Connect with us

Gulf

'പ്രധാനമന്ത്രിക്ക് ലഭിച്ചത് അത്യപൂര്‍വമായ സ്വീകരണം'

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ
ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍
അബൂദബി വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നു

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അബുദാബി വിമാനത്താവളത്തില്‍ അത്യപൂര്‍വമായ സ്വീകരണമാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കൂടെ അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്‍മാരും കൂടി പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇത് ഒരു അപൂര്‍വതയാണ്. വിമാനത്താവളത്തില്‍വെച്ച് തന്നെ ചില കാര്യങ്ങള്‍ പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചര്‍ച്ച നടത്തി.
വാണിജ്യം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇന്ന് മസ്ദര്‍ സിറ്റിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം വീണ്ടും ശൈഖ് മുഹമ്മദുമായി വിശദമായ ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യയും യു എ ഇയും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളത്. എന്നാല്‍ 34 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇയില്‍ എത്തുന്നത്. യു എ ഇയിലെ 26 ലക്ഷം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് ആവേശം നല്‍കുന്ന കാര്യമാണ്.
മേഖലയുടെ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച നടക്കും. പ്രധാനമന്ത്രിയുടെ സംഘത്തില്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവന്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തുടങ്ങിയവരുണ്ട്. യു എ ഇയിലെ വിവിധ മന്ത്രാലയങ്ങളുമായി ഇവര്‍ ചര്‍ച്ച നടത്തും, വികാസ് സ്വരൂപ് അറിയിച്ചു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തതില്‍ പ്രതിഷേധിക്കാന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. ഡല്‍ഹിയില്‍ വെച്ച് ഹൈക്കമ്മീഷണറോട് പ്രതിഷേധം അറിയിച്ചു. കുറേ കാലമായി തുടര്‍ച്ചയായി പാക്കിസ്ഥാന്‍ പട്ടാളം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഹൈക്കമ്മീഷണറോട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്, വികാസ് സ്വരൂപ് പറഞ്ഞു.