Connect with us

Kerala

മാണിക്കെതിരെ തെളിവുണ്ടെന്ന് വസ്തുതാവിവര റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് വിജിലന്‍സിന്റെ വസ്തുതാവിവര റിപ്പോര്‍ട്ട്. അഴിമതിനിരോധ നിയമപ്രകാരം മാണിയെ പ്രോസിക്യുട്ട് ചെയ്യണമെന്നും എസ് പി സുകേശന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് തന്നെ കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് സമര്‍പ്പിച്ച വസ്തുതാവിവര റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇന്നലെ പുറത്തു വന്നത്. നിയമോപദേശത്തിനായി ഈ റിപ്പോര്‍ട്ട് സുകേശന്‍ നേരത്തെ തന്നെ കൈമാറിയിരുന്നു. തുടര്‍ന്ന് എ ഡി ജി പിയും വിജിലന്‍സ് ഡയറക്ടറും പരിശോധിച്ചതിനു ശേഷമാണ് മാണിക്കെതിരെ തെളിവില്ലെന്നും കേസെടുക്കേണ്ടതില്ലെന്നുമുള്ള നിലപാടിലെത്തിയത്.
പണം വാങ്ങിയെന്ന കാര്യം കെ എം മാണി നിഷേധിച്ചെങ്കിലും ഇത് സത്യമാണെന്ന് ബാറുടമകള്‍ സ്ഥിരീകരിച്ചതായി 268 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്. പാലായിലെ വീട്ടില്‍ വെച്ചും ഔദ്യോഗിക വസതിയില്‍ വെച്ചുമാണ് കോഴ വാങ്ങിയത്. രണ്ട് തവണയായി പാലായില്‍ വെച്ച് 15 ലക്ഷവും തിരുവനന്തപുരത്ത് വെച്ച് പത്ത് ലക്ഷവും വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 2014 മാര്‍ച്ച് 26ലെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം മന്ത്രി മാണി ഇടപെട്ട് മനഃപൂര്‍വം വൈകിപ്പിച്ചു. ഇതു ബാറുടമകള്‍ക്കു വേണ്ടി അനുകൂല തീരുമാനമെടുക്കാനാണെന്ന് കരുതാം. കോഴ വാങ്ങിയിട്ടില്ലെന്നാണ് 2015 മെയ് എട്ടിന് നടന്ന ചോദ്യം ചെയ്യലില്‍ മാണി പറഞ്ഞതെങ്കിലും മൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും മാണിക്കെതിരാണ്. മന്ത്രിസഭാ യോഗങ്ങള്‍ക്ക് മുമ്പായി മാണിയുമായി ബാറുടമകള്‍ മൂന്ന് കൂടിക്കാഴ്ചകള്‍ നടത്തി. ഇതിനുമുമ്പ് ബാറുടമകള്‍ പണപ്പിരിവ് നടത്തി. മാണി പാലായിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം 15 ലക്ഷം പിരിച്ചു.
ഈ തുക ബാറുടമകള്‍ കൈവശം വെച്ചതിനെ സംബന്ധിച്ച മൊഴികളില്‍ വൈരുധ്യമുണ്ട്. ബാറുടമകളെ കണ്ട കാര്യം മാണി നിഷേധിച്ചെങ്കിലും ബാറുടമകള്‍ ഇത് സമ്മതിച്ചിട്ടുണ്ട്. മാണിക്ക് പണം കൈമാറിയില്ലെന്ന മൊഴി സംശയാസ്പദമാണ്. തുക അസോസിയേഷന്റെ ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുമില്ല. ഔദ്യോഗിക വസതിയില്‍ വെച്ച് മാണി പണം വാങ്ങിയെന്ന കേസിലെ ഏകദൃക്‌സാക്ഷിയും ബാറുടമ ബിജു രമേശിന്റെ ഡ്രൈവറുമായ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്ന സാഹചര്യത്തെളിവുകളുണ്ട്.
മാണിക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് മേധാവി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പിന്നീട് വസ്തുതാ റിപ്പോര്‍ട്ട് സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള വിജിലന്‍സിന്റെ ആദ്യ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമാണ് വസ്തുതാവിവര റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇനിയുള്ള കോടതിയുടെ ഇടപെടലുകള്‍ നിര്‍ണായകമാകും.