ രോമം എണീറ്റ് നില്‍ക്കുന്ന ഒരു സാഹചര്യം ഇതാ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പ്രധാന മന്ത്രീ, ഇവിടെയും പതിവ് പോലെ ഉജ്വലമായി സംസാരിച്ചാലും.

Latest