Connect with us

Gulf

പ്രധാനമന്ത്രി എത്തി; ചരിത്രം വഴിമാറി

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയില്‍ കാലുകുത്തിയപ്പോള്‍ 34 വര്‍ഷം മുമ്പത്തെ ചരിത്രം വഴിമാറി. ഇന്നലെ ഉച്ചയോടെ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ആവേശകരമായ വരവേല്‍പ്പാണ് യു എ ഇ നല്‍കിയത്. അതേ സമയം, യു എ ഇയിലെ ഇന്ത്യക്കാരും ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അത്യപൂര്‍വ വേലിയേറ്റത്തിലായിരുന്നു. ഇന്നലെ ഉച്ച മൂന്നോടുകൂടിയാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര വിദഗ്ധരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ചരിത്രപരം എന്നാണ് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം വിശേഷിപ്പിച്ചത്. എം എ യൂസുഫലി, ഡോ. ബി ആര്‍ ഷെട്ടി, വൈ സുധീര്‍കുമാര്‍ ഷെട്ടി, ഡോ. ഷംസീര്‍ വയലില്‍ എന്നിങ്ങനെ വാണിജ്യ പ്രമുഖരെല്ലാം ആവേശത്തോടുകൂടിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ഇന്ത്യ-യു എ ഇ ബന്ധത്തിലെ തിളക്കമാര്‍ന്ന അധ്യായമായി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഊര്‍ജം, മാനവ ശേഷി, പ്രതിരോധം എന്നിങ്ങനെ നിര്‍ണായക മേഖലകളില്‍ പുതിയ ബന്ധത്തിന്റെ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ ഊര്‍ജ പദ്ധതികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ധാരണയായിട്ടുണ്ട്. ഏതാണ്ട് ആയിരം കോടി ഡോളറിന്റെ പദ്ധതിയാണ് ഊര്‍ജ മേഖലയില്‍ മാത്രം ഇന്ത്യയില്‍ വരാന്‍പോകുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയും യു എ ഇയും തമ്മില്‍ നിക്ഷേപകരുടെ സുരക്ഷിതത്വം സംബന്ധിച്ച ഉഭയകക്ഷി കരാറിനും സംസ്ഥാപനമായി. യു എ ഇയില്‍ ചെറുതും വലുതുമായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. അടുത്തകാലത്തായി യു എ ഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിരവധി ഇന്ത്യക്കാര്‍ നിക്ഷേപം നടത്തുന്നുണ്ട്. അവരുടെ പരിരക്ഷ ഒരുപ്രധാന വിഷയമായിരുന്നു.
മാനവശേഷിയുടെ കാര്യത്തില്‍ യു എ ഇയില്‍ ഇന്ത്യക്ക് വലിയ താല്‍പര്യങ്ങളുണ്ട്. നിലവില്‍ 10 ലക്ഷത്തിലധികം മലയാളികളടക്കം 26 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. അവരില്‍ വലിയൊരു വിഭാഗം തൊഴിലാളികളാണ്. അവരുടെ ക്ഷേമം സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യങ്ങളുണ്ട്. അതിന് വേണ്ട പ്രാഥമിക ചര്‍ച്ചകള്‍ അനൗദ്യോഗികമായി നടന്നു. ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള റിക്രൂട്ട്‌മെന്റിലെ പുതുതായി വന്ന പല നടപടി ക്രമങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ താല്‍പര്യ സംരക്ഷണാര്‍ഥം ഏര്‍പെടുത്തിയ ഇ-മൈഗ്രേറ്റ് സംവിധാനം പരാജയമായി മാറിയിരിക്കുകയാണ്. യു എ ഇയില്‍, ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഇവിടെയുള്ള സ്‌പോണ്‍സറുടെ വിശദവിവരങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സമര്‍പിക്കണമെന്നാണ് ഇ-മൈഗ്രേറ്റ് നിഷ്‌കര്‍ഷിക്കുന്നത്. ഇത് ഇവിടെ റിക്രൂട്ട്‌മെന്റ് നടത്തുന്ന കമ്പനികള്‍ക്കും അറബ് സമൂഹത്തിനും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അവര്‍ക്ക് പല തവണ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെ സമീപിക്കേണ്ടി വരുന്നു. ഇത് കാരണം ഇന്ത്യക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. ഇതൊക്കെ ചിലര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പും വേനലവധിക്കാലത്തും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിക്കുന്നത് പ്രധാന പ്രശ്‌നമായി പലരും ചൂണ്ടിക്കാട്ടി.
പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.55നാണ് പ്രധാനമന്ത്രി അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അടക്കമുള്ള ഉന്നത വ്യക്തികള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു പ്രധാനമന്ത്രി പിന്നീട് അബുദാബിയുടെ അഭിമാനമായ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ എത്തി അല്‍പനേരം വിശ്രമിച്ചു. ഇന്നലെതന്നെ ഉഭയ കക്ഷി കരാറുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമായിട്ടായിരുന്നു പ്രധാന ചര്‍ച്ച. ഇന്ത്യയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനാണ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്.
അമേരിക്ക, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും നിക്ഷേപം സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഒന്നും അവിടന്ന് ലഭ്യമായിരുന്നില്ല. അതേസമയം യു എ ഇയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയില്‍ എത്രവേണമെങ്കിലും നിക്ഷേപം നടത്താന്‍ തയ്യാറാണ് എന്ന സൂചനയാണ് അബുദാബിയിലെ അധികാരികള്‍ നല്‍കിയത്. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് തന്നെ യു എ ഇയിലെ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ഏറ്റവും ഉന്നതമായ നിലയിലാണ് കാണുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം ലോകത്തില്‍ വാണിജ്യ ബന്ധത്തില്‍ ഇന്ത്യയുടെയും യു എ ഇയുടെയും പാരസ്പര്യം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് കൂടി വ്യക്തമാക്കി. സുരക്ഷ, പ്രതിരോധം തുടങ്ങിയ നിലകളിലും യു എ ഇയും ഇന്ത്യയും തമ്മില്‍ മഹത്തായ ബന്ധമുണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്കൊപ്പമുണ്ട് എന്നത് സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയും യു എ ഇയും കൈകോര്‍ക്കാന്‍ ഉപകരിക്കുന്ന തരത്തില്‍ ഇരു രാജ്യങ്ങളും പരസ്പര വിശ്വാസം പുലര്‍ത്തുന്നതിന് ഇത് സഹായകമാകും.
സാധാരണക്കാരായ ഇന്ത്യക്കാര്‍ ഉറ്റുനോക്കുന്നത് ദുബൈയില്‍ നടക്കുന്ന ഇന്നത്തെ പൊതു സ്വീകരണത്തെയാണ്. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പൊതു സ്വീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 55,000ത്തോളം ആളുകള്‍ ഇതിനകം തന്നെ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതൊരു ചരിത്ര സംഭവമാക്കിമാറ്റാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശൈഖ് സായിദ് മസ്ജിദില്‍ എത്തിയത് വൈകുന്നേരം 6.30 ഓടെയാണ്. അതിന് മുമ്പ് തന്നെ നരേന്ദ്ര മോദിയെ കാത്ത് മസ്ജിദിന് പുറത്ത് ധാരാളം ഇന്ത്യക്കാര്‍ നിലയുറപ്പിച്ചിരുന്നു. ശൈഖ് സായിദ് മസ്ജിദിനോടനുബന്ധിച്ചുള്ള ശൈഖ് സായിദിന്റെ മഖ്ബറ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യു എ ഇ യുവജന സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, എം എ യൂസുഫലി, ഡോ. ബി ആര്‍ ഷെട്ടി തുടങ്ങിയവര്‍ എത്തിയിരുന്നു. പ്രധാനമന്ത്രി മസ്ജിദ് ചുറ്റിക്കാണുകയും ചെയ്തു. സന്ത്യാരശ്മികള്‍ മസ്ജിദിന്റെ സുവണ താഴികക്കുടങ്ങളില്‍ പരന്നപ്പോള്‍ ആ മനോഹരമായ കാഴ്ച പ്രധാന മന്ത്രി ഏറെ നേരം നോക്കിനിന്നു.
ഐക്കാഡ് സിറ്റിയിലെ തൊഴിലാളികളുടെ സ്വീകരണം അവിസ്മരണീയമായ കാഴ്ചയൊരുക്കി. ഏതാണ്ട് 300 ഓളം തൊഴിലാളികളാണ് ഐക്കാഡ് സിറ്റിയില്‍ പ്രധാനമന്ത്രിയെ വരവേറ്റത്. ഇവരുടെ അടുത്തേക്ക് പ്രധാനമന്ത്രി എത്തുകയും ഓരോരുത്തരോടും പ്രത്യേകമായി കുശലം ചോദിക്കുകയും തമാശ പറയുകയും ചെയ്തു. സംഘങ്ങളായി തൊഴിലാളികള്‍ നിരവധി തവണ സെല്‍ഫിയെടുക്കുന്നതും കണ്ടു. പ്രധാനമന്ത്രിയെന്നും തൊഴിലാളികള്‍ എന്നും ഭേദമില്ലാതെ ഇന്ത്യക്കാരെല്ലാം ഒന്നായി മാറുന്ന കാഴ്ചയായിരുന്നു അത്. ഇത്തരം നീക്കങ്ങളിലൂടെയാണ് മോദി ആളുകളെ കയ്യിലെടുക്കുന്നത്.
തൊഴിലാളികള്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് ഐക്കാഡ് അധികൃതര്‍ക്ക് നന്ദിപറയാനും പ്രധനമന്ത്രി മറന്നില്ല. ഇന്നലെ രാത്രി ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അത്താഴ വിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുത്തു.

Latest